ആഗ്ര: കമലാനഗറിലെ സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തില്‍നിന്ന് പട്ടാപ്പകല്‍ 19 കിലോ സ്വര്‍ണം കവര്‍ന്നു. ജീവനക്കാരെ ബന്ദിയാക്കിയാണ് അഞ്ചംഗസംഘം 9.5 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. കവര്‍ച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട അഞ്ചംഗസംഘത്തില്‍ രണ്ടുപേരെ പിന്നീട് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഇവരില്‍നിന്ന് അഞ്ച് കോടി രൂപയുടെ സ്വര്‍ണം കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കമലാനഗറിലെ സ്ഥാപനത്തില്‍ കവര്‍ച്ച നടന്നത്. ബാഗുകളുമായി സ്ഥാപനത്തിലേക്ക് ഇരച്ചെത്തിയ അഞ്ചംഗസംഘം ജീവനക്കാരെ ബന്ദിയാക്കിയ ശേഷമാണ് സ്വര്‍ണം കവര്‍ന്നത്. ഏകദേശം 25 മിനിറ്റ് കൊണ്ട് ഇവര്‍ സ്വര്‍ണം മുഴുവന്‍ കൈക്കലാക്കി. ഈ സമയം ഇടപാടുകാരാരും സ്ഥാപനത്തിലുണ്ടായിരുന്നില്ല.
സ്വര്‍ണവുമായി കവര്‍ച്ചാസംഘം സ്ഥാപനത്തിന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചത്. ആഗ്ര എ.ഡി.ജി. രാജീവ് കൃഷ്ണ, ഐ.ജി. നവീന്‍ അറോറ, എസ്.എസ്.പി. മുനിരാജ്, എസ്.പി. ബോത്രെ രോഹന്‍ പ്രമോദ് തുടങ്ങിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി. പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള വഴികളിലെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് പരിശോധന ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷം കമലാനഗറില്‍നിന്ന് 17 കിലോമീറ്റര്‍ അകലെവെച്ച് കവര്‍ച്ചാസംഘം പോലീസിന്റെ കണ്‍മുന്നില്‍പ്പെട്ടത്.
പോലീസ് പിടികൂടാന്‍ ശ്രമിച്ചതോടെ കവര്‍ച്ചാസംഘം പോലീസിന് നേരേ വെടിയുതിര്‍ത്തു. ഇതോടെ പോലീസും തിരിച്ചടിച്ചു. വെടിവെപ്പില്‍ രണ്ടുപേര്‍ പരിക്കേറ്റ് വീണു. മൂന്നുപേര്‍ രക്ഷപ്പെടുകയും ചെയ്തു. മനീഷ് പാണ്ഡെ, നിര്‍ദോഷ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍തന്നെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് എസ്.എന്‍. മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇരുവരും ചികിത്സയിലിരിക്കെ മരിച്ചു.
പ്രതികളില്‍നിന്ന് അഞ്ച് കോടി രൂപയുടെ സ്വര്‍ണം കണ്ടെടുത്തതായാണ് പോലീസ് നല്‍കുന്നവിവരം. നാടന്‍ തോക്കുകളും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട മൂന്ന് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ആഗ്ര എ.ഡി.ജി. രാജീവ് കൃഷ്ണ പറഞ്ഞു.
Content Highlights: gold robbery in a private firm in agra two accused shot dead in encounter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..