പ്രതീകാത്മക ചിത്രം | PTI
ചെന്നൈ: സ്വർണ ഇറക്കുമതി സ്ഥാപനത്തിൽനിന്ന് സി.ബി.ഐ. എട്ടുവർഷംമുമ്പ് പിടിച്ചെടുത്ത 400.46 കിലോ സ്വർണത്തിൽനിന്ന് 103 കിലോ സ്വർണം കാണാതായ സംഭവത്തിൽ വഴിത്തിരിവ്. സി.ബി.ഐ. സൂക്ഷിച്ച ലോക്കറിൽനിന്ന് കള്ളത്താക്കോൽ ഉപയോഗിച്ചാണ് ആരോ സ്വർണം മോഷ്ടിച്ചതെന്ന് സി.ബി.സി.ഐ.ഡി. സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ചെന്നൈ പാരീസിലെ സ്വർണ ഇറക്കുമതി സ്ഥാപനത്തിൽനിന്ന് കണക്കിൽപ്പെടാത്ത 400.46 കിലോ സ്വർണം 2012-ൽ സി.ബി. ഐ. പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത സ്വർണം സി.ബി.ഐ. ഉദ്യോഗസ്ഥർ സുരാന കോർപറേഷന്റെ ലോക്കറിൽ പൂട്ടി സീൽ വെച്ചിരുന്നു.
താക്കോൽ സി.ബി.ഐ.യുടെ പ്രത്യേക കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ചിരുന്നു. കേസ് സി.ബി.ഐ. പ്രത്യേക കോടതിയിൽ നടന്നുകൊണ്ടിരിക്കെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ.)യിൽനിന്ന് വായ്പ വാങ്ങിയതെന്ന് ചൂണ്ടിക്കാട്ടി സുരാന കോർപ്പറേഷൻ കോടതിയിൽ വാദിച്ചിരുന്നു. വായ്പ വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ എസ്.ബി.ഐ.യോട് സി.ബി.ഐ. ആവശ്യപ്പെട്ടു. കേസ് തീരുന്നതുവരെ സ്വർണം എസ്.ബി.ഐ.യുടെ ലോക്കറിൽ സൂക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
എസ്.ബി.ഐ. ഉദ്യോഗസ്ഥർ സുരാന കോർപ്പറേഷനിൽ എത്തി സ്വർണം ലോക്കറിൽനിന്ന് എടുത്ത് തൂക്കിനോക്കിയപ്പോഴാണ് 103 കിലോ സ്വർണം കാണാതായതായി കണ്ടെത്തിയത്. എന്നാൽ, സ്വർണം തൂക്കിനോക്കിയപ്പോൾ വന്ന പിഴവായിരിക്കാമിതെന്നും ലോക്കറിന്റെ താക്കോലുകൾ കോടതിയെ ഏല്പിച്ചിരുന്നെന്നും സി.ബി.ഐ.യ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
സംഭവത്തിൽ വ്യക്തതവരാത്തതിനെത്തുടർന്ന് മറ്റൊരു അന്വേഷണ ഏജൻസിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുരാന കോർപ്പറേഷന്റെ ലിക്വിഡേറ്റർ രാമസുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതിയിൽ ഹർജി ഫയൽചെയ്തു. ഹർജിയിൽ വാദംകേട്ട ഹൈക്കോടതിയാണ് കേസന്വേഷണം സി.ബി.സി.ഐ.ഡി.ക്ക് കൈമാറിയത്.
സി.ബി.സി.ഐ.ഡി. സുരാന കോർപ്പറേഷന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സീൽവെച്ചിരുന്ന ലോക്കർ കള്ളത്താക്കോൽ ഉപയോഗിച്ച് തുറന്നതായി കണ്ടെത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കള്ളത്താക്കോൽ ഉപയോഗിച്ച് ലോക്കർ തുറന്നയാളെ കണ്ടെത്താനായി അന്വേഷണം നടത്തിവരികയാണ്.
Content Highlights:gold missing from cbi custody cbcid investigation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..