Screengrab: Youtube.com|City Channel
ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഹോട്ടല്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ കാമുകനുമായുള്ള പ്രശ്നങ്ങളെന്ന് പോലീസ്. മറ്റൊരു സുഹൃത്തുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന് കാമുകന് സംശയിച്ചിരുന്നതായും ഇതിനെച്ചൊല്ലി തര്‍ക്കമുണ്ടായതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാമുകന് ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മൂന്നാംനിലയിലെ മുറിയില്‍നിന്ന് പെണ്‍കുട്ടി താഴേക്ക് ചാടിയതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഉജ്ജയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലിലായിരുന്നു സംഭവം. കമിതാക്കളായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഹോട്ടല്‍ ജീവനക്കാരെ കബളിപ്പിച്ചാണ് മുറിയെടുത്തത്. വിവാഹിതരാണെന്ന് തെറ്റിദ്ധരിപ്പിച്ച ഇരുവരും വ്യാജ തിരിച്ചറിയല്‍ രേഖകളും നല്കി. ഇതിനിടെ കാമുകന്റെ സുഹൃത്തായ മറ്റൊരു ആണ്‍കുട്ടിയും ഹോട്ടലിലേക്കെത്തി.
കാമുകിയ്ക്ക് തന്റെ സുഹൃത്തുമായി അടുപ്പമുണ്ടെന്ന് കാമുകന് സംശയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഇയാളുടെ സാന്നിധ്യത്തില്‍ തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് കാമുകിയുമായി വഴക്കിടുകയും മുഖത്തടിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടി ഹോട്ടല്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കൃത്യമായ രേഖകളില്ലാതെ മുറി നല്‍കിയതിന് ഹോട്ടല്‍ മാനേജര്‍ക്കെതിരേയും കേസുണ്ട്. അതേസമയം, ഹോട്ടല്‍ മുറിയിലെത്തിയ സുഹൃത്തിന് സംഭവത്തില്‍ പങ്കില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ഇയാള്‍ക്കെതിരേ കേസെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: girl jumps off third floor of a hotel in ujjain dies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..