കമ്പി കുത്തിക്കയറ്റി, ചോരയില്‍ മുക്കി വീട്ടില്‍ തള്ളി; വിവാഹദിവസവും തട്ടിക്കൊണ്ടുപോകുമെന്ന ഭയം


കെ.പി. ഷൗക്കത്തലി

സ്വര്‍ണക്കടത്തുകാരുടെ ക്രൂരമായ പീഡനങ്ങള്‍ക്കിരയായി ജീവനൊടുക്കിയ കൊടുവള്ളി രാരോത്ത് ചാലിലെ ഇസ്മയിലിന്റെ മരണം പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ ആത്മഹത്യചെയ്‌തെന്ന രീതിയിലാണ് പോലീസ് മാറ്റിമറിച്ചത്.

പ്രതീകാത്മക ചിത്രം

എട്ടുവര്‍ഷംമുമ്പ് ഹവാലക്കടത്തുസംഘം ശരീരം തകര്‍ത്തതിന്റെ പ്രശ്‌നങ്ങള്‍ ഓമശ്ശേരി പൂത്തൂരിലെ അബ്ദുല്‍ അസീസിനെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. വാരിയെല്ലുകള്‍ പൊട്ടുകയും നട്ടെല്ലിന് ക്ഷതമേല്‍ക്കുകയും ചെയ്തതിനാല്‍ അധികനേരം ഇരിക്കാനോ യാത്രചെയ്യാനോ കഴിയില്ല. ദിവസവും വേദനസംഹാരി പുരട്ടിയില്ലെങ്കില്‍ കാലുവേദനകൊണ്ടുള്ള ദുരിതം വേറെയും.

കൊടുവള്ളിയിലെ പ്രമുഖ രാഷ്ട്രീയനേതാവിനുവേണ്ടി കുഴല്‍പ്പണം വിതരണംചെയ്തിരുന്ന അസീസിനെ ഈ രംഗം വിട്ട് ഒരുവര്‍ഷത്തിനുശേഷമാണ് പണം നഷ്ടപ്പെടാന്‍ കാരണക്കാരനായെന്നുപറഞ്ഞ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ആലപ്പുഴയിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനാണെന്നു പറഞ്ഞാണ് പോലീസ് ചമഞ്ഞെത്തിയ ക്വട്ടേഷന്‍സംഘം അസീസിനെ തട്ടിക്കൊണ്ടുപോയത്. പോലീസിന്റെ തിരിച്ചറിയല്‍ കാര്‍ഡും കൈവശമുണ്ടായിരുന്നു. കൈയാമംവെച്ചാണ് കൊണ്ടുപോയതും.

കൊടുവള്ളി നെല്ലാങ്കണ്ടിയിലെ പുഴയോരത്തേക്കാണ് അസീസിനെ കൊണ്ടുപോയത്. അവിടെ മരത്തില്‍ തലകീഴായി കെട്ടിയിട്ടായിരുന്നു മര്‍ദനം. കമ്പികൊണ്ടടിക്കുകയും പുഴയില്‍നിന്ന് മണല്‍ കലക്കിയ വെള്ളം കുടിപ്പിക്കുകയും ചെയ്തു. ഗുണ്ടാത്തലവനായ ആപ്പുവിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. വീടും സ്വത്തും എഴുതിക്കൊടുക്കണമെന്നായിരുന്നു ആവശ്യം. അതിന് തയ്യാറാവാതെവന്നതോടെ കൂടുതല്‍ മര്‍ദിച്ചു.

ഒടുവില്‍ അവശനായതോടെ തുണിയില്‍ക്കിടത്തി കാറിന്റെ ഡിക്കിയിലിട്ട് വെള്ളിമാടുകുന്നിലുള്ള ഒരു വീട്ടിലേക്ക് കൊണ്ടുപോയി. വാരിയെല്ലുകള്‍ തകര്‍ന്ന അവസ്ഥയിലായിരുന്നെങ്കിലും പിറ്റേദിവസം മഞ്ചേരിയിലെ ക്വട്ടേഷന്‍ സംഘാംഗം മുഹമ്മദലി ശിഹാബിന്റെ ഫ്‌ളാറ്റിലേക്കാണ് കൊണ്ടുപോയത്. രണ്ടുദിവസം കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായത്. അതുതന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോവുകയായിരുന്നു. 12 ദിവസം അവിടെ ഐ.സി.യു.വില്‍ കിടന്നു.

