പാലക്കാട്: 2019 മേയ്മാസത്തില്‍ കള്ളുഷാപ്പിനടുത്തുനിന്ന് സ്പിരിറ്റ് പിടികൂടിയതുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കയച്ച കള്ളില്‍ കഞ്ചാവിന്റെ അംശമുണ്ടെന്ന് രാസപരിശോധനാഫലം. ഇതേത്തുടര്‍ന്ന് തൃത്താല മേഖലയിലെ ഏഴ് ഗ്രൂപ്പുകളിലെ എട്ട് ലൈസന്‍സികള്‍ക്കെതിരേ എക്സൈസ് കേസെടുത്തു. ഇവരുടെ ലൈസന്‍സിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന 41 ഷാപ്പുകള്‍ ഉടനടി അടച്ചിടാന്‍ എക്സൈസ് കമ്മിഷണര്‍ ഉത്തരവിട്ടു. പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
ഗ്രൂപ്പ് രണ്ടിലെ ലൈസന്‍സുടമ കൊപ്പം സ്വദേശി പി. ശ്രീദാസ്, ഗ്രൂപ്പ് നാലില്‍ തൃശ്ശൂര്‍ പെരുമ്പിലാവ് സ്വദേശി ഷീന, പറളി ഓടനൂര് വലിയപറമ്പില്‍ സുരേഷ്,
ഗ്രൂപ്പ് അഞ്ചില്‍ തൃത്താല മേഴത്തൂര്‍ കെ. ഹരിദാസ്, ഗ്രൂപ്പ് ഒമ്പതില്‍ പറളി ഓടനൂര് വി.ആര്. രാേജഷ്, ഗ്രൂപ്പ് 11-ല്‍ പട്ടാമ്പി സ്വദേശി എം. മനോജ്, ഗ്രൂപ്പ് 13-ല്‍ പട്ടാമ്പിസ്വദേശി എം.പി. തങ്കച്ചന്, ഗ്രൂപ്പ് 15-ല്‍ പട്ടാമ്പിസ്വദേശി പി. രമേശ് എന്നിവര്‍ക്കെതിരെയാണ് അബ്കാരി ചട്ടമനുസരിച്ച് കേസെന്ന് പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി.പി. സുലേഷ് കുമാര്‍ പറഞ്ഞു
2019-മേയ് 26-നാണ് തൃത്താലയ്ക്കടുത്ത വാവന്നൂരിലെ കള്ളുഷാപ്പിനടുത്ത പറമ്പില്‍ നിര്‍ത്തിയിട്ട വാനിന്റെ രഹസ്യ അറയില്‍നിന്ന് സ്പിരിറ്റ് പിടിച്ചത്. സമീപത്ത് മറ്റൊരുവാഹനത്തില്‍ 1500 ലിറ്റര്‍ കള്ളും ഉണ്ടായിരുന്നു. കള്ളില്‍ ചേര്ക്കാനെത്തിച്ച സ്പിരിറ്റാണിതെന്ന് എക്സൈസ് രഹസ്യാന്വേഷണവിഭാഗം പറഞ്ഞിരുന്നു. അന്ന് പരിശോധനക്കെടുത്ത അഞ്ച് സാമ്പിളുകളില്‍ ഒന്നിലാണ് കഞ്ചാവിന് ലഹരിനല്‍കുന്ന രാസപദാര്‍ഥമായ കന്നാബിനോയ്ഡിന്റെ അംശമുള്ളതായി കണ്ടെത്തിയത്. എന്നാല്‍, ഈ രാസവസ്തുവിന്റെ അംശം എത്രമാത്രമുണ്ടെന്ന് വ്യക്തമായിട്ടില്ല. കള്ളിന് വീര്യംകൂട്ടാന്‍ കഞ്ചാവ് കിഴി കെട്ടിയിടുന്നതായുള്ള ആരോപണങ്ങള്‍ ശരിവെക്കുന്നതാണിത്. ഒറ്റപ്പാലം എക്സൈസ് സി.െഎ. ആണ് കേസന്വേഷിച്ചത്.
Content Highlights: ganja mixed in toddy; 41 toddy shops in thrithala will be closed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..