മര്‍ദിക്കാന്‍ സ്‌പെഷ്യലിസ്റ്റ്, 'പെരുച്ചാഴി ആപ്പു'; സ്വര്‍ണം മറിച്ചാല്‍ വീടും സ്ഥലവും കൈക്കലാക്കും


കെ.പി. ഷൗക്കത്തലി

കോഴിക്കോട് ജില്ലയിലെ സ്വര്‍ണക്കള്ളക്കടത്ത് സംഘങ്ങള്‍ നടത്തുന്ന അക്രമങ്ങളിലെ അവസാന ഇരയാണ് പന്തിരിക്കര സ്വദേശി ഇര്‍ഷാദ്. പുറംലോകം അറിഞ്ഞും അറിയാതെയും പോകുന്ന ഇത്തരം സംഭവങ്ങള്‍ വേറെയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ സ്വര്‍ണക്കടത്തിന്റെ കാണാപ്പുറങ്ങള്‍ അന്വേഷിക്കുകയാണ് മാതൃഭൂമി...

പ്രതീകാത്മക ചിത്രം | ANI & Mathrubhumi

കോഴിക്കോട്: നാലുകൊലപാതകങ്ങള്‍, ഇരുപതോളം തട്ടിക്കൊണ്ടുപോകലുകള്‍. 15 വര്‍ഷത്തിനിടെ സ്വര്‍ണക്കടത്തും കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ പുറംലോകമറിഞ്ഞ സംഭവങ്ങള്‍ മാത്രമാണിത്.

സ്വര്‍ണക്കടത്തുകാര്‍തന്നെ അന്വേഷണ സംഘവും ശിക്ഷവിധിക്കുന്ന കോടതിയുമൊക്കെയായി മാറിയ ഒട്ടേറെ സംഭവങ്ങള്‍ പരാതിപറയാനുള്ള ഭയംകൊണ്ട് പുറംലോകമറിയാതെ പോയിട്ടുണ്ട്. പന്തിരിക്കര സൂപ്പിക്കട സ്വദേശി ഇര്‍ഷാദിന്റെ മരണത്തില്‍ മാത്രമാണ് പ്രതികള്‍ അറസ്റ്റിലായത്. മറ്റുസംഭവങ്ങളിലൊക്കെ അന്വേഷണവും കേസുമൊക്കെ എവിടെയുമെത്താതെ പോയി.ഹവാല സംഘത്തിന്റെ ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ ജീവനൊടുക്കിയ കൊടുവള്ളി രാരോത്ത് ചാലില്‍ ഇസ്മായിലിന്റെ മരണത്തിനുപിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടുപോലും അന്വേഷണം മുന്നോട്ടുകൊണ്ടുപോവാന്‍ പോലീസ് താത്പര്യം കാണിച്ചില്ല. ബെംഗളൂരുവില്‍വെച്ച് കൊടുവള്ളി സ്വദേശി ഹക്കീമിനെ കുത്തിക്കൊന്നതിനുപിന്നില്‍ കൊടുവള്ളിയില്‍നിന്നുള്ള സംഘമാണെന്ന് സൂചന ലഭിച്ചിരുന്നു. പക്ഷേ, അവരിലേക്ക് അന്വേഷണമെത്താതെ കേസവസാനിച്ചു. കൊടുവള്ളി സ്വദേശി സഫ്വാനാണ് കൊല്ലപ്പെട്ട മറ്റൊരാള്‍.

കഴിഞ്ഞ ജൂലായില്‍ കൊയിലാണ്ടിയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി മുത്താമ്പി സ്വദേശി ഹനീഫയെയും ഊരള്ളൂര്‍ സ്വദേശി അഷറഫിനെയും തട്ടിക്കൊണ്ടുപോയ കേസുകളിലും ഒരാളെപ്പോലും അറസ്റ്റ് ചെയ്തില്ല. അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുള്ള സംഘമാണ് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. അഷറഫിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയിലുപേക്ഷിച്ച സംഭവത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നെങ്കിലും കേസ് എവിടെയുമെത്തിയില്ല.

ചോദ്യചെയ്യാനും മര്‍ദിക്കാനും 'സ്‌പെഷ്യലിസ്റ്റുകള്‍'

കൊടുത്തയക്കുന്നയാളെ വഞ്ചിച്ച് സ്വര്‍ണവുമായി മുങ്ങിയാലും മറ്റാരെങ്കിലും തട്ടിയെടുത്താലുമൊക്കെ അവരെ തട്ടിക്കൊണ്ടുപോവാനും ചോദ്യംചെയ്യാനും മര്‍ദിക്കാനുമൊക്കെ പ്രത്യേക ആളുകള്‍തന്നെ കൊടുവള്ളി സംഘത്തിനുകീഴിലുണ്ട്.

