
അങ്കിത് ഗുജ്ജാർ | Photo: twitter.com|Tushar_KN
ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാത്തലവന് അങ്കിത് ഗുജ്ജാറി(29)നെ തിഹാര്‍ ജയിലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിഹാര്‍ ജയില്‍ കോംപ്ലക്സിലെ മൂന്നാം നമ്പര്‍ ജയിലിലാണ് അങ്കിതിനെ ബുധനാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്. യുവാവിനെ നാലുപേര്‍ ചേര്‍ന്ന് തല്ലിക്കൊന്നതായാണ് പ്രാഥമിക അന്വേഷണത്തിലെ വിവരമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അങ്കിതിനെ ജയില്‍ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതാണെന്ന് പിതാവ് വിക്രം സിങ്ങും ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്ക് പണം നല്കാത്തതിനാല് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും പതിനായിരം രൂപ ഉദ്യോഗസ്ഥര്‍ മകനോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഹരിയാണയില്‍നിന്നാണ് അങ്കിത് ഗുജ്ജാറിനെ ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ പിടികൂടിയത്. തുടര്‍ന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ ഉത്തര്‍പ്രദേശിലെ സുന്ദര്‍ഭാട്ടിയുടെ ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു അങ്കിത്. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇതില്‍ എട്ട് കൊലക്കേസുകളും ഉള്‍പ്പെടുന്നു.
യു.പി. പോലീസ് ഒരു ലക്ഷം രൂപയും ഡല്‍ഹി പോലീസ് 25,000 രൂപയും വിലയിട്ടിരുന്ന കുറ്റവാളിയായിരുന്നു അങ്കിത്. ഗ്രേറ്റര്‍ നോയിഡയില്‍ ബി.ജെ.പി. നേതാവ് വിജയ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2016-ല്‍ യു.പി. പോലീസ് അറസ്റ്റ് ചെയ്തെങ്കിലും മൂന്നുവര്‍ഷത്തിനുശേഷം ജാമ്യത്തിലിറങ്ങി. പിന്നീട് ഗുണ്ടാത്തലവനായ രോഹിത് ചൗധരിക്കൊപ്പമായിരുന്നു അങ്കിതിന്റെ വിളയാട്ടം. 'ചൗധരി-ഗുജ്ജാര്‍' സംഘമെന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.
Content Highlights: gangster ankit gujjar found dead in tihar jail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..