പ്രിയേഷ്, സതീഷ്, വിജയകൃഷ്ണ ജോഷി, മുഹമ്മദ് ഷാഹിൻ, ഹരിദേവ്
കിളിമാനൂര്‍: മുപ്പത് ലക്ഷത്തോളം വിലവരുന്ന ലഹരിമരുന്നുകളുമായി അഞ്ചംഗ ഗുണ്ടാസംഘം അറസ്റ്റില്‍. എം.ഡി.എം.എ., കഞ്ചാവ്, ഹാഷിഷ് ഓയില്‍ എന്നിവയുമായാണ് സംഘത്തെ വ്യാഴാഴ്ച പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വര്‍ക്കല വടശ്ശേരിക്കോണം എസ്.എസ്.നിവാസില്‍ സിമ്പിള്‍ എന്ന സതീഷ് സാവന്‍(39), നാവായിക്കുളം വെട്ടിയറ പൈവേലിക്കോണം അശ്വതിയില്‍ ഹരിദേവ്(25), കല്ലമ്പലം ഊന്നന്‍പാറ ലക്ഷം വീട്ടില്‍ വിജയകൃഷ്ണ ജോഷി(28), മരുതിക്കുന്ന്, ഡീസന്റ്മുക്ക് ഷാന്‍ മന്‍സിലില്‍ മുഹമ്മദ് ഷാഹിന്‍(30), വടശ്ശേരിക്കോണം ഞെക്കാട് ബൈജു നിവാസില്‍ പ്രിയേഷ്(19) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍നിന്നു ലഹരിവസ്തുക്കള്‍ തൂക്കിവില്ക്കാനുള്ള ഡിജിറ്റല്‍ ത്രാസ്, പോളിത്തീന്‍ പാക്കറ്റുകള്‍, 30,000 രൂപ, ലഹരിവസ്തുക്കള്‍ കടത്താനുപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികള്‍ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് പറഞ്ഞു. ഗുണ്ടാനിയമപ്രകാരം നടപടി നേരിടുന്നയാളാണ് അറസ്റ്റിലായ സിമ്പിള്‍ എന്ന സതീഷ് സാവന്‍.കൊലപാതകമുള്‍പ്പെടെ 25-ല്‍പ്പരം കേസുകളിലെ പ്രതിയാണ്.
ഹരിദേവ് നെയ്യാര്‍ഡാം, പൂവാര്‍, കല്ലമ്പലം, വര്‍ക്കല സ്റ്റേഷനുകളില്‍ കഞ്ചാവ്, അടിപിടിക്കേസുകളില്‍ പ്രതിയാണ്. ഷാനും വിജയകൃഷ്ണനും മോഷണം, വധശ്രമം എന്നിവയില്‍ വര്‍ക്കല, കല്ലമ്പലം സ്റ്റേഷനുകളില്‍ പ്രതികളാണ്.
ഹരിദേവ്, സതീഷ് എന്നിവര്‍ കഴിഞ്ഞ ദിവസം കല്ലമ്പലം സ്റ്റേഷന് പരിധിയില്‍ നടന്ന വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. നിശാന്തിനിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന കര്‍ശനമാക്കിയത്.
റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി.ഗോപിനാഥിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. റാസിത്ത് വി.ടി.യുടെയും വര്‍ക്കല ഡിവൈ.എസ്.പി. നിയാസിന്റെയും മേല്‍നോട്ടത്തില്‍ നടന്ന പരിശോധനയിലാണ് പ്രതികളെ കുടുക്കാനായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
മയക്കുമരുന്നുകളുമായി യുവാക്കള്‍ അറസ്റ്റില്‍
തിരുവല്ലം: ബൈപ്പാസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍നിന്ന് രണ്ട് യുവാക്കളെ എം.ഡി.എം.എ.യുമായി പിടികൂടി. ബീമാപള്ളി സ്വദേശികളായ പുതുവല്‍ പുത്തന്‍ പുരയിടം വീട്ടില്‍ അബ്ദുള്‍ റഹ്മാന്(26), വലിയവിളാകം പുരയിടം വീട്ടില്‍ സഹീര്ഖാന്(21) എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ കാറും ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം കോവളം ബൈപ്പാസ് റൂട്ടിലെ സര്‍വീസ് റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ബൈക്കുകളിലും കാറുകളിലുമെത്തി യുവാക്കളുടെ സംഘം മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ അറസ്റ്റിലായത്. തിരുവല്ലം ഇന്‍സ്പെക്ടര്‍ സുരേഷ് വി.നായറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
വാടകവീട്ടില്‍നിന്ന് മാന്‍കൊമ്പും കഞ്ചാവും പിടികൂടി
കോവളം: വാടകവീട്ടില്‍ സൂക്ഷിച്ച മാന്‍കൊമ്പും കഞ്ചാവുമായി ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. കോവളം തൊഴിച്ചല്‍ ആവാടുതുറ മായക്കുന്ന് സ്വദേശി വിജി വിക്രമനെ(38)യാണ് നെയ്യാറ്റിന്‍കര റെയ്ഞ്ച് എക്സൈസ് വിഭാഗം അറസ്റ്റുചെയ്തത്.
ആവാടുതുറ മായക്കുന്നിലെ വാടകവീട്ടില്‍നിന്നാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ മാന്‍കൊമ്പും 100 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. വീട്ടിനുള്ളിലെ അലമാരയിലായിരുന്നു മുക്കാല്‍ മീറ്ററോളം നീളമുള്ള മാന്‍കൊമ്പ് കണ്ടെത്തിയത്.
എക്സൈസ് അധികൃതര്‍ മാന്‍കൊമ്പ് കസ്റ്റഡിയിലെടുത്തു. കോവളത്തുനിന്ന് ഓട്ടോറിക്ഷയില്‍ വിതുരഭാഗത്ത് സവാരിപോയപ്പോള് തനിക്ക് കിട്ടിയതെന്നാണ് ഇയാള്‍ എക്സൈസ് ഉദ്യോഗസ്ഥരോടു പറഞ്ഞിരിക്കുന്നത്.
കോവളം ഭാഗത്ത് സ്കൂള്‍ കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തുവെന്ന വിവരത്തെത്തുടര്‍ന്ന് എക്സൈസ് വിഭാഗം കഴിഞ്ഞ ഒന്നരയാഴ്ചയായി കോവളം, ആഴാകുളം തൊഴിച്ചല്‍, മായക്കുന്ന് എന്നിവിടങ്ങളില്‍ രഹസ്യാന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം അറസ്റ്റുചെയ്ത വിജി വിക്രമനുള്പ്പെട്ട സംഘമാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്നാണ് എക്സൈസ് സംഘം ഇയാളുടെ വാടക വീട് കണ്ടെത്തിയശേഷം വീട്ടിനുള്ളില്‍ കയറി ഇയാളെ പിടികൂടിയത്. ആദ്യ പരിശോധനയില്‍ 50 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.
തുടര്‍ന്ന് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അലമാരയ്ക്കുള്ളില്‍ കൂടുതല്‍ കഞ്ചാവുള്ളതായി വെളിപ്പെടുത്തിയത്.
എക്സൈസിന്റെ നെയ്യാറ്റിന്‍കര റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എല്‍.ആര്.അജേഷ്, അസി. ഇന്‍സ്പെക്ടര്‍ സജിത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സനല്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രസന്നന്, അനീഷ്, അഖില്‍, ഹരികൃഷ്ണന്, നുജു, സുരേഷ്, വനിതാ ഓഫീസര്‍ വിഷ്ണുശ്രീ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..