പാലക്കാട്: കഞ്ചിക്കോട്ട് കാത്തുനിന്ന എക്‌സൈസ് സംഘത്തെ വെട്ടിച്ചുകടക്കാനുള്ള ശ്രമത്തിനിടെ കഞ്ചാവ് കടത്തുകയായിരുന്ന കാര്‍ വാഹനങ്ങളിലും ഡിവൈഡറിലും ഇടിച്ചുതകര്‍ന്നു. കാറിനകത്തുനിന്ന് മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച 54 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കാറില്‍നിന്ന് ഇറങ്ങിയോടിയ മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ കാച്ചാടി രഞ്ജിത്ത് (22), തിരൂര്‍ വളവന്നൂര്‍ തെക്കുമുറി വൈരംകോട് ഷിഹാബ് (30) എന്നിവരെ എക്‌സൈസ് സംഘം ഓടിച്ചിട്ട് പിടികൂടി.
ശനിയാഴ്ച രാവിലെ ഏഴിനാണ് സംഭവം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. അജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പറളി പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍, എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ടീമുകള്‍ ചേര്‍ന്ന് കഞ്ചിക്കോട് ബെമലിനു മുന്നില്‍ കാത്തുനിന്നു. ടോള്‍ ഗേറ്റ് പരിസരത്തെ എക്‌സൈസ് സംഘത്തെ മറികടക്കാന്‍ വേലന്താവളം, മേനോന്‍പാറ വഴി കടന്നുവരികയായിരുന്നു കാര്‍. പരിശോധനയ്ക്ക് നിര്‍ത്താന്‍ കൈ കാണിച്ചെങ്കിലും അതിവേഗത്തില്‍ പാഞ്ഞുപോയി. എക്‌സൈസ് സംഘം പിന്‍തുടര്‍ന്നു. ഹൈവേയിലേക്ക് കയറുന്നതിനിടയില്‍ ഗ്യാസ് ടാങ്കറിന്റെ പിന്നില്‍ ശക്തിയായി ഇടിച്ചു. ഇതോടെ ടാങ്കര്‍ എതിര്‍വശത്തെ ട്രാക്കിലേക്ക് തെന്നിയിറങ്ങി. തൊട്ടുമുന്നിലെ ലോറിയിലും കാറുകളിലുമിടിച്ച് നിയന്ത്രണംതെറ്റിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച് പൂര്‍ണമായി തകര്‍ന്നു.
ഇതിനിടയില്‍ കാറില്‍നിന്ന് ഇറങ്ങിയോടി ദേശീയപാതയിലെ നരകംപുള്ളി പാലത്തിനടുത്തെത്തിയ രണ്ടുപേരെയും എക്‌സൈസ് സംഘം പിടികൂടി. തുടര്‍ന്നാണ് കാറിനകം പരിശോധിച്ചത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 30 ലക്ഷംരൂപ വിലവരും. ആന്ധ്രയിലെ നരസി പട്ടണത്തുനിന്ന് തിരൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്നാണ് പിടിയിലായവര്‍ വിവരം നല്കിയത്. പിടിയിലായവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. കാറപകടത്തിനിടെ ഇവര്‍ക്ക് പരിക്കേറ്റിരുന്നു.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം.എം. നാസറിന്റെ നേതൃത്വത്തില്‍ പിടിയിലായവരെ വിശദമായി ചോദ്യംചെയ്തു. പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എം. രാകേഷ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. സതീഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. അജിത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..