KSRTC
കിളിമാനൂര്‍ (തിരുവനന്തപുരം): ജര്‍മന്‍ നിര്‍മിത തോക്കും തിരകളും രേഖകളും കെ.എസ്.ആര്.ടി.സി. ബസില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഒരാഴ്ചമുമ്പ് ആര്യനാട്ടുനിന്ന് 20 ലക്ഷം രൂപ അടങ്ങിയ ബാഗ് ഒരുസംഘം കവര്‍ന്നിരുന്നു. ആ ബാഗിലുണ്ടായിരുന്ന തോക്കും തിരകളുമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു. പണം മോഷ്ടിച്ച സംഘംതന്നെയാണ് ഇവ ഉപേക്ഷിച്ചതെന്നാണ് സൂചന.
വെള്ളിയാഴ്ച രാത്രി എട്ടിന് തിരുവനന്തപുരത്തുനിന്ന് കിളിമാനൂരിലേക്ക് വന്ന ബസിലാണ് തോക്കും തിരകളും പാസ്പോര്‍ട്ടും ചില കരാര്‍രേഖകളും അടങ്ങിയ കവര്‍ കണ്ടക്ടര്‍ കണ്ടത്. കവറില്‍ തോക്ക് കണ്ടതോടെ ബസ് ജീവനക്കാര്‍ കിളിമാനൂര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി കവര്‍ സ്റ്റേഷനിലേക്ക് മാറ്റി.
കഴിഞ്ഞ 12-ന് നെടുമങ്ങാട് വാളിക്കോട്ട് വസ്തു വാങ്ങാനെന്ന വ്യാജേന ഒരു സംഘം വട്ടിയൂര്‍ക്കാവ് സ്വദേശി സുധീര്‍ ജനാര്‍ദനനെ വിളിച്ചുവരുത്തി 20 ലക്ഷം കവര്‍ന്നിരുന്നു. സുധീറിന്റെ കൈവശമുള്ള വസ്തുവും 20 ലക്ഷവും കൈപ്പറ്റി സംഘത്തിന്റെ കൈയിലുള്ള മറ്റൊരു വസ്തു പകരം നല്‍കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ആളൊഴിഞ്ഞ വീട്ടിലേക്ക് വിളിച്ചുവരുത്തിയ എട്ടംഗ സംഘം ആയുധംകാട്ടി ഭീഷണിപ്പെടുത്തി പണമിരുന്ന ബാഗും ഇതിലുണ്ടായിരുന്ന രേഖകളും കവര്‍ന്നു.
ഈ ബാഗിലുണ്ടായിരുന എയര്‍പിസ്റ്റള്‍, തിരകള്‍, സുധീറിന്റെ സുഹൃത്തും പരേതയുമായ ഇയോണ ജോസഫ് അഗസ്റ്റിന്റെ സിങ്കപ്പൂര്‍ പാസ്പോര്‍ട്ട്, ഓവര്‍സീസ് കാര്‍ഡ് എന്നിവ ഉപേക്ഷിച്ച കവറിലുണ്ട്.
ഇയോണയുടെ മകന് ജോര്‍ജിന്റെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും വസ്തുവിന്റെ പ്രമാണം അടക്കമുള്ളവയും ബാഗിലുണ്ടായിരുന്നു. ജോര്‍ജുംകൂടി വസ്തു ഇടപാടില്‍ ഉള്‍പ്പെട്ടിരുന്നു. സംഘത്തിന്റെ കൈവശമുണ്ടെന്നു പറഞ്ഞ സ്ഥലത്തിന്റെ പ്രമാണം വ്യാജമായിരുന്നു. സുധീറിന്റെ പ്രമാണവും മറ്റ് രേഖകളും ഇപ്പോള്‍ പ്രതികളുടെ കൈവശമാണ്.
സംഭവത്തില്‍ മൂന്നുപേരെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിറകെയാണ് തോക്കും തിരകളും ഉപേക്ഷിച്ചനിലയില്‍ കണ്ടത്. ജര്‍മന്‍ നിര്‍മിത എയര്‍പിസ്റ്റള്‍ വിഭാഗത്തിലുള്ള തോക്ക് ലൈസന്‍സ് വേണ്ടാത്തതാണ്.
