ആഡംബര കാറില്‍ യുവനടനെ ഉപയോഗിച്ചും സ്വര്‍ണക്കടത്ത്; ഒത്തുതീര്‍പ്പിനായി വിമാനം കയറി നേതാക്കള്‍


കെ.പി.ഷൗക്കത്തലി

കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കരിപ്പൂര്‍ വിമാനത്താവളംവഴി സ്വര്‍ണം കടത്തിയതിന് ഡി.ആര്‍.ഐ.യുടെ പിടിയിലായ ആളാണ്. സ്വപ്നാസുരേഷ് പ്രതിയായ തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിനെ ചോദ്യംചെയ്തതോടെ സി.പി.എം. തള്ളിപ്പറഞ്ഞിരുന്നു.

പ്രതീകാത്മക ചിത്രം | Mathrubhumi & AFP

കോഴിക്കോട്: കൊടുവള്ളിയിലെ കുഴല്‍പ്പണ-സ്വര്‍ണക്കടത്ത് ഇടപാടുകാരായ രണ്ടു പ്രമുഖരും ഒരു കാസര്‍കോട് സ്വദേശിയും തമ്മിലുണ്ടായ സാമ്പത്തികത്തര്‍ക്കം പരിഹരിക്കാന്‍ രണ്ട് പ്രമുഖനേതാക്കളാണ് ദുബായിലേക്ക് വിമാനം കയറിയത്. സ്വര്‍ണക്കടത്ത് തുടര്‍ച്ചയായി പൊട്ടിയപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പണം വാങ്ങിക്കൊടുത്തതുമായി ബന്ധപ്പെട്ടതായിരുന്നു തര്‍ക്കം.

രണ്ടുഭാഗത്തുള്ളവരും ഈനേതാക്കളുടെ അടുപ്പക്കാരായതാണ് ഇടപെടലിനുകാരണം. കൊടുവള്ളിസംഘവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പണ്ടുമുതലേ മധ്യസ്ഥരുടെ റോളാണ് ഇവര്‍ക്കെന്നാണ് ആക്ഷേപം. തട്ടിക്കൊണ്ടുപോവല്‍ കേസുകള്‍വരെ ഇവരുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കാറുണ്ട്.

കൊടുവള്ളിയില്‍ ഒരുയുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ചില പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് നിയമനടപടിയുമായി മുന്നോട്ടുപോയെങ്കിലും അവരറിയാതെ കൊടുവള്ളിനഗരസഭയിലെ ഒരു മുതിര്‍ന്ന കൗണ്‍സിലര്‍ ബന്ധുക്കളെ വിളിച്ചുവരുത്തി കേസ് ഒത്തുതീര്‍പ്പാക്കി. ഇടപെട്ട ആളുകള്‍ അവസാനം ഒറ്റപ്പെടുകയുംചെയ്തു. ഓമശ്ശേരി മൊടൂരിലെ ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലും ഒരു ജനപ്രതിനിധി ഇടപെട്ടാണ് സ്വര്‍ണക്കടത്തുകാര്‍ക്ക് അനുകൂലമായരീതിയില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയത്.

കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കരിപ്പൂര്‍ വിമാനത്താവളംവഴി സ്വര്‍ണം കടത്തിയതിന് ഡി.ആര്‍.ഐ.യുടെ പിടിയിലായ ആളാണ്. സ്വപ്നാസുരേഷ് പ്രതിയായ തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിനെ ചോദ്യംചെയ്തതോടെ സി.പി.എം. തള്ളിപ്പറഞ്ഞിരുന്നു. സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കുകയുംചെയ്തു. പക്ഷേ, തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പില്‍ ഫൈസലിന് പകരമെന്നപേരില്‍ എല്‍.ഡി.എഫ്. നിര്‍ത്തിയ സ്ഥാനാര്‍ഥിക്ക് ഫലം വന്നപ്പോള്‍ ഒരുവോട്ടുപോലും കിട്ടിയില്ല. ഇതുപിന്നീട് വലിയ വിവാദമായിമാറി.

