കോട്ടയം: അശ്ലീല രീതിയിൽ രൂപമാറ്റം വരുത്തിയ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സഹപാഠികൾ പണംതട്ടാൻ ശ്രമിച്ചതിൽ മനംനൊന്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭീഷണിപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടികളടക്കം നാല് സഹപാഠികൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരും പ്രായപൂർത്തിയാകാത്തവരാണ്.
പെൺകുട്ടി പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പം പഠിക്കുന്ന ആൺകുട്ടിയുടെ ചിത്രവുമായി ചേർത്താണ് മോശമായ രീതിയിൽ ചിത്രങ്ങൾ മോർഫ് ചെയ്തത്. സംഭവത്തിൽ പങ്കുള്ള ആൺകുട്ടിക്കെതിരേയും കേസുണ്ട്. ഇത്തരത്തിൽ പെൺകുട്ടികൾ പ്രതികളാകുന്ന സംസ്ഥാനത്തെ ആദ്യ സൈബർകേസാണിത്.
സ്കൂളിൽനിന്ന് വിനോദയാത്ര പോയി മടങ്ങിയെത്തിയ ശേഷമാണ് ചിത്രങ്ങൾ കാണിച്ചത്. യാത്രാവേളയിൽ പെൺകുട്ടിയുടെ ഫോണിലെടുത്ത ചിത്രങ്ങളിൽ സഹപാഠിയായ ആൺകുട്ടിയുടെ ചിത്രം ചേർത്ത് േമാർഫ് ചെയ്തെന്നാണ് കരുതുന്നത്. പണത്തിനുപരി വിനോദയാത്രാവേളയിലുണ്ടായ സ്വരച്ചേർച്ചയില്ലായ്മയാണോ സംഭവത്തിന് കാരണമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മോർഫിങ് നടത്താൻ ഉപയോഗിച്ചെന്ന് കരുതുന്ന ഫോണുകളടക്കം പിടിച്ചെടുത്തു. കേസിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടികൾ.
പെൺകുട്ടികളുടെ ചിന്താഗതിയിൽ മാറ്റം
പെൺകുട്ടികളുടെ ചിന്താഗതിയിലും മാറ്റം വന്നിരിക്കുന്നു. പണം, പ്രണയം, സെക്സ് എന്നിവയുടെ കാര്യത്തിൽ അവരും വിട്ടുവീഴ്ചയ്ക്ക് തയാറല്ല. തങ്ങൾക്ക് തടസ്സമാകുന്നതെന്തും പൊട്ടിച്ചെറിയാൻ അവർ ശ്രമിക്കുന്നു. ഈ സംഭവത്തിലും പണം ആവശ്യപ്പെട്ടെങ്കിലും മറ്റെന്തെങ്കിലും വൈരാഗ്യമാകണം കൃത്യത്തിന് േപ്രരിപ്പിച്ചിരിക്കുക -കലാ േമാഹൻ, കൗൺസിലിങ് സൈക്കോളജിസ്റ്റ്, റീച്ച്, വനിതാവികസന കോർപ്പറേഷൻ, തിരുവനന്തപുരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..