സ്വപ്‌ന സുരേഷ് | Photo:ANI , PTI
ഒരുവര്‍ഷത്തിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷം സ്വപ്‌ന സുരേഷ് പുറത്തേക്ക്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിലെ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്‌ന സുരേഷ് ജയില്‍മോചിതയാകുന്നത്. എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ. കേസിലാണ് സ്വപ്‌നയ്ക്ക് ജാമ്യം ലഭിക്കാനുണ്ടായിരുന്നത്. 25 ലക്ഷം ബോണ്ടിന്മേല്‍ ചൊവ്വാഴ്ച ഈ കേസിലും ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ സ്വപ്‌നയുടെ ജയില്‍മോചനവും സാധ്യമാവുകയാണ്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെയാണ് സ്വപ്‌ന സുരേഷ് എന്ന യുവതിയിലേക്ക് അന്വേഷണം എത്തുന്നത്. യു.എ.ഇ. കോണ്‍സുലേറ്റില്‍ ജോലിചെയ്തിരുന്ന ചെറുപ്പക്കാരിക്കാണ് സ്വര്‍ണക്കടത്തില്‍ പങ്കുള്ളതെന്ന വിവരമറിഞ്ഞ് കേരളം ഞെട്ടി. പ്രമുഖര്‍ക്കൊപ്പമുള്ള സ്വപ്‌നയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വിവാദങ്ങളും കത്തിപ്പടര്‍ന്നു. സംസ്ഥാന സര്‍ക്കാരിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌നയ്ക്ക് നല്‍കിയ നിയമനവും ചര്‍ച്ചയായി.
യു.എ.ഇയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സ്വപ്‌നയുടെ ബിരുദം വ്യാജമാണെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. നേരത്തെ എയര്‍ ഇന്ത്യ സ്റ്റാറ്റ്‌സില്‍ ജോലിചെയ്യുന്നതിനിടെ നല്‍കിയ വ്യാജ പീഡന പരാതികളിലും അന്വേഷണമുണ്ടായി.
സ്വര്‍ണക്കടത്തില്‍ കസ്റ്റംസ്, എന്‍.ഐ.എ. ഇ.ഡി. തുടങ്ങിയ കേന്ദ്ര ഏജന്‍സികളാണ് സ്വപ്നയെ പ്രതിചേര്‍ത്ത് കേസെടുത്തിരുന്നത്. എന്‍.ഐ.എ. യു.എ.പി.എ. കുറ്റവും ചുമത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വര്‍ണക്കടത്ത് നടത്തിയെന്നായിരുന്നു സ്വപ്‌ന അടക്കമുള്ള പ്രതികള്‍ക്കെതിരെയുള്ള എന്‍.ഐ.എയുടെ ആരോപണം. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന സ്വര്‍ണക്കടത്ത് തീവ്രവാദ പ്രവര്‍ത്തനമായി കണക്കാക്കാമെന്നും എന്‍.ഐ.എ. വാദിച്ചിരുന്നു. എന്നാല്‍ യു.എ.പി.എ. കേസിലും സ്വപ്‌ന അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് എന്‍.ഐ.എയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
സ്വപ്‌നയ്ക്ക് പുറമേ, മുഹമ്മദ് ഷാഫി, റബിന്‍സ്, ജലാല്‍, റമീസ്, ഷറഫുദ്ദീന്‍, സരിത്, മുഹമ്മദലി തുടങ്ങിയവര്‍ക്കാണ് ചൊവ്വാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കരുതല്‍ തടങ്കല്‍ കഴിഞ്ഞതിനാല്‍ സ്വപ്‌നയ്ക്ക് മാത്രമേ നിലവില്‍ ജയില്‍മോചനം സാധ്യമാവുകയുള്ളൂ. ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി ഇതിന്റെ രേഖകള്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിച്ചാല്‍ സ്വപ്‌നയ്ക്ക് പുറത്തിറങ്ങാനാകും. എന്നാല്‍ കേസിലെ മറ്റുപ്രതികള്‍ കരുതല്‍ തടങ്കലിലായതിനാല്‍ ഇവരുടെ ജയില്‍മോചനം വൈകിയേക്കും.

മകളെ ഒരുപാട് മിസ് ചെയ്‌തെന്ന് പ്രഭ സുരേഷ്, സഹായിച്ചവര്‍ക്കും ആക്ഷേപിച്ചവര്‍ക്കും നന്ദി
സ്വര്‍ണക്കടത്ത് കേസില്‍ മകളുടെ നിരപരാധിത്വം തെളിയിക്കുമെന്നായിരുന്നു ജാമ്യം ലഭിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സ്വപ്‌നയുടെ അമ്മ പ്രഭ സുരേഷ് പ്രതികരിച്ചത്. മകളെ ഒരുപാട് മിസ് ചെയ്തിരുന്നു. സഹായിച്ചവര്‍ക്കും ആക്ഷേപിച്ചവര്‍ക്കും നിയമപീഠത്തിനും നന്ദിയുണ്ട്. മകള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഈ നിമിഷം വരെ വിശ്വസിക്കുന്നു. അസുഖങ്ങള്‍ കാരണം അവള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. എല്ലാ ആഴ്ചയും ജയിലില്‍ പോയി മകളെ കണ്ട് തിരിച്ചുവരുന്നത് ഹൃദയം തകര്‍ന്നനിലയിലാണ്. അവളെ ചതിച്ചതാണെന്ന് അവള്‍ എപ്പോഴും പറഞ്ഞിരുന്നു. ജയിലില്‍നിന്നിറങ്ങിയാല്‍ മകള്‍ മാധ്യമങ്ങളെ കാണും. കേസില്‍ നിരപരാധിത്വം തെളിയിക്കും. സത്യം ഒരുനാള്‍ പുറത്തുവരുമെന്നും പ്രഭ സുരേഷ് ഒരു ദൃശ്യമാധ്യമത്തോട് പ്രതികരിച്ചു.
