ഫൈസൽ ഫരീദ് | Screengrab: Mathrubhumi News
കൊച്ചി: സ്വർണക്കടത്തിൽ അന്വേഷണം ആറാം മാസത്തിലേക്ക് കടന്നിട്ടും പ്രധാന പ്രതികളിലൊരാളായ ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാനായില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ച സ്വർണം അയച്ചത് ഫൈസലിന്റെ പേരിലാണ്.
കസ്റ്റംസ്-എൻ.ഐ.എ. കേസുകളിൽ ആദ്യ പ്രതികളിലൊരാളാണ് ഈ തൃശ്ശൂർ കയ്പമംഗലം സ്വദേശി. ഇന്റർപോൾ മുഖാന്തരം ദുബായിൽനിന്ന് ഇന്ത്യയിലെത്തിക്കാൻ അഞ്ചുമാസമായി കേന്ദ്രസർക്കാർ ശ്രമിച്ചിട്ടും ഫലമുണ്ടായിട്ടില്ല. ഫൈസലിനൊപ്പം ആവശ്യപ്പെട്ട പ്രതിയായ റബിൻസ് ഹമീദിനെ നാട്ടിലെത്തിച്ചിട്ടും ഫൈസലിന്റെ അറസ്റ്റ് വൈകുന്നതിൽ ദുരൂഹതയുണ്ട്. കോടതിയിൽ സ്വർണക്കടത്ത് കേസ് ദുർബലമാകാതിരിക്കാൻ അറസ്റ്റ് അനിവാര്യമാണ്.
സ്വർണക്കടത്ത് അന്വേഷണം പലവഴി തിരിഞ്ഞെങ്കിലും ഫൈസൽ ഫരീദിന്റെ കാര്യത്തിൽ അന്വേഷണ ഏജൻസികൾക്കിപ്പോഴും മൗനമാണ്. ജൂലായ് ആറിന് കസ്റ്റംസും 10-ന് എൻ.ഐ.എയും രജിസ്റ്റർ ചെയ്ത കേസുകളിൽ ഫൈസൽ പ്രതിയാണ്. പേര് പുറത്തുവന്നപ്പോൾ ദുബായിൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ആരോപണം നിഷേധിച്ച ഫൈസൽ പിന്നീട് ഒളിവിൽ പോവുകയായിരുന്നു.
അന്വേഷണം തുടങ്ങിയ ഉടൻതന്നെ കൊച്ചി എൻ.ഐ.എ. കോടതി ഫൈസലിനെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കസ്റ്റംസിന്റെ അപേക്ഷ പ്രകാരം പാസ്പോർട്ട് കേന്ദ്രസർക്കാർ റദ്ദാക്കുകയും എൻ.ഐ.എ.യുടെ ആവശ്യപ്രകാരം ലുക്കൗട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു. ഇതിനുപിന്നാലെ കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിക്കാനും കണ്ടെത്താനുമുള്ള നടപടിയുടെ ഭാഗമായി എൻ.ഐ.എ., ഇന്റർപോളിനോട് ബ്ലൂകോർണർ നോട്ടീസ് ഇറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒടുവിൽ ജൂലായ് 19-ന് ദുബായ്പോലീസ് ഫൈസൽ ഫരീദിനെ കസ്റ്റഡിയിൽ എടുത്തു.
ഫൈസലിനെ വിട്ടുകൊടുക്കുന്ന കാര്യത്തിൽ ഇന്റർപോൾ ഇന്ത്യയിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടിയിരുന്നു. പക്ഷേ, അതിന് ശേഷം ഒന്നും നടന്നിട്ടില്ല.
എല്ലാം ഫൈസലിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടന്നു
സ്വർണക്കടത്ത് പ്രതികൾ പിടിക്കപ്പെടുമെന്നായപ്പോൾ എല്ലാ കുറ്റവും ഫൈസൽ ഫരീദിന്റെമേൽ ചാർത്തിക്കൊടുക്കാൻ ശ്രമം നടന്നു. മുഖ്യപ്രതികളിലൊരാളായ കെ.ടി. റെമീസാണ് സരിത്തിനോട് ഫൈസലിന്റെ നിർദേശപ്രകാരമാണ് എല്ലാം ചെയ്തതെന്ന് കസ്റ്റംസിനോട് പറയാൻ ആവശ്യപ്പെട്ടത്. 21 തവണ നയതന്ത്രബാഗേജിന്റെ മറവിൽ സ്വർണം കടത്തിയതിൽ, അവസാന രണ്ടുതവണയാണ് ഫൈസലിന്റെ പേരിൽ സ്വർണം അയച്ചത്.
Content Highlights:gold smuggling case faisal fareed still in dubai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..