കൊല്ലപ്പെട്ട ദസരി മേരി ഹാർട്ട്‌നെറ്റ്, പിടിയിലായ ഗ്രിഗറി പോൾ ഹാർട്ട്‌നെറ്റ്
ഗാൽവസ്റ്റൺ(ഹൂസ്റ്റൺ, യുഎസ്): ഗാൽവസ്റ്റൺ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്ട്(ഗാൽവസ്റ്റൺ ഐ.എസ്.ഡി) അധ്യാപിക ദസരി മേരി ഹാർട്ട്നെറ്റ്(61) കൊല്ലപ്പെട്ട കേസിൽ മകൻ ഗ്രിഗറി പോൾ ഹാർട്ട്നെറ്റിനെ(32) ഗാൽവസ്റ്റൺ പോലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 28-നാണ് അധ്യാപികയെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. രാത്രി ഒമ്പത് മണിക്ക് പൈൻ സ്ട്രീറ്റിലെ 2800 ബ്ലോക്കിലെ വീട്ടിൽ വഴക്ക് നടക്കുന്നതായി പോലീസിന് ഫോൺസന്ദേശം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോളാണ് ചോരയിൽ കുളിച്ചുകിടക്കുന്ന അധ്യാപികയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
അമ്മയും മകനും തമ്മിൽ വഴക്കുണ്ടായതായും ഇത് പിന്നീട് മർദനത്തിൽ കലാശിച്ചെന്നുമാണ് പോലീസിന്റെ നിഗമനം. സംഭവത്തിന് ശേഷം രക്ഷപ്പെട്ട മകനെ സമീപപ്രദേശത്തുനിന്ന് പോലീസ് പിടികൂടി. ഇയാളെ പിന്നീട് ഗാൽവസ്റ്റൺ കൗണ്ടി ജയിലിലേക്ക് മാറ്റി. പ്രതിക്ക് ഗാൽവസ്റ്റൺ കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് 3,00,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു.
ദീർഘകാലം ഗാൽവസ്റ്റൺ ഐ.എസ്.ഡിയിൽ അധ്യാപികയായിരുന്ന മേരി ഹാർട്ട്നെറ്റ് അടുത്തിടെയാണ് വിരമിച്ചത്. എന്നാൽ കോവിഡ് കാലത്ത് ഓൺലൈൻ അധ്യാപികയായി വീണ്ടും സർവീസിൽ പ്രവേശിച്ചു. ഇവരുടെ 31-ാം വിവാഹവാർഷികം ഈ വർഷമാദ്യം ആഘോഷിച്ചിരുന്നു.
വാർത്ത അയച്ചത്: പി.പി.ചെറിയാൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..