ആസൂത്രിതമെന്ന് സംശയം
തിരുവനന്തപുരം: കിളിമാനൂരില്‍ കെ.എസ്.ആര്.ടി.സി. ബസില്‍ തോക്കും രേഖകളും ഉപേക്ഷിച്ചത് ആസൂത്രിതമെന്ന് സൂചന. നെടുമങ്ങാട് വാളിക്കോട് 20 ലക്ഷം കവര്ന്നതിനൊപ്പമുള്ളതാണ് ഉപേക്ഷിച്ച രേഖകളും തോക്കും.
ചില രേഖകളും തോക്കും തിരകളും മാത്രം പോലിസ് കണ്ടെത്തുന്ന തരത്തില്‍ പ്രതികള്‍ മനപ്പൂര്‍വം ഉപേക്ഷിക്കുകയായിരുന്നെന്നാണ് അന്വേഷണസംഘം കരുതുന്നത്.കേസിലെ മൂന്ന് പ്രതികള്‍ പിടിയിലായതിന്റെ തൊട്ടുപിന്നാലെയാണ് തോക്കും പ്രധാന രേഖകളൊഴിച്ചുള്ളവയും ബസില്‍ ഉപേക്ഷിച്ചത്.ഇത് പണം തട്ടിപ്പ് കേസിലെ പരാതിക്കാരനായ സുധീറിനെ കുരുക്കാനാണെന്നാണ് പോലീസ് കരുതുന്നത്.
ലൈസന്‍സ് വേണ്ടാത്ത എയര്‍പിസ്റ്റള്‍ വിഭാഗത്തിലുള്ള തോക്ക് ജര്‍മ്മന്‍ നിര്‍മിതമാണ്. ഇതിന്റെ രേഖകള്‍ സുധീര്‍ കിളിമാനൂര്‍ സ്റ്റേഷനില്‍ ഹാജരാക്കി. തോക്കും സംശയാസ്പദമായ രേഖകളും മാത്രം ഉപേക്ഷിക്കുന്നതിലൂടെ വാദിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ശ്രമമാണ് പ്രതികള്‍ നടത്തിയതെന്നും പോലീസ് കരുതുന്നു. പണം കൊണ്ടുവന്ന ബാഗിലുണ്ടായിരുന്ന ഒരു ചെറിയ കവറിലാണ് തോക്കും രേഖകളും ബസില്‍ ഉപേക്ഷിച്ചത്.
തമ്മില്‍ കൈമാറുന്ന വസ്തുക്കളുടെ യാഥാര്‍ഥ പ്രമാണങ്ങള്‍ അടക്കമുള്ളവ പണം കൊണ്ടുവന്ന ബാഗിലുണ്ടായിരുന്നു. സുധീറിന്റെ സുഹൃത്ത് ജോര്‍ജിന്റെ സിങ്കപ്പുര്‍ പാസ്പോര്‍ട്ട് അടക്കമുള്ള പ്രധാന രേഖകളെല്ലാം ഇപ്പോഴും പ്രതികളുടെ കൈവശമാണ്.
അതേസമയം ജോര്‍ജിന്റെ അമ്മ പരേതയായ ഇയോണയുടെ പാസ്പോര്‍ട്ട് ഉപേക്ഷിച്ച കവറിലുണ്ട്.
വഴുതയ്ക്കാടുള്ള അഞ്ചര സെന്റിന്റെ പ്രമാണം, ജോര്‍ജിന്റെ ഓവര്‍സീസ് സര്‍ട്ടിഫിക്കറ്റ്, അവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം തട്ടിയെടുത്ത ബാഗിലുണ്ടായിരുന്നു. ഇവയൊക്കെ ഇപ്പോഴും പ്രതികളുടെ കൈവശമാണ്. ജോര്‍ജും ഈ വസ്തു ഇടപാടില്‍ ഭാഗമാണ്. ചില പ്രധാന രേഖകള്‍ പ്രതികള്‍ മനപ്പൂര്‍വം ഉപേക്ഷിക്കാത്തതാണെന്നും പോലീസ് കരുതുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..