Also Read

ആയങ്കിയെ തീർക്കാൻ എത്തിയത് 60 പേർ; പോലീസ് ...

മർദിക്കാൻ സ്‌പെഷ്യലിസ്റ്റ്, 'പെരുച്ചാഴി ...

രണ്ടുമാസത്തെ ആശുപത്രിവാസത്തിനുശേഷം വര്‍ഷങ്ങള്‍ വീണ്ടുമെടുത്തു ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍. ഇതിനിടയില്‍ പലതരത്തിലുള്ള ഭീഷണികളുണ്ടായി. പ്രതികളെ കൃത്യമായി അറിയാമായിരുന്നിട്ടും പോലീസ് ഏറെ വൈകിയാണ് പിടികൂടിയത്. മര്‍ദനമേറ്റ് മരിക്കാറായിട്ടും പോലീസില്‍നിന്ന് നീതിക്കുവേണ്ടി കേഴേണ്ടിവന്നു അസീസിന്.

ചോരയില്‍മുക്കി കൊണ്ടുതള്ളി; പോലീസ് മൊഴിമുക്കി

സ്വര്‍ണക്കടത്തുകാരുടെ ക്രൂരമായ പീഡനങ്ങള്‍ക്കിരയായി ജീവനൊടുക്കിയ കൊടുവള്ളി രാരോത്ത് ചാലിലെ ഇസ്മയിലിന്റെ മരണം പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ ആത്മഹത്യചെയ്‌തെന്ന രീതിയിലാണ് പോലീസ് മാറ്റിമറിച്ചത്. ഇസ്മയിലിനെ മര്‍ദിച്ചവശനാക്കിയശേഷം കൊണ്ടുതള്ളിയ വാഹനത്തിന്റെ നമ്പറടക്കം ഭാര്യ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. പക്ഷേ, അത് രേഖയിലുണ്ടായില്ല.

ഒരു പാതിരാത്രിയില്‍ ചോരയൊലിപ്പിച്ച് നടക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് സ്വര്‍ണക്കടത്തുകാര്‍ ഇസ്മയിലിനെ വീട്ടില്‍ കൊണ്ടുതള്ളിയത്. കമ്പി കുത്തിക്കയറ്റിയതിനാല്‍ വായിലൂടെ രക്തംവരുന്നുണ്ടായിരുന്നു. തുള്ളി വെള്ളംപോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥ.

ആപ്പുവിന്റെ നേതൃത്വത്തില്‍ വാവാട്ടെ പുഴയോരത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ക്കൊണ്ടുപോയി തലകീഴായി കെട്ടിയിട്ടാണ് മര്‍ദിച്ചത്. മര്‍ദനത്തിനിടെ ഏഴു മുദ്രപ്പേപ്പറുകളില്‍ ഒപ്പിടിവിച്ചു. അടിയേല്‍ക്കാത്ത ഒരിഞ്ച് സ്ഥലംപോലും ശരീരത്തിലില്ലെന്നാണ് ഇസ്മയില്‍ ഭാര്യയോട് പറഞ്ഞത്. ചോരയൊലിപ്പിച്ച് വരുന്ന ഉപ്പയെക്കണ്ട് മക്കള്‍ ബന്ധുവിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും 'അവര്‍ വീടിനുചുറ്റുമുണ്ട്, ആശുപത്രിയില്‍ പോവണ്ട, നിങ്ങളെയും കൊല്ലു'മെന്നുപറഞ്ഞ് ഇസ്മയില്‍ തടഞ്ഞു. പിന്നീട് സ്വയം തീകൊളുത്തുകയായിരുന്നു. ദേഹമാകെ പൊള്ളലേറ്റ് നരകയാതന അനുഭവിച്ചാണ് ഇസ്മയില്‍ മരിച്ചത്.

