1. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കൂട്ടപുഴയിൽ എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടിച്ചപ്പോൾ 2. അറസ്റ്റിലായ അബ്ദുൾ മജീദ്, സി. സാജിർ, എം. ഷംസീർ
ഇരിട്ടി: കേരള-കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട. ഒന്‍പത് ചാക്കുകളില്‍ നിറച്ച് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തിക്കൊണ്ടുവന്ന 227 കിലോഗ്രാം കഞ്ചാവ് കൂട്ടുപുഴ വളവുപാറയില്‍വെച്ചാണ് പിടിച്ചത്. ലോറിയില്‍നിന്നും പിക്കപ്പ് ജീപ്പിലേക്ക് കയറ്റുന്നതിനിടയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ രണ്ടുകോടി രൂപയോളം വിലവരും.
ജീപ്പിലും ലോറിയിലുമുണ്ടായിരുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തു. ലോറിയും ജീപ്പും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പരിശോധന നടന്നത്.
മട്ടന്നൂര്‍ കളറോഡിലെ പുത്തന്‍പുര ഹൗസില്‍ അബ്ദുള്‍ മജീദ് (44), തലശ്ശേരി പാലയോട് സ്വദേശി സജ്ന മന്‍സിലില്‍ സി. സാജിര്‍ (38), വെളിയമ്പ്ര പഴശ്ശി ഡാമിന് സമീപത്തെ ഷക്കീല മന്‍സിലില്‍ എം. ഷംസീര്‍ (23) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് ലോറിയില്‍ കയറ്റിയത്. കേരളത്തിലെത്തിച്ചശേഷം കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മൊത്തമായും ചില്ലറയായും വില്‍ക്കുന്നതിനായി പിക്കപ്പ് ജീപ്പിലേക്ക് മാറ്റുകയായിരുന്നു.
എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് സി.ഐ. ടി. അനികുമാറിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്. നാലുദിവസം മുമ്പ് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എക്‌സൈസ് സ്‌ക്വാഡിലെ മൂന്നുപേര്‍ ബെംഗളൂരു മുതല്‍ സംഘത്തെ പിന്തുടരുകയായിരുന്നു. വിശാഖപട്ടണത്തുനിന്നും വന്ന ലോറിയില്‍ കയറ്റിക്കൊണ്ടുവന്ന കഞ്ചാവ് ബെംഗളൂരുവില്‍ എത്തിച്ച ശേഷം ക്ഷേത്രങ്ങളുടെ മുറ്റത്ത് പാകാനുള്ള കരിങ്കല്ല്, സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവയും ലോറിയില്‍ കയറ്റി. കടത്തുസംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് എക്‌സൈസ് സംഘവും ഒപ്പമുണ്ടായിരുന്നു. കേരള അതിര്‍ത്തി പിന്നിട്ട് വളവുപാറയില്‍ എത്തിയപ്പോള്‍ സ്‌ക്വാഡ് മേധാവിയും മറ്റ് അംഗങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
കോഴിക്കോട് ചുങ്കത്താണ് സംഘത്തിലെ പ്രധാന കണ്ണിയെന്ന് പിടിയിലായവര്‍ എക്‌സൈസിനോട് പറഞ്ഞു. ലോറിയിലുണ്ടായിരുന്ന കല്ലും മറ്റ് സാധനങ്ങളും കോഴിക്കോട് ലക്ഷ്യസ്ഥാനത്ത് ഇറക്കുന്നതിനുമുമ്പ് കഞ്ചാവ് വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനാണ് പിക്കപ്പ് ജീപ്പിലേക്ക് മാറ്റിയത്. പിടിയിലായവര്‍ മുമ്പും കഞ്ചാവ് കടത്തിയെന്ന് സംശയിക്കുന്നതായി അന്വേഷണസംഘം പറഞ്ഞു.
ഇരിട്ടി ഡിവൈ.എസ്.പി. പ്രദീപന്‍ കണ്ണിപ്പൊയില്‍, ഇന്‍സ്‌പെക്ടര്‍ കെ.ജെ. ബിനോയ്, എസ്.ഐ. ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി എക്‌സൈസ് സംഘത്തിന് സുരക്ഷയൊരുക്കി.
എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സി.ഐ. ജി. കൃഷ്ണകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ.വി. വിനോദ്, ടി.ആര്‍. മുകേഷ്‌കുമാര്‍, ആര്‍.ജി. രാജേഷ്, എസ്. മധുസൂദനന്‍ നായര്‍, ഓഫീസര്‍മാരായ പ്രജോഷ്‌കുമാര്‍, മുസ്തഫ ചോലയില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. സുബിന്‍, എസ്. ഷംനാദ്, ആര്‍. രാജേഷ്, എം. വിശാഖ്, കെ. മുഹമ്മദലി, ഡ്രൈവര്‍ കെ. രാജീവന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. പിടിച്ചെടുത്ത കഞ്ചാവ് ഇരിട്ടി എക്‌സൈസ് റേഞ്ചിന് കൈമാറി. തുടരന്വേഷണങ്ങള്‍ കണ്ണൂര്‍ അസി. എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ നടക്കും.