പെരുച്ചാഴി ആപ്പു എന്നറിയപ്പെടുന്ന കൊടുവള്ളി ആവിലോറ സ്വദേശി മുഹമ്മദാണ് അതിക്രൂരമായ മര്‍ദന മുറകളുടെ സ്‌പെഷ്യലിസ്റ്റ്. സ്വര്‍ണക്കടത്ത് സംരക്ഷണ സംഘത്തിന്റെ തലവനായാണ് ആപ്പു അറിയപ്പെടുന്നത്. ഇയാള്‍ രാമനാട്ടുകര സ്വര്‍ണക്കടത്ത് അടക്കം ഒട്ടേറെകേസുകളില്‍ പ്രതിയാണ്.

ആപ്പുവിന്റെ വീട്ടില്‍ സി.സി.ടി.വി. ക്യാമറകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോലീസ് അന്വേഷിച്ച് ചെല്ലുമ്പോള്‍ ഒളിസങ്കേതത്തിലിരുന്ന് നിരീക്ഷിക്കും. അന്വേഷിച്ച് വീട്ടിലെത്തുന്ന ഉദ്യോഗസ്ഥരുടെ വീട്ടുകാരെ തട്ടിക്കൊണ്ടുപോവുമെന്ന് പലതവണ ആപ്പു ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

എന്നിട്ടും വലിയ നടപടിയൊന്നും ഉണ്ടാവാറില്ല. മഞ്ചേരി സ്വദേശി മുഹമ്മദലി ശിഹാബാണ് സ്വര്‍ണക്കടത്തുകാര്‍ക്കിടയിലെ ചോദ്യം ചെയ്യല്‍ വിദഗ്ധന്‍. പീഡനകേന്ദ്രങ്ങളില്‍ 'സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാ'യാണ് ഇയാള്‍ അറിയപ്പെടുന്നത്. പോലീസ് ചമഞ്ഞെത്തി കരിയര്‍മാരെ തട്ടിക്കൊണ്ടുപോവലാണ് ശിഹാബിന്റെ രീതി. കൊടുവള്ളിയുടെ പരിസരപ്രദേശങ്ങളായ വാവാട്, നെല്ലാങ്കണ്ടി എന്നിവിടങ്ങളിലും ബെംഗളൂരുവിലും വയനാട്ടിലും ഇവര്‍ക്ക് പ്രത്യേക ചോദ്യംചെയ്യല്‍ കേന്ദ്രങ്ങളുണ്ട്.

ഉപയോഗിക്കുന്നത് സമാന്തരഫോണ്‍

സ്വര്‍ണക്കടത്തുകാരുടെ ക്വട്ടേഷന്‍ സംഘങ്ങള്‍ പോലീസ് പിടിക്കാതിരിക്കാന്‍ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചാണ് പലപ്പോഴും ഉപയോഗപ്പെടുത്തുന്നത്. ഇത് അന്വേഷണം വഴിമുട്ടാന്‍ കാരണമാവുന്നു. കൊയിലാണ്ടിലെ തട്ടിക്കൊണ്ടുപോവല്‍ കേസിലും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വഴിയാണ് ആശയവിനിമയം നടത്തിയത്.

സ്വര്‍ണം നഷ്ടമായാല്‍ പകരം വീടുംസ്ഥലവും

കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം നഷ്ടമായാല്‍ കരിയര്‍മാരുടെ വീടും സ്ഥലവുംവരെ ഇവര്‍ എഴുതിയെടുക്കും. കൊടുവള്ളി, താമരശ്ശേരി മേഖലകളില്‍ ഇത് പതിവാണ്. കൊടുവള്ളിയില്‍നിന്നുള്ള സംഘത്തിന്റെ കുഴല്‍പ്പണം നഷ്ടമായെന്ന് പറഞ്ഞ് കൊല്ലം കൊട്ടിയം സ്വദേശി ഷഹാലുദ്ദീന്റെ കുടുംബത്തെയടക്കം തട്ടിക്കൊണ്ടുവന്ന് കോഴിക്കോട് ബൈപ്പാസിനോടുചേര്‍ന്നുള്ള ഒരുകെട്ടിടത്തില്‍ ഒരാഴ്ചയോളം തടവില്‍പ്പാര്‍പ്പിച്ചു. വീടും പറമ്പും എഴുതിക്കൊടുത്ത ശേഷമാണ് വിട്ടയച്ചത്. ആപ്പു, നാസര്‍ തുടങ്ങിയ ക്വട്ടേഷന്‍ സംഘമായിരുന്നു ഇതിനുപിന്നില്‍.

Content Highlights: gold smuggling cases and crimes in kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented