കരിങ്കല്ലത്താണിയിൽ ലോറിയിൽ കടത്തുന്നതിനിടെ പിടികൂടിയ കഞ്ചാവ്. ഇൻസെറ്റിൽ അറസ്റ്റിലായ ആഷിഖ്, മുരുകേശൻ,നൗഫൽ
പെരിന്തല്‍മണ്ണ: ഒഡിഷയില്‍നിന്ന് ലോറിയില്‍ കേരളത്തിലേക്കു കടത്തിയ 205 കിലോഗ്രാം കഞ്ചാവുമായി പെരിന്തല്‍മണ്ണ പോലീസ് മൂന്നുപേരെ പിടികൂടി. മുന്‍പ് മോഷണംപോയ ലോറിക്കായുള്ള അന്വേഷണത്തിനിടെയാണ് അന്താരാഷ്ട്രവിപണിയില്‍ ഒരുകോടിയോളം രൂപ വിലവരുന്ന കഞ്ചാവുമായി സംഘത്തെ പോലീസ് അറസ്റ്റുചെയ്തത്.
പാലക്കാട് കുടുംബ ബന്ധങ്ങളുള്ള കോയമ്പത്തൂര്‍ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ് (25), കോയമ്പത്തൂര്‍ കുനിയംപുത്തൂര്‍ സ്വദേശി മുരുകേശന് (48), ആലുവ സ്വദേശി പുത്തന്മാളിയേക്കല് നൗഫല്‍ (നാഗേന്ദ്രന്-48) എന്നിവരാണ് അറസ്റ്റിലായത്.
കരിങ്കല്ലത്താണിയില്‍നിന്ന് പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ. നൗഷാദും സംഘവും തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവരെ പിടികൂടിയത്. ലോറിയുടെ ക്യാബിനുള്ളില്‍ ഡ്രൈവര്‍സീറ്റിനു പിന്നിലായുള്ള അറയിലും പുറത്ത് ക്യാബിന് മുകളിലുമായി നിശ്ചിത തൂക്കത്തില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞശേഷം ചാക്കുകളിലാക്കിയിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഒഡിഷയില്‍നിന്ന് കിലോഗ്രാമിന് മൂവായിരം രൂപമുതല്‍ വിലകൊടുത്തു വാങ്ങി ചരക്കുലോറികളില്‍ ഒളിപ്പിച്ച് കേരളത്തിലെയും തമിഴ്നാട്ടിലെയും മൊത്തവില്‍പ്പനക്കാര്‍ക്ക് കൈമാറുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
മുഖ്യപ്രതി മുഹമ്മദ് ആഷിഖ് തൃശ്ശൂര്‍ പട്ടിക്കാട് സ്റ്റേഷന് പരിധിയില്‍ ലോറി മോഷ്ടിച്ച കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്. നൗഫലിന്റെ പേരില്‍ പാലക്കാട് ആലത്തൂര്‍ പോലീസിലും തിരുവല്ല എക്സൈസിലും സ്പിരിറ്റ് കള്ളക്കടത്തുകേസുകളും കഴക്കൂട്ടത്ത് കഞ്ചാവുകേസും നിലവിലുണ്ട്.
കേരളത്തില്‍ പലയിടങ്ങളില്‍നിന്നും മോഷ്ടിക്കുന്ന ലോറികള്‍ കോയമ്പത്തൂരിലെ രഹസ്യകേന്ദ്രങ്ങളില്വെച്ച് രൂപമാറ്റം വരുത്തിയും വ്യാജ നമ്പര്‍പ്ലേറ്റ് വെച്ചും കഞ്ചാവ് കടത്താനായി ഉപയോഗിക്കുന്നതായി സൂചന ലഭിച്ചതായും പോലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിനു കസ്റ്റഡിയില്‍ വാങ്ങുമെന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്കുമാര്‍, ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍ എന്നിവര്‍ അറിയിച്ചു.
മോഷണംപോയ ലോറിയെക്കുറിച്ചുള്ള അന്വേഷണം, പിടിയിലായത് കഞ്ചാവ് കടത്തുകാര്‍
പെരിന്തല്‍മണ്ണ: കഞ്ചാവ് പിടികൂടിയ കേസില്‍ പോലീസിന് സഹായമായത് ഓഗസ്റ്റ് ഏഴിന് പെരിന്തല്‍മണ്ണയില്‍നിന്ന് മോഷണംപോയ ലോറിയെക്കുറിച്ചുള്ള അന്വേഷണം. പെരിന്തല്‍മണ്ണ സവിത തിയേറ്ററിനുസമീപം ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട ലോറിയാണ് മോഷണംപോയത്.
തുടര്‍ന്ന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും മുന്‍പ് ലോറി മോഷണങ്ങളില്‍ പ്രതികളായവരേയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിലാണ് മുഹമ്മദ് ആഷിഖിനെ തിരിച്ചറിഞ്ഞത്. അന്വേഷണത്തിനിടെ ഞായറാഴ്ച രാത്രി കോയമ്പത്തൂര്‍ സേലം ഹൈവേയില്‍ കാറില്വരിയായിരുന്ന ആഷിഖിനെയും കൂടെയുണ്ടായിരുന്ന നൗഫലിനെയും ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കലും എസ്.ഐ. നൗഷാദുമടങ്ങുന്ന സംഘം കസ്റ്റഡിയിലെടുത്ത് പെരിന്തല്‍മണ്ണയിലെത്തിച്ചു. ചോദ്യംചെയ്യലില്‍ ലോറി മോഷണം സമ്മതിക്കുകയും ഒഡിഷയില്‍നിന്നാണ് വരുന്നതെന്നും ഇവര്‍ അറിയിച്ചു. കൂടുതല്‍ ചോദ്യംചെയ്തപ്പോളാണ് ഒഡിഷയില്‍നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന ഇവരുള്‍പ്പെടുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. ഒഡിഷയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് സംഘത്തിലുള്‍പ്പെട്ട ഒരാള്‍ ലോറിയില്‍ കഞ്ചാവുമായി വരുന്നുണ്ടെന്നും ഇവര്‍ ആ ലോറിയുടെ മുന്പില് അകമ്പടിയായി കാറില്‍വരുന്ന വഴിയാണ് പോലീസ് പിടിയിലായതെന്നും പ്രതികള്‍ പറഞ്ഞു. ഇവര്‍ പിടിയിലായ വിവരം ലോറി ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. ലോറിയുടെ അടയാളങ്ങള്‍ മനസ്സിലാക്കിയുള്ള അന്വേഷണത്തിലാണ് കരിങ്കല്ലത്താണി പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ലോറിയും കഞ്ചാവും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് കൊണ്ടുവന്ന ലോറി കര്‍ണാടക രജിസ്ട്രേഷനിലുള്ളതാണ്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കും.
പെരിന്തല്‍മണ്ണയില്‍നിന്ന് മോഷണംപോയ ലോറി കോയമ്പത്തൂരില്‍ രൂപമാറ്റം വരുത്താനായി നല്‍കിയിരിക്കുകയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തില്‍ സി.പി. മുരളീധരന്, പി.എസ്. ഷിജു, എന്‍.ടി. കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, പ്രശാന്ത്, സജീര്‍, കെ. ദിനേശ്, മുഹമ്മദ് ഫൈസല്‍, മിഥുന് തുടങ്ങിയവരുമാണ് ഉണ്ടായിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..