പ്രതീകാത്മക ചിത്രം | Photo: AP
ഭോപാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെതിരേ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഭോപാലിന് സമീപമുള്ള ഗ്രാമത്തില്‍ താമസിക്കുന്ന 26-കാരനെതിരെയാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്തത്. പ്രതി നിലവില്‍ ഒളിവിലാണെന്നും ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 17-കാരിയെയാണ് യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തത്. എന്നാല്‍ പെണ്‍കുട്ടി യുവാവിന്റെ ഭീഷണിക്ക് വഴങ്ങിയില്ല. ഇതോടെയാണ് പ്രതി പെണ്‍കുട്ടിയുടെ സ്വകാര്യചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഈ ചിത്രങ്ങള്‍ കണ്ട ഗ്രാമവാസിയാണ് കുട്ടിയുടെ പിതാവിനെ അറിയിച്ചത്. തുടര്‍ന്ന് പിതാവ് തന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഗ്രാമത്തിലെ കുടുംബങ്ങളെല്ലാം ചേര്‍ന്ന് നടത്തിയ ഒരു യാത്രയ്ക്കിടെയാണ് പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 16-നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും ഇയാള്‍ മൊബൈലില്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി യുവാവിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും യുവാവിനെ കാണാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താനായി നഗ്നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതിയെ ഉടന്‍ പിടികൂടുമെന്നും ഊര്‍ജിതമായ തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Content Highlights: girl raped by youth and circulated her obscene pictures in social media
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..