-
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ അടഞ്ഞുകിടന്ന ഹോട്ടലിനുള്ളിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന ഒരുകോടി രൂപ വിലവരുന്ന കഞ്ചാവ് എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കീഴാറ്റിങ്ങൽ സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
ചാക്കുകളിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. 40 കിലോയിലധികം വരുമെന്നാണ് കണക്കാക്കുന്നത്.
ഒരാളിന്റെ വീട്ടിൽനിന്ന് കഞ്ചാവ് തൂക്കി വിൽക്കുന്നതിനുള്ള ഉപകരണവും നോട്ടെണ്ണൽ മെഷീനും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു കാറും ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ തുടങ്ങിയ പരിശോധന വൈകിയും തുടർന്നു.
ദേശീയപാതയിൽ ആലംകോടിനു സമീപം പ്രവർത്തനം നിലച്ച അവിക്സ് സൊസൈറ്റിയുടെ ഒരു ഭാഗം ഹോട്ടൽ നടത്താനായി വാടകയ്ക്കു നൽകിയിരുന്നു. ഇവിടെയും പിടിയിലായ അർജ്ജുൻ എന്നയാളിന്റെ വീട്ടിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
സവാള മൊത്തവ്യാപാരത്തിന്റെയും പൗൾട്രി ഫാമുകളിലേക്ക് കോഴികളെ എത്തിക്കുന്നതിന്റെയും മറവിലായിരുന്നു കഞ്ചാവ് കടത്തൽ. ആന്ധ്രാപ്രദേശിൽനിന്നു സവാള കൊണ്ടുവന്ന ലോറിയിൽനിന്ന് കഞ്ചാവ് സംഭരണകേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെയാണ് പിടികൂടിയതെന്ന് സി.ഐ. അജിദാസ് പറഞ്ഞു.
എക്സൈസ് കമ്മിഷണർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്കെത്തിച്ചതാണ് കഞ്ചാവെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിനു പിന്നിൽ വൻ സംഘമുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. കൂടുതൽ പേർക്കായി തിരച്ചിൽ നടക്കുന്നുണ്ട്.
ആറ്റിങ്ങൽ സി.ഐ. എസ്.അജിദാസ്, വർക്കല സി.ഐ. നൗഷാദ്, കിളിമാനൂർ എസ്.ഐ. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Content Highlights:ganja seized from attingal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..