-
എടക്കര: സ്വര്‍ണവെള്ളരി നല്‍കാമെന്നു വാഗ്ദാനംചെയ്ത് മണ്ണാര്‍ക്കാട് സ്വദേശിയില്‍നിന്ന് വ്യാജപേരുകളില്‍ ലക്ഷങ്ങള്‍ തട്ടിയ മൂന്നുപേര്‍ വഴിക്കടവില്‍ പിടിയില്‍.
കൊണ്ടോട്ടി നെടിയിരുപ്പ് കൂനന്‍വീട്ടില്‍ ഹമീദ് (ജിമ്മ് ഹമീദ്-55), കൊണ്ടോട്ടി ചുങ്കം പുളിക്കത്തൊടി അന്‍വര്‍ (31), മേലാറ്റൂര്‍ തച്ചിങ്ങനാടം നെന്മിനി പിലാക്കല്‍ സബ്രഹ്മണ്യന്‍ (58) എന്നിവരാണ് പിടിയിലായത്.
സ്വര്‍ണവെള്ളരി നല്‍കാമെന്ന് വാഗ്ദാനംചെയ്ത് മണ്ണാര്‍ക്കാട്ടെ പള്ളി ഭാരവാഹിയില്‍നിന്ന് ഇവര്‍ 6,20,000 രൂപയാണ് തട്ടിയത്.
ജിമ്മ് ഹമീദാണ് തട്ടിപ്പിന്റെ നായകന്‍. അന്‍വര്‍ മുസ്ലിയാരായും സുബ്രഹ്മണ്യന്‍ ആദിവാസി വൃദ്ധനായും പരിചയപ്പെടുത്തിയാണ് ആളുകളെ സമീപിച്ചിരുന്നത്.
ഡിസംബര്‍ 16-ന് മണ്ണാര്‍ക്കാട്ടുകാരനെ ഹമീദ് ഫോണില്‍വിളിച്ച് താന്‍ സലാം ഫാളിലി എന്ന ആളാണെന്നും ഗൂഡല്ലൂരിലെ ആദിവാസിക്ക് തോട്ടത്തില്‍ കിളച്ചപ്പോള്‍ സ്വര്‍ണവെള്ളരി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.
നിധി കിട്ടിയതിന്റെ ശാപം മാറാന്‍ കുറച്ച് സ്വര്‍ണം താങ്കളുടെ സ്ഥാപനത്തിന് സൗജന്യമായും ബാക്കിഭാഗം വിലകുറച്ചും നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. വിശദമായി സംസാരിക്കാന്‍ മമ്പുറത്തേക്കാണ് വിളിച്ചുവരുത്തിയത്. ഇവിടെവെച്ച് പരിശോധനയ്ക്കായി ഇവര്‍ ഒരു കഷണം സ്വര്‍ണം നല്‍കിയിരുന്നു. അത് നിധിയില്‍നിന്ന് മുറിച്ചെടുത്തതാണെന്നാണ് പറഞ്ഞത്.
സാമ്പിളായി കിട്ടിയ സ്വര്‍ണം മണ്ണാര്‍ക്കാട്ടുകാരന്‍ പരിശോധിച്ച് തൃപ്തിപ്പെട്ടു. തുടര്‍ന്നാണ് 25 ലക്ഷം രൂപയ്ക്ക് കച്ചവടമുറപ്പിച്ചത്. എന്നാല്‍ ആദിവാസി വൃദ്ധന്‍ നിധി വില്‍ക്കാന്‍ പോകുകയാണെന്നും ൈകയിലുള്ള പണം കൊടുത്താല്‍ മുഴുവന്‍ സ്വര്‍ണവും നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.
തുടര്‍ന്ന് മണ്ണാര്‍ക്കാട്ടുകാരന്‍ വഴിക്കടവ് ആനമറിയിലെ വഴിയരികില്‍വെച്ച് 6,20,000 രൂപ കൊടുത്ത് സ്വര്‍ണവെള്ളരിയുമായി മടങ്ങി. നിധി വില്‍ക്കാനായി സ്വര്‍ണക്കടയില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. സ്വര്‍ണത്തിന്റെ അംശംപോലും ഇതിലുണ്ടായിരുന്നില്ല. ലോഹക്കൂട്ടില്‍ നിര്‍മിച്ച ഇത് 2000 രൂപയ്ക്ക് കോയമ്പത്തൂരില്‍നിന്ന് ലഭിച്ചതാണെന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് വഴിക്കടവ് പോലീസില്‍ പരാതിനല്‍കി.
ഊട്ടി, പൊന്നാനി, കോച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ സമാനരീതിയില്‍ സംഘം തട്ടിപ്പുനടത്തിയിട്ടുണ്ട്.
പ്രതികളെ നിലമ്പൂര്‍ കോടതി റിമാന്‍ഡ്‌ചെയ്തു. മോഷണം, തട്ടിപ്പ്, വധശ്രമം, ക്വട്ടേഷന്‍ തുടങ്ങിയ കൃത്യങ്ങളില്‍ പ്രതിയായ ജിമ്മ് ഹമീദ് കുപ്രസിദ്ധ മോഷ്ടാവ് കോടാലി ശ്രീധരന്റെ കൂട്ടുപ്രതിയാണ്. ചെമ്മാട്ട് ജ്യോത്സ്യനെ കബളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും പ്രതിയാണ്.
Content Highlights: gold cucumber fruad; three arrested in edakkara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..