ലഹരിക്കടത്തിന് മറയാക്കുന്നത് മാക്കൂട്ടം ചുരം പാതയിലെ നിയന്ത്രണം
ഇരിട്ടി: മാക്കൂട്ടം-ചുരം പാതയില്‍ ആറുമാസത്തിലധികമായി തുടരുന്ന ഗതാഗത നിയന്ത്രണവും കഞ്ചാവ് കടത്തിന് സഹായകമാകുന്നു. നിയന്ത്രണം മറയാക്കിയാണ് 227 കിലോ കഞ്ചാവ് ആന്ധ്രയില്‍നിന്ന് കര്‍ണാടക വഴി കേരളത്തിലെത്തിയത്. ചുരംപാത വഴി ചരക്കുവാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാണ്. ഏഴുദിവസമാണ് ആര്‍.ടി.പി.സി.ആറിന്റെ കാലാവധി. കാലാവധിക്കുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. ഉണ്ടെങ്കില്‍ കാര്യമായ പരിശോധന നടത്താതെ കര്‍ണാടകത്തില്‍നിന്ന് ചരക്കുമായി കേരളത്തിലേക്ക് പ്രവേശിക്കാം. വെള്ളിയാഴ്ച 227 കിലോ കഞ്ചാവുമായി എത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറി ഈ സാഹചര്യം മുതലാക്കുകയായിരുന്നു.
ചരക്ക് എടുക്കാനെന്ന വ്യാജേന നാഷണല്‍ പെര്‍മിറ്റ് ലോറിയും പിക്കപ്പ് ജീപ്പും ഒന്നിച്ചാണ് ചുരംപാത വഴി കര്‍ണാടകത്തിലേക്ക് പോയത്. ബെംഗളൂരുവരെ ലോറിയെ പിന്തുടര്‍ന്ന ജീപ്പ് അവിടെ നിര്‍ത്തി. ആന്ധ്രയില്‍നിന്ന് കഞ്ചാവുമായി എത്തിയ ലോറി ബെംഗളൂരുവില്‍നിന്ന് മറ്റ് സാധനങ്ങള്‍ കയറ്റി കഞ്ചാവിന് മറയാക്കി. പിക്കപ്പ് ജീപ്പും പച്ചക്കറി കയറ്റിയ ലോറിക്കൊപ്പം കാര്യമായ പരിശോധനകള്‍ ഒന്നുമില്ലാതെ ചുരം ഇറങ്ങി. കൂട്ടുപുഴ പാലം കടന്ന് വളവുപാറയില്‍ എത്തിയപ്പോള്‍ ലോറിയില്‍നിന്ന് ചില്ലറവില്പനയ്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിന് ജീപ്പിലേക്ക് കയറ്റുന്നതിനിടെയാണ് പിടിയിലായത്.
കോഴിക്കോട്ടെ പ്രധാന കണ്ണിക്ക് എത്തിക്കുന്നതിനുള്ള നാലുചാക്ക് കഞ്ചാവ് ലോറിയില്‍ ഡ്രൈവറുടെ ക്യാബിനുള്ളിലാണ് വെച്ചിരുന്നത്. നിയമാനുസൃതം ലോറിയില്‍ കൊണ്ടുവന്ന മറ്റ് സാധനങ്ങള്‍ ഇറക്കുമ്പോള്‍ സംശയംതോന്നാതിരിക്കുന്നതിനായിരുന്നു ഇതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ചുരം പാത വഴി നേരത്തെയും വന്‍തോതില്‍ നിരോധിത പാന്‍ ഉത്പന്നങ്ങളും കഞ്ചാവും എത്തിയിരുന്നു. ടൂറിസ്റ്റ് ബസുകളും കര്‍ണാടക-കേരള ആര്‍.ടി.സി. ബസുകളുമാണ് ഇതിന് മറയാക്കിയിരുന്നത്. യാത്രാവാഹനങ്ങളില്‍ പരിശോധന ശക്തമാക്കിയതോടെയാണ് ലഹരിക്കടത്തിനുള്ള മാര്‍ഗമായി ചരക്കുവാഹനങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങിയത്. പച്ചക്കറി ലോറികളിലും മറ്റുമാണ് വ്യാപകമായി കടത്തുന്നത്. ദിനംപ്രതി 500-ലധികം ചരക്ക് വാഹനങ്ങളാണ് ചുരം പാത വഴി എത്തുന്നത്. ഇതില്‍ കൂടുതല്‍ വാഹനങ്ങളും കടന്നുപോകുന്നത് കാര്യമായ പരിശോധനയില്ലാതെയാണ്. കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്ന ആട്ടിന്‍വളത്തിനടിയില്‍വെച്ചുപോലും ലഹരിവസ്തുക്കള്‍ കടത്തിയിട്ടുണ്ട്.
അതിര്‍ത്തി കടന്നെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാനുള്ള സംവിധാനം മേഖലയില്‍ ഉണ്ടാകുന്നില്ല. അതിര്‍ത്തിയില്‍ ആര്‍.ടി. ചെക്ക് പോസ്റ്റും കിളിയന്തറയില്‍ എക്‌സൈസ് ചെക്ക് പോസ്റ്റുമെക്കെയുണ്ടെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ച് ഊടുവഴികളിലൂടെയും മറ്റും കഞ്ചാവുമായി വണ്ടികള്‍ പതിവായി എത്തുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..