1. പാലത്തിനടിയിൽനിന്ന് കണ്ടെത്തിയ ജെലാറ്റിൻ സ്റ്റിക്കുകൾ 2. സ്ഥലത്ത് ജില്ലാ പോലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
റാന്നി : ശബരിമല തിരുവാഭരണപാതയില്‍ വടശ്ശേരിക്കര പേങ്ങാട്ടുകടവ് പാലത്തിനടിയില്‍ തൂണിനോട് ചേര്‍ന്ന ഭാഗത്തുനിന്ന് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. നിറഞ്ഞ ഏഴ് സ്റ്റിക്കുകളും പകുതി മുറിച്ചുമാറ്റിയ മറ്റൊന്നുമാണ് ചാക്കിലാക്കിയനിലയില് പാലത്തിനടിയില്‍നിന്ന് കണ്ടെടുത്തത്. സ്റ്റിക്കുകള്‍ മാത്രമാണുണ്ടായിരുന്നത്. പോലീസും ബോംബ് സ്കാഡും പരിശോധിച്ചശേഷം ഇവ നീക്കംചെയ്തു.
എക്സ്പ്ലോസീവ് ആക്ട് പ്രകാരം റാന്നി പോലീസ് കേസെടുത്തു. തോട്ടയിട്ട് മീന്‍ പിടിക്കുന്നതിനായി ആരോ വെച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാല്‍ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാതയില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബി.ജെ.പി.യും വിവിധ ഹൈന്ദവ സംഘടനകളും ആവശ്യപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരുവാഭരണ ഘോഷയാത്ര ഇതുവഴി കടന്നുപോയത്.
ശബരിമലയിലേക്കുള്ള യാത്രക്കിടയില്‍ തിരുവാഭരണ പേടകങ്ങള്‍ ഇറക്കിവെയ്ക്കാറുള്ള സ്ഥലത്തിന് സമീപമാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടത്.
22-ന് പുലര്‍ച്ചെയാണ് തിരുവാഭരണ പേടകങ്ങളുമായുള്ള മടക്കയാത്ര. ഈ സാഹചര്യത്തില്‍ ഈ സംഭവത്തെ ഗൗരവമായി കാണണമെന്നാണ് വിവിധ സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് ഇവ കണ്ടെത്തിയത്. പേങ്ങാട്ടുകടവില്‍ പാലത്തിന്റെ കരയോടുചേര്‍ന്നുള്ള തൂണിനടിയിലെ തറയിലാണ് ഇവ കാണപ്പെട്ടത്. പാലത്തിന് സമീപം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നട്ടിട്ടുള്ള ചെടികള്ക്ക്് വെള്ളമൊഴിക്കാനെത്തിയ സമീപവാസി മണ്ണാക്കുഴിയില് മന്നാ ജോസഫ് ജോസാണ് ഇതുകണ്ടത്. ഉടന്‍ റാന്നി പോലീസില്‍ വിവരമറിയിച്ചു.
ജില്ലാ പോലീസ് മേധവി സ്വപ്നില്‍ മധുകര്‍ മഹാജന്, റാന്നി ഡിവൈ.എസ്.പി. മാത്യു ജോര്‍ജ്്, റാന്നി ഇന്‍സ്പെക്ടര്‍ എം.ആര്. സുരേഷ് എന്നിവര്‍ സ്ഥലത്തെത്തി ജെലാറ്റിന്‍ സ്റ്റിക്കുകള്‍ പരിശോധിച്ചു.
പത്തനംതിട്ടയില്‍നിന്ന് കെ-9 ബോംബ് സ്ക്വാഡും സീഗോ എന്ന പോലീസ് നായ ഉള്‍പ്പെട്ട ഡോഗ് സ്കാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇവ സുരക്ഷിത സ്ഥലത്തേക്ക്് മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..