Also Read

കമ്പി കുത്തിക്കയറ്റി, ചോരയിൽ മുക്കി വീട്ടിൽ ...

ആയങ്കിയെ തീർക്കാൻ എത്തിയത് 60 പേർ; പോലീസ് ...

ഇപ്പോഴത്തെ ഒരു ജനപ്രതിനിധിയുടെയും മുന്‍ എം.എല്‍.എ.യുടെയും ഏറ്റവും അടുത്തയാളാണ് കാരാട്ട് ഫൈസല്‍ എന്നതും എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യമാണ്. കാരാട്ട് ഫൈസലും പ്രമുഖനായ ഒരു ജനപ്രതിനിധിയും ഒരുമിച്ചാണ് സ്വകാര്യ ആശുപത്രിയുടെ ഭരണസമിതിയില്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയബന്ധങ്ങള്‍ ഫൈസലിന് എപ്പോഴും തുണയായിട്ടുണ്ട്. തിരഞ്ഞെടുപ്പുപര്യടനത്തിന്റെ ഭാഗമായി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരിപാടിയില്‍ കാരാട്ട് ഫൈസലിന്റെ മിനികൂപ്പര്‍ ഉപയോഗിച്ചതും വിവാദമായിരുന്നു.

നഗരസഭയിലെ മറ്റൊരു ജനപ്രതിനിധിയുടെ മകന്‍ കള്ളപ്പണം കടത്തിയതുമായി ബന്ധപ്പെട്ട് ഇപ്പോഴും സൗദിയിലെ ജയിലില്‍ കഴിയുകയാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാരുമായി താമരശ്ശേരി, കൊടുവള്ളി മേഖലകളിലെ സ്വര്‍ണക്കടത്ത് ഇടപാടുകാര്‍ക്ക് ബന്ധമുണ്ട്. എന്താവശ്യങ്ങള്‍ക്കും പണം നല്‍കുന്നതുകൊണ്ട് രാഷ്ട്രീയനേതാക്കള്‍ ഇവരെ സമീപിക്കും. അതുപിന്നീട് പ്രതിസന്ധിഘട്ടങ്ങളില്‍ പ്രത്യുപകാരമായിമാറും.

പൊട്ടിക്കലുകാര്‍ക്കും രാഷ്ട്രീയസംരക്ഷണം

കണ്ണൂരില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കുറഞ്ഞതോടെ ആ സംഘങ്ങള്‍ എളുപ്പത്തില്‍ പണം കണ്ടെത്താനുള്ള മാര്‍ഗത്തിലേക്ക് നീങ്ങിയതോടെയാണ് മലബാറില്‍ കള്ളക്കടത്ത് സ്വര്‍ണംപൊട്ടിക്കല്‍ ഇത്രമാത്രം വര്‍ധിച്ചത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി എന്നിവരാണ് കണ്ണൂരും കോഴിക്കോടും കേന്ദ്രീകരിച്ചുനടക്കുന്ന പല സ്വര്‍ണംപൊട്ടിക്കലുകള്‍ക്കും പിന്നില്‍.

ഷാഫിയെയും ആകാശ് തില്ലങ്കേരിയെയുമൊക്കെ ഉപയോഗപ്പെടുത്തിയാണ് അര്‍ജുന്‍ ആയങ്കി പ്രവര്‍ത്തിക്കുന്നത്. കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്ത് വന്‍ സാമ്പത്തികവളര്‍ച്ചയാണ് അര്‍ജുന്‍ ആയങ്കിക്ക് ഉണ്ടായിരിക്കുന്നത്. കൊടി സുനിയും ഷാഫിയുമൊക്കെയാണ് പിന്നിലെങ്കില്‍ സ്വര്‍ണക്കടത്തുകാര്‍ അതിനുപിന്നാലെ പോവില്ല. രാഷ്ട്രീയസ്വാധീനമുള്ളതിനാല്‍ ഇവരിലേക്ക് അന്വേഷണവുമെത്തില്ല. ജയിലില്‍നിന്ന് കൊടി സുനി നടത്തിയ ഓപ്പറേഷനുകളെക്കുറിച്ചുള്ള അന്വേഷണം ഉന്നതസ്വാധീനത്തില്‍ ഒതുക്കപ്പെട്ടതാണ്.

