ജിതേന്ദർസിങ്
കോഴിക്കോട്: സ്വര്‍ണാഭരണ മൊത്തവ്യാപാരിയുടെ താമസസ്ഥലത്തെ ജീവനക്കാരനായ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രണ്ടുകോടി രൂപയുടെ ആഭരണങ്ങളുമായി രണ്ടുപേര്‍ കടന്നു. രാജസ്ഥാന്‍ പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്‍സിങ് എന്ന ജിത്തുസിങ്ങി(27)നാണ് പരിക്കേറ്റത്. യുവാവിന്റെ വയറ്റിലാണ് കുത്തേറ്റത്. ഇയാള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു ആക്രമണവും കവര്‍ച്ചയും. ഹെല്‍മെറ്റും മാസ്‌കും ധരിച്ചുവന്ന ഒരാളാണ് ചാലപ്പുറം പുഷ്പ ജങ്ഷനില്‍ ഹൈലൈറ്റ് എമിനന്റ് അപ്പാര്‍ട്ട്മെന്റ് ഫ്‌ളാറ്റിലെത്തി നാലുകിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. സ്വര്‍ണ മൊത്ത വ്യാപാരി ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശി ജിത്തുരാജുവിന്റെയും ഫ്‌ളാറ്റ് ഉടമയായ അമിത്ത്കുമാറിന്റെയും അദ്ദേഹത്തിന്റെ സഹോദരനായ രാജ്കുമാര്‍ ജെയിനിന്റെയും പങ്കാളിത്തത്തില്‍ നടത്തിവരുന്ന സ്വര്‍ണവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനാണ് കുത്തേറ്റത്.
രാത്രി ജിത്തുസിങ്ങിനൊപ്പമുണ്ടായിരുന്ന താമസക്കാരനും ഒരേ സ്ഥാപനത്തിലെ ജീവനക്കാരനുമായ ജിതേന്ദ്രസിങ് 8.30-ന് ഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോഴാണ് ആക്രമണം. ജീവനക്കാര്‍ നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ വിവിധ ജ്വല്ലറികളില്‍ ഇവര്‍ തന്നെ എത്തിക്കുകയാണ് പതിവ്. കോഴിക്കോട് കേന്ദ്രീകരിച്ച് 15 വര്‍ഷമായി ആഭരണ വില്‍പ്പന നടത്തുന്ന സ്ഥാപനമാണിത്.
ഏട്ടുവര്‍ഷമായി ഇതേ സ്ഥാപനത്തില്‍ ജീവനക്കാരനും കഴിഞ്ഞ വര്‍ഷം ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്ത ആളെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയുമാണ് സംശയിക്കുന്നത്. ഫ്‌ളാറ്റിനുള്ളിലേക്ക് ഒരാള്‍ മാത്രമാണ് കയറിയത്. മോട്ടോര്‍ സൈക്കിളില്‍ കടന്നുകളഞ്ഞെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, സി.സി.ടി.വി., മൊബൈല്‍ ഫോണുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എ.വി. ജോണ്‍, കസബ ഇന്‍സ്‌പെക്ടര്‍ യു.കെ. ഷാജഹാന്‍, എസ്.ഐ. ബി.എസ്. ബാബിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..