നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടിയ സ്വർണവും വിദേശകറൻസിയും
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് ദിവസങ്ങളിലായി പിടിച്ചത് മൊത്തം 7.6 കിലോ സ്വര്‍ണം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ്, കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് എന്നീ ഏജന്‍സികള്‍ ചേര്‍ന്നാണ് 3.7 കോടി രൂപയുടെ സ്വര്‍ണം പിടിച്ചത്. സമീപകാലത്ത് വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം ആറുപേര്‍ പിടിയിലായി.
ഇന്‍ഡിഗോ വിമാനത്തില്‍ ചെന്നൈയില്‍നിന്ന് കൊച്ചിയിലെത്തിയ തമിഴ്നാട് സ്വദേശികളായ നാല് പേരില്‍ നിന്നാണ് ഡി.ആര്.ഐ. സ്വര്‍ണം പിടിച്ചത്. വി. രമേഷ്, സുരേഷ് ബാബു, ഷെയ്ഖ് മുഹമ്മദ്, ബാലന് ഉമാശങ്കര്‍ എന്നിവരില്‍നിന്നാണ് മൊത്തം 3.312 കിലോ സ്വര്‍ണം ഡി.ആര്.ഐ. പിടിച്ചത്. ദുബായിയില്‍നിന്ന് കൊച്ചിയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ശൗചാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 573 ഗ്രാം സ്വര്‍ണവും ഡി.ആര്.ഐ. കണ്ടെത്തി. മുമ്പും ഇത്തരത്തിലുള്ള കടത്ത് പിടിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ ജോലി നോക്കുന്ന ഏതെങ്കിലും ജീവനക്കാരന് ഈ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടാകുമെന്നാണ് ഡി.ആര്.ഐ.യുടെ നിഗമനം.
ചെന്നൈയില്‍നിന്ന് സ്വര്‍ണം കടത്തിക്കൊണ്ടുവന്നവരും പുതിയ 'ഓപ്പറേഷന്' ആണ് പരീക്ഷിച്ചിരിക്കുന്നത്.ദുബായിയില്‍നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തില്‍ സ്വര്‍ണം കടത്തിക്കൊണ്ടുവരും. സ്വര്‍ണം വിമാനത്തില്‍ ഒളിപ്പിക്കും. ഈ വിമാനം ചെന്നൈയില്‍നിന്ന് തുടര്‍ന്ന് കൊച്ചിയിലേക്കാണ് വരുന്നത്. ഈ വിമാനത്തില്‍ കൊച്ചിയിലേക്ക് ആഭ്യന്തര യാത്രക്കാരായി കയറുന്ന കള്ളക്കടത്ത് സംഘം പ്രതിനിധികള്‍ വിമാനത്തില്‍നിന്ന് സ്വര്‍ണവുമെടുത്ത് പരിശോധന കൂടാതെ ഇവിടെ ഇറങ്ങും. രഹസ്യ വിവരം ലഭിച്ചതുകൊണ്ടുമാത്രമാണ് ഈ ഓപ്പറേഷന് ഡി.ആര്.ഐ.ക്ക് കണ്ടെത്താന്‍ കഴിഞ്ഞതും സ്വര്‍ണം പിടിക്കാനായതും.
എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായിയില്‍നിന്നെത്തിയ കാസര്‍കോട് സ്വദേശിനി സെറീനയില്നിന്നാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം 3250 ഗ്രാം സ്വര്‍ണം പിടിച്ചത്. ഇവര്‍ ധരിച്ചിരുന്ന വസ്ത്രത്തിനകത്ത് സ്വര്‍ണം ഉരുക്കി തേച്ചു പിടിപ്പിച്ചിരിക്കുകയായിരുന്നു. സംശയിക്കാതിരിക്കാന്‍ ഇതിനുമീതെ മറ്റൊരു വസ്ത്രവും ധരിച്ചാണ് ഇവര്‍ എത്തിയത്.ഒരു വര്‍ഷം മുന്‍പ് പാസ്പോര്‍ട്ട് സ്വന്തമാക്കിയ ഇവരുടെ രണ്ടാമത്തെ വിദേശ യാത്രയാണിത്.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദമാമില്‍ നിന്നെത്തിയ തൃശ്ശൂര്‍ കാട്ടൂര്‍ സ്വദേശി മുഹമ്മദ് ആഷിഖില്നിന്നാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് 464 ഗ്രാം സ്വര്‍ണം പിടിച്ചത്. ചെക്-ഇന്‍ ബാഗേജില്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. നാല് സ്വര്‍ണ ബിസ്കറ്റുകളാണ് ഉണ്ടായിരുന്നത്.
അരിപ്പൊതിയില് ഒളിപ്പിച്ച വിദേശ കറന്‍സിയും പിടികൂടി
നെടുമ്പാശ്ശേരി: അരിപ്പൊതിയില് ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 21.68 ലക്ഷം രൂപയുടെ വിദേശ കറന്‍സി കൊച്ചി വിമാനത്താവളത്തില്‍ പിടിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായിയിലേക്ക് പോകാനെത്തിയ വെഞ്ഞാറമ്മൂട് സ്വദേശി ശ്രീകുമാറില്‍നിന്നാണ് സിയാല്‍ സുരക്ഷാ വിഭാഗം കറന്‍സി പിടിച്ചത്. അരിയില്‍ ഒളിപ്പിച്ച് ചെക്-ഇന്‍ ബാഗേജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കറന്‍സി. മൊത്തം 1.03 ലക്ഷം സൗദി റിയാലാണ് പിടിച്ചെടുത്തത്. ബാഗേജ് എക്സ്റേ പരിശോധനയില്‍ സംശയം തോന്നി സിയാല്‍ സെക്യൂരിറ്റി വിശദമായി പരിശോധിച്ചപ്പോഴാണ് കറന്‍സി കണ്ടെത്തിയത്. തുടര്‍ന്ന് കറന്‍സി കസ്റ്റംസ് വിഭാഗത്തിന് കൈമാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..