പ്രതീകാത്മക ചിത്രം | മാതൃഭൂമി
കോട്ടയം: സാമൂഹിക മാധ്യമങ്ങളിലെ വെറും പരിചയം കൊണ്ട് മാത്രം അവരോടൊപ്പം ഇറങ്ങിപ്പുറപ്പെടുന്ന കുട്ടികള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ട്. ഒരാള്‍ വഞ്ചിച്ചു എന്ന് മനസ്സിലായാല്‍ ശരിയായി ആരെയാണ് വിളിച്ച് വിവരം അറിയിക്കേണ്ടത്. അപ്പോഴും കുഞ്ഞുങ്ങള്‍ ശരിയായ വഴി തേടുന്നില്ല. പകരം സാമൂഹികമാധ്യമങ്ങളിലൂടെ മാത്രം പരിചയമുള്ള മറ്റൊരാളെ വിളിച്ച് തന്റെ സ്ഥിതി അറിയിക്കും. അയാളും ഉപദ്രവിച്ചെന്ന് വരാം.
കോട്ടയത്ത് നടന്ന ഒരു സംഭവം ഇങ്ങനെ
വൈക്കത്തുനിന്ന് ഏറ്റുമാനൂരിലെത്തിയ ഒരു പെണ്‍കുട്ടി കാമുകനൊപ്പം കഴിഞ്ഞു.സംഭവം വീട്ടിലറിഞ്ഞെന്ന് മനസ്സിലായപ്പോള്‍ തിരുവനന്തപുരത്തെ ഫെയ്‌സ്ബുക്ക് സുഹൃത്തിന്റെ സഹായം തേടി. സുഹൃത്തിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെത്തിയ പെണ്‍കുട്ടി അവിടെയും പീഡനത്തിനിരയായി.ഒടുവില്‍ വീട്ടുകാരുടെ പരാതിയില്‍ രണ്ട് പ്രതികള്‍ക്കുമെതിരേ പോലീസ് പോക്‌സോ കേസെടുത്തു. കോട്ടയത്തെ ഉന്നതനിലവാരമുള്ള സ്‌കൂളിലെ വിദ്യാര്‍ഥിനിയെ കൂട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞദിവസം കാമുകനെത്തിയത് മലപ്പുറത്തുനിന്ന്.
സഹോദരിമാര്‍ ഒരുമിച്ചും
കോട്ടയം മാങ്ങാനത്തെ സംരക്ഷണകേന്ദ്രത്തില്‍നിന്ന് ചാടിപ്പോയത് 13-നും 17-നും ഇടയിലുള്ള നാല് പെണ്‍കുട്ടികളാണ്. ഇവരെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കണ്ടെത്തി.പാമ്പാടിയില്‍നിന്ന് സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങിയത് രക്ഷിതാക്കള്‍ ജോലിക്ക്‌പോയ സമയംനോക്കി. ഇവരെ പിന്നീട് പോലീസ് കണ്ടെത്തിയത് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം തിരുവനന്തപുരത്തെ ലോഡ്ജില്‍നിന്ന്.യാത്രയ്ക്കിടെ പരിചയപ്പെട്ട ബസ് ജീവനക്കാരനുമായി പ്രണയത്തിലായ സ്‌കുള്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടത് ഒന്നിലേറെത്തവണ.
പോലീസും രക്ഷിതാക്കളും നിസ്സഹായര്‍
ഇതിലും എത്രയോ കൂടുതലാണ് കാണാതാകുന്ന 18 വയസ്സിന് മേല്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ എണ്ണം. പരാതി ലഭിച്ചാല്‍ ഇത്തരക്കാരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുക മാത്രമാണ് പോലീസിന്റെ ജോലി. ഇങ്ങനെ ദിവസങ്ങള്‍ക്കുശേഷം കണ്ടെത്തി തിരിച്ചെത്തിക്കുന്നതില്‍ ഭൂരിഭാഗവും കാമുകന്‍മാര്‍ക്കൊപ്പമാണ് മടങ്ങുന്നത്. കോടതിയിലെത്തിക്കുമ്പോള്‍ എല്ലാവരും തന്നെ പറയുന്നത് കാമുകന്‍മാര്‍ക്കൊപ്പം പോകണമെന്നാണ്.പ്രായപൂര്‍ത്തിയായതിനാല്‍ പോലീസും രക്ഷിതാക്കളും നിസ്സഹായരാകുന്ന അവസ്ഥ. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലും പ്രതിമാസം രണ്ട് പരാതികളില്‍ കുറയാതെ ലഭിക്കാറുണ്ട്.
ഭൂരിഭാഗവും പീഡിപ്പിക്കപ്പെടുന്നു
കാമുകന്‍മാര്‍ക്കൊപ്പം വീടുവിട്ടുപോകുന്ന പെണ്‍കുട്ടികളില്‍ 90 ശതമാനത്തിലേറെയും പീഡനത്തിനിരയാകുന്നതായി പോലീസ് പറയുന്നു.മാനക്കേട് ഭയന്നും കുഞ്ഞിന്റെ ഭാവിയെ ബാധിക്കുമെന്ന് കരുതിയും രക്ഷിതാക്കള്‍ കേസ് നടപടികള്‍ ഒഴിവാക്കുന്നു. അത് പ്രതികള്‍ക്ക് രക്ഷയാകുന്നു.
കുട്ടികളെ കേള്‍ക്കുക
കുട്ടികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഒരു വേദിയില്ല. വീട്ടില്‍ അച്ഛനും അമ്മയും എപ്പോഴും ജോലിത്തിരക്കിലാണ്. കുട്ടികള്‍ക്ക് പലവിധം പ്രശ്‌നങ്ങളുണ്ടാകാം. അവര്‍ അത് അടക്കിക്കഴിയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന ചൂഷകര്‍ ഇതാണ് മുതലെടുക്കുന്നത്. കുട്ടിക്ക് പറയാനുള്ളത് അവര്‍ ക്ഷമയോടെ കേള്‍ക്കുന്നു. കുട്ടികളെ കേള്‍ക്കുക എന്നത് പ്രധാനമാണ്. ഏത് സാഹചര്യത്തിലും ഏത് വിഷയവും പങ്കിടാന്‍ കുട്ടികള്‍ക്ക് കഴിയണം.
-ഡോ.എം.എസ്.സുനില്‍, സാമൂഹികപ്രവര്‍ത്തക, രാഷ്ട്രപതിയുടെ നാരീശക്തി പുരസ്‌കാരജേത്രി
Content Highlights: girl raped by boyfriend and friend in kottayam, two arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..