തന്റെയാളാണ് സ്വര്‍ണമെടുത്തതെന്ന് വിളിച്ചുപറയാന്‍ കൊടി സുനിയും ആകാശ് തില്ലങ്കേരിയുമൊക്കെ ലക്ഷങ്ങള്‍ വാങ്ങുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. രാഷ്ട്രീയബന്ധമുള്ളതിനാലാണ് രാമനാട്ടുകര സ്വര്‍ണക്കടത്തുകേസില്‍ അര്‍ജുന്‍ ആയങ്കിയുടെ കാറ് കണ്ടെടുക്കുന്നതുപോലും പോലീസ് വൈകിപ്പിച്ചത്.

പ്രതിസ്ഥാനത്ത് കര്‍ണാടകപോലീസ്; അന്വേഷണം അവസാനിപ്പിച്ചു

അഞ്ചുവര്‍ഷംമുമ്പ് കൊടുവള്ളിയിലെ ഒരു യുവാവിനെ കുഴല്‍പ്പണം തട്ടിയെടുക്കാന്‍ സഹായിച്ചെന്ന സംശയത്തെതുടര്‍ന്ന് ഒരുസംഘം തട്ടിക്കൊണ്ടുപോയി കര്‍ണാടകയിലെ ശ്രീമംഗലം പോലീസ് സ്റ്റേഷനിലാണ് എത്തിച്ചത്. പക്ഷേ, മറ്റൊരാളാണ് കുഴല്‍പ്പണം പൊട്ടിച്ചതെന്ന് മനസ്സിലായതോടെ കര്‍ണാടകപോലീസ് വിട്ടയച്ചു. തുടര്‍ന്ന്, യുവാവ് കേരളത്തില്‍ തിരിച്ചെത്തി പോലീസില്‍ പരാതിനല്‍കി.

പോലീസ് അന്വേഷണം നടത്തിയപ്പോള്‍ കര്‍ണാടകയിലെ എസ്.പി.റാങ്കിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനെ സ്വാധീനിച്ചാണ് സംഭവംനടത്തിയതെന്ന് വിവരം ലഭിച്ചു. അതോടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാത്ത അവസ്ഥയിലായി. പരാതിക്കാരന്റെ മൊഴിയില്‍ ചില വൈരുധ്യങ്ങളുള്ളതുകൊണ്ട് ജില്ലാക്രൈംബ്രാഞ്ചിന് നടപടികള്‍ ശക്തമാക്കാനും കഴിഞ്ഞില്ല. ഇതോടെ അന്വേഷണം അവസാനിപ്പിക്കേണ്ടിവന്നു.

ആഡംബരക്കാറില്‍ നടനെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത്

സ്വര്‍ണക്കടത്തുകാര്‍ സിനിമാ-രാഷ്ട്രീയ ബന്ധങ്ങളെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. താമരശ്ശേരി കുടിക്കിലുമ്മാരത്തെ ഒരു സ്വര്‍ണ ഇടപാടുകാരന്‍ മലയാളത്തിലെ ഒരു യുവനടനെ വാഹനത്തിലിരുത്തി സ്വര്‍ണം കടത്തിയിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് നടന്‍ പുറപ്പെട്ട കുടുക്കിലുമ്മാരം സ്വദേശിയുടെ ആഡംബരക്കാറില്‍ സ്വര്‍ണവും പണവുമുണ്ടെന്ന് പോലീസിന് കൃത്യമായ വിവരം ലഭിച്ചിരുന്നു. വാഹനം പരിശോധിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ എത്തിയപ്പോേഴക്കും നടനെക്കണ്ട് പോലീസുകാര്‍ വിട്ടയച്ചു.

Content Highlights: gold smuggling gangs in kozhikode koduvally


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented