ജിതേഷ്
കോഴിക്കോട്: സ്ത്രീയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ചേവായൂരില്‍നിന്ന് ഒമ്പതുപവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. കളന്‍തോട് ഏരിമല പടിഞ്ഞാറെ തൊടികയില്‍ ജിതേഷ് എന്ന അപ്പുട്ടന്‍ (26) ആണ് ചേവായൂര്‍ പോലീസിന്റെ പിടിയിലായത്.
2021 ജൂണ്‍ ഒന്നിനാണ് ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂളിന്റെ പിറകുവശത്തെ വീട്ടില്‍ അതിക്രമിച്ചുകടന്ന് സ്ത്രീയുടെ കഴുത്തില്‍ വാളുവെച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നത്. മുഖ്യപ്രതിയായ ടിങ്കു ഷിജുവിനെ കഴിഞ്ഞമാസം മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയിരുന്നു.
ജിതേഷിന്റെ സഹോദരന്‍ ജിതിന്‍ എന്ന ഉണ്ണിയും ഇവരുടെ സുഹൃത്തുക്കളായ ക്വട്ടേഷന്‍ സംഘങ്ങളും ചേര്‍ന്ന് മാവൂരില്‍ പോലീസുകാരെ മര്‍ദിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഒട്ടേറെ പോലീസുകാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.
ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പതുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷാഡ്രൈവര്‍കൂടിയാണ് ജിതേഷ്. സ്വര്‍ണാഭരണങ്ങള്‍ ആര്‍ക്കാണ് നല്‍കിയതെന്നും കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രമോഹന്‍ പറഞ്ഞു.
ചേവായൂര്‍ എസ്. ഐ. എസ്.എസ്. ഷാന്റെ നേതൃത്വത്തിലുള്ള സംഘവും കോഴിക്കോട് സിറ്റി ഡാന്‍സാഫ് സ്‌ക്വാഡും സംയുക്തമായാണ് കേസന്വേഷിച്ചത്.
മാവൂര്‍ എസ്.ഐ. ജി. സന്തോഷ് കുമാര്‍, ചേവായൂര്‍ എ.എസ്.ഐ. എം. സജി, സീനിയര്‍ സി.പി.ഒ. രാജീവന്‍ പാലത്ത്, ഡ്രൈവര്‍ സീനിയര്‍ സി.പി.ഒ. അബ്ദുള്‍ അസീസ്, വനിതാ സി.പി.ഒ. ഷംന, സി.പി.ഒ.മാരായ അരവിന്ദ്, കൃഷ്ണ കിഷോര്‍, പ്രശോഭ് വി.പി., പ്രഭുല്‍ദാസ്, ശരത്ത് ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..