സ്വപ്‌ന എന്തുപറയും, ഉറ്റുനോക്കി രാഷ്ട്രീയ കേരളം...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേരള രാഷ്ട്രീയത്തിലും വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും സ്പീക്കര്‍ക്കെതിരേയും ആരോപണങ്ങളുയര്‍ന്നു. മന്ത്രിയായിരുന്ന കെ.ടി. ജലീലിനെതിരേയും ആരോപണങ്ങളുണ്ടായി. ഒടുവില്‍ ഒരുവര്‍ഷത്തിന് ശേഷം സ്വപ്‌ന സുരേഷ് ജയിലില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ അവര്‍ക്ക് എന്താണ് പറയാനുള്ളതെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
സ്വര്‍ണക്കടത്തിന്റെ വഴി....
2020 ജൂലായ് അഞ്ച്, അന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി നടത്തിയ സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടിയത്. യു.എ.ഇ. കോണ്‍സുലേറ്റിന്റെ വിലാസത്തിലെത്തിയ ബാഗേജില്‍ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇത് വിശദമായി പരിശോധിക്കുകയായിരുന്നു. പ്രത്യേക അനുമതി വാങ്ങി നടത്തിയ പരിശോധനയിലാണ് ബാഗേജിനുള്ളില്‍ സ്വര്‍ണം കണ്ടെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ഈ വിവരം പുറത്തറിയുകയും ചെയ്തു.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പിന്നാലെ ആരാണ് ഇതിനുപിന്നിലെന്ന ചോദ്യങ്ങളുയര്‍ന്നു. കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന സരിത്ത്, സ്വപ്‌ന സുരേഷ് തുടങ്ങിയവരിലേക്കായി അന്വേഷണം. സംഭവത്തില്‍ കേസെടുത്തതോടെ സ്വപ്‌നയും സന്ദീപും അടക്കമുള്ളവര്‍ ഒളിവില്‍ പോയി.
ജൂലായ് 19-നാണ് സ്വപ്‌ന സുരേഷിനെ ബെംഗളൂരുവില്‍നിന്ന് എന്‍.ഐ.എ. സംഘം അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഒളിവില്‍ കഴിഞ്ഞ സ്വപ്നയെ ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്.
സ്വപ്‌നയക്കൊപ്പം സരിത്ത്, സന്ദീപ് നായര്‍ തുടങ്ങിയവരും പിടിയിലായി. ഇവരുടെ ഉദ്യോഗസ്ഥ-രാഷ്ട്രീയ ബന്ധങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ നീണ്ടു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പല അനുബന്ധ കേസുകളും പൊങ്ങിവന്നു. എന്‍.ഐ.എ, കസ്റ്റംസ്, ഇ.ഡി. സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജന്‍സികളാണ് വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഡോളര്‍ക്കടത്തിലും ലൈഫ് മിഷന്‍ വിവാദത്തിലും കേസുകളുണ്ടായി. സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണനും മന്ത്രിയായിരുന്ന കെ.ടി.ജലീലും ചോദ്യംചെയ്യലിന് വിധേയരായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വര്‍ണക്കടത്ത് പ്രധാന ചര്‍ച്ചാവിഷയവുമായി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 26 പ്രതിളാണുള്ളത്. അനുബന്ധ പ്രതികളായി 27 പേരുമുണ്ട്. എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ 35 പ്രതികളുണ്ട്. രണ്ടുപേര്‍ പിടികിട്ടാപ്പുള്ളികളാണ്. സന്ദീപ് നായരെ ഈ കേസില്‍ മാപ്പ് സാക്ഷിയാക്കുകയും ചെയ്തു.
മുഖ്യപ്രതികള്‍ പുറത്തുതന്നെ...
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ഒരുവര്‍ഷം പിന്നിട്ടിട്ടും ഫൈസല്‍ ഫരീദ് അടക്കമുള്ള മുഖ്യപ്രതികളെ അന്വേഷണ ഏജന്‍സികള്‍ക്ക് പിടികൂടാനായിട്ടില്ല. ദുബായില്‍നിന്ന് സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്‍.ഐ.എയ്ക്ക് പുറമേ കസ്റ്റംസും ഇ.ഡി.യും രജിസ്റ്റര്‍ ചെയ്ത കേസിലും ഫൈസല്‍ പ്രതിയാണ്. വിദേശകാര്യ മന്ത്രാലയം ഫൈസലിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫൈസല്‍ എവിടെയാണെന്ന ചോദ്യം മാത്രം ബാക്കിനില്‍ക്കുന്നു.

ഫൈസല്‍ ഫരീദിനെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തതായി നേരത്തെ വിവരങ്ങളുണ്ടായിരുന്നു. കോടതിയിലും നേരത്തെ ഈ വിവരങ്ങളായിരുന്നു ഏജന്‍സികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഫൈസല്‍ ഫരീദ് ഒളിവിലാണെന്നാണ് പറയുന്നത്.
യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് വിദേശത്തുള്ള മറ്റൊരാള്‍. ഇയാള്‍ക്കെതിരെയും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാള്‍ ഈജിപ്തിലാണെന്നാണ് വിവരം. എന്നാല്‍ ഒരുവര്‍ഷം പിന്നിട്ടിട്ടും ഫൈസലിനെയും ഖാലിദിനെയും ഇന്ത്യയിലെത്തിക്കാന്‍ നടപടികളുണ്ടായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..