രജനി മാധവൻ, ബയാസ്
ഇലവുംതിട്ട: ഉറങ്ങിക്കിടന്ന വയോധികയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഹോംനഴ്സും ആൺസുഹൃത്തും പോലീസ് പിടിയിൽ.
ചെന്നീർക്കര ചീക്കനാൽ തൈക്കൂട്ടത്ത് വീട്ടിൽ പൊന്നമ്മ(78) യുടെ സ്വർണമാലയും വളയും കവർന്നതിനാണ് പത്തനംതിട്ട ജില്ലയിലെ കൊല്ലമുള നാറാണംതോട് കൊച്ചുപറമ്പിൽ രജനി മാധവൻ (24), തിരുവനന്തപുരം നെയ്യാറ്റിൻകര അമ്പൂരി കുന്നേൽ വീട്ടിൽ ബയാസ് (20) എന്നിവരെയാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത് ഇപ്രകാരം: പൊന്നമ്മയുടെ വീട്ടിൽ ഹോംനഴ്സായി ജോലി ചെയ്തിരുന്ന രജനി സംഭവദിവസം രാത്രിയിൽ സുഹൃത്തായ ബയാസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഉറങ്ങിക്കിടന്ന പൊന്നമ്മയുടെ സ്വർണാഭരണങ്ങൾ രജനി മോഷ്ടിച്ച് ബയാസിന് കൈമാറി.
പത്തനംതിട്ടയിലെ ഒരു സ്വകാര്യ ബാങ്കിൽ സ്വർണം പണയപ്പെടുത്തി പണം വാങ്ങി. ഈ പണം ഉപയോഗിച്ച് ബയാസ് ആഡംബരജീവിതം നയിച്ചുവരുകയായിരുന്നു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പോലീസ് രജനിയെ ചോദ്യം ചെയ്തെങ്കിലും ഇവർ ആദ്യം കുറ്റം നിഷേധിച്ചു.
തുടർന്ന് രജനിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇരുവരും പിടിയിലായത്.
ഇലവുംതിട്ട എസ്.എച്ച്.ഒ. എം.ആർ.സുരേഷ്, എസ്.ഐ. അശോക് കുമാർ, സി.പി.ഒ.മാരായ സന്തോഷ് കുമാർ, രമ്യത്ത്, അജിത്ത്, വനിതാ സി.പി.ഒ. രശ്മി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Content Highlights:gold theft home nurse and her boyfriend arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..