കുഴല്‍പ്പണം നഷ്ടമായെന്നു പറഞ്ഞായിരുന്നു തട്ടിക്കൊണ്ടുപോവല്‍. ആദ്യം തട്ടിക്കൊണ്ടുപോയി ഗുണ്ടല്‍പേട്ടിലെ ഒരു കേന്ദ്രത്തില്‍വെച്ച് ചോദ്യംചെയ്തശേഷമാണ് വിട്ടയച്ചത്. രണ്ടാമത്തെ തട്ടിക്കൊണ്ടുപോവലിലാണ് ക്രൂരമായി മര്‍ദിച്ചത്. മര്‍ദിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം അതിനുപിന്നിലുള്ളവരിലേക്ക് പോയില്ല.

ഭയന്ന് നാടുവിട്ട് യുവാക്കള്‍

ക്വട്ടേഷന്‍സംഘത്തെ ഭയന്ന് ഒട്ടേറെ യുവാക്കളാണ് നാട്ടുവിട്ടത്. ഓമശ്ശേരിയിലെ ജനപ്രതിനിധിയായിരുന്ന മുസ്ലിംലീഗ് നേതാവിന്റെ മകന്‍ വര്‍ഷങ്ങളാണ് നാടുവിട്ട് മറ്റെവിടെയോ ഒളിവില്‍ക്കഴിഞ്ഞത്. വിവാഹത്തിന് നാട്ടിലെത്തിയെങ്കിലും തട്ടിക്കൊണ്ടുപോവുമോ എന്ന ഭീതിയുണ്ടായിരുന്നു. പിതാവ് രാഷ്ട്രീയനേതാവായിട്ടുപോലും സ്വര്‍ണക്കടത്തുകാരുടെ ഭീഷണിയെ മറികടക്കാന്‍ കഴിഞ്ഞില്ല. കൊടുവള്ളിക്കടുത്ത് പാലക്കുറ്റിയിലും മറ്റൊരു യുവാവിനും വര്‍ഷങ്ങളോളം നാടുവിട്ടു കഴിയേണ്ടിവന്നിട്ടുണ്ട്.

കര്‍ണാടക പോലീസിനെ ഉപയോഗിച്ചും കെണി

കര്‍ണാടക പോലീസിനെ സ്വാധീനിച്ച് കേസ് രജിസ്റ്റര്‍ചെയ്ത് കരിയര്‍മാരെ കുടുക്കുന്ന രീതിയും സ്വര്‍ണക്കടത്തുകാര്‍ ഉപയോഗിക്കാറുണ്ട്. ഇതുപക്ഷേ വലിയ കെണിയാവാറാണ് പതിവ്. കര്‍ണാടകയില്‍ കേസുണ്ടെന്നുപറഞ്ഞ് വിളിച്ചുവരുത്തും. അവിടെവെച്ച് മര്‍ദിച്ചശേഷം കരിയര്‍മാരെ കര്‍ണാടക പോലീസ് സംഘത്തിനു വിട്ടുകൊടുക്കും. പണം നല്‍കി സ്വാധീനിച്ചാണ് ഇങ്ങനെ ചെയ്യുന്നത്.ഓമശ്ശേരിയിലെ അബ്ദുല്‍ അസീസിനെതിരേ കര്‍ണാടകയില്‍ രണ്ടിടത്താണ് സംഘം പരാതികൊടുത്തത്. ചികിത്സയില്‍ കഴിയുമ്പോള്‍ കര്‍ണാടക പോലീസെന്നു പറഞ്ഞ് രണ്ടുപേര്‍ വീട്ടിലെത്തുകയും ചെയ്തിരുന്നു. ഓമശ്ശേരിയിലെ ലീഗ് നേതാവിന്റെ മകനെ ആദ്യം തട്ടിക്കൊണ്ടുപോയത് കര്‍ണാടകയില്‍ കേസുണ്ടെന്ന് പറഞ്ഞാണ്.

Content Highlights: gold smuggling gang brutal attacks


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented