കുട്ടികളുടെ സിസിടിവി ദൃശ്യം.
പാലക്കാട്: ആലത്തൂരില്‍നിന്ന് സഹപാഠികളായ നാല് വിദ്യാര്‍ഥികളെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേരും തമിഴ്നാട്ടില്‍ എത്തിയതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിലവില്‍ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പാലക്കാട് ആലത്തൂരില്‍നിന്നുള്ള പോലീസ് സംഘങ്ങള്‍ തമിഴ്നാട്ടിലെ പലയിടങ്ങളിലും തിരച്ചില്‍ തുടരുകയാണ്.
കാണാതായത് നവംബര്‍ മൂന്ന് മുതല്‍...
നവംബര്‍ മൂന്നാം തീയതിയാണ് ആലത്തൂര്‍ സ്വദേശികളായ നാല് വിദ്യാര്‍ഥികളെ കാണാതായത്. ഇതില്‍ രണ്ടുപേര്‍ ഇരട്ടസഹോദരിമാരാണ്. എല്ലാവരും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഇവരിലൊരാളുടെ കൈയില്‍ മൊബൈല്‍ ഫോണുണ്ടെങ്കിലും മൂന്നാം തീയതി മുതല്‍ ഇത് സ്വിച്ച് ഓഫാണ്. വീട് വിട്ടിറങ്ങി ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് കുട്ടികളെ കാണാതായത് വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ആദ്യം പാലക്കാട്ടേക്ക്, പിന്നീട് തമിഴ്നാട്ടിലേക്ക്...
ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയ നാല് വിദ്യാര്‍ഥികളും ആദ്യം പാലക്കാട്ടേക്ക് പോയതായാണ് പോലീസിന്റെ നിഗമനം. ആലത്തൂര്‍ ദേശീയപാതയില്‍ സ്വാതി ജംങ്ഷനിലേക്ക് വിദ്യാര്‍ഥികള്‍ നടന്നുപോകുന്നത് കണ്ടവരുണ്ട്. പാലക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇവിടെനിന്ന് ബസില്‍ കയറി ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് നിഗമനം. കുട്ടികള്‍ കഴിഞ്ഞദിവസം പൊള്ളാച്ചിയില്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊള്ളാച്ചിയില്‍നിന്ന് ഇവരുടെ വ്യക്തമായ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. എന്നാല്‍ പൊള്ളാച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
മുന്‍കൂട്ടി ആസൂത്രണം ചെയ്തു, കറങ്ങിനടക്കുകയാണെന്ന് പോലീസ്...
വിദ്യാര്‍ഥികളായ നാലുപേരും മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് വീട് വിട്ടിറങ്ങിയതെന്നാണ് പോലീസിന്റെ നിഗമനം. വീടുകളില്‍നിന്നെടുത്ത കുറച്ച് പണം ഇവരുടെ കൈയിലുണ്ട്. മുതിര്‍ന്നവരുടെ കൂടെയല്ലാതെ കുട്ടികളെ കണ്ട് കാര്യം തിരക്കിയവരോട് ഇവര്‍ തന്ത്രപൂര്‍വമാണ് പെരുമാറിയത്. ആര്‍ക്കും സംശയം തോന്നാത്തവിധത്തിലായിരുന്നു കുട്ടികളുടെ പെരുമാറ്റമെന്നും പൊള്ളാച്ചിയില്‍ പലയിടത്തും ഇവരെ കണ്ടതായും പോലീസ് പറയുന്നു.
കഴിഞ്ഞ നാല് ദിവസമായി കുട്ടികളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് ആലത്തൂര്‍ പോലീസ്. പൊള്ളാച്ചി വരെ കുട്ടികള്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ആലത്തൂര്‍ സി.ഐ. റിയാസ് ചാക്കീരി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ തുടരുകയാണെന്നും കുട്ടികള്‍ വെറുതെ കറങ്ങിനടക്കുകയാണെന്നും യാത്രയ്ക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളില്ലെന്നാണ് നിലവിലെ നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 14 വയസ്സാണ് നാലുപേരുടെയും പ്രായം. കുട്ടികളായതിനാല്‍ സാധാരണരീതിയില്‍ താമസസൗകര്യം കിട്ടാനെല്ലാം ബുദ്ധിമുട്ടാണ്. എന്നാല്‍ തമിഴ്നാട്ടില്‍ നിരവധി ഹോംസ്റ്റേകൾ പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃതമായാണെങ്കിലും ഇവിടെയെല്ലാം താമസസൗകര്യം ലഭിക്കാനും സാധ്യതയുണ്ട്. കുട്ടികള്‍ ഇങ്ങനെ കറങ്ങിനടക്കുന്നത് അപകടകരമാണെന്നും എത്രയും പെട്ടെന്ന് കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
14 വയസ്സ് പ്രായം
കാണാതായ നാല് കുട്ടികള്‍ക്കും 14 വയസ്സാണ് പ്രായം. ഇരട്ടസഹോദരിമാരായ പെണ്‍കുട്ടികള്‍ കാണാതാകുന്ന സമയം ജീന്‍സും ടീഷര്‍ട്ടും ആണ് ധരിച്ചിരുന്നത്. എന്നാല്‍ ഇവര്‍ പിന്നീട് വസ്ത്രം മാറിയിട്ടുണ്ട്. ആണ്‍കുട്ടികളുടെ വേഷം ഷര്‍ട്ടും ജീന്‍സുമാണ്. ഒരാള്‍ ഇളംപച്ച ഷര്‍ട്ടും രണ്ടാമത്തെയാള്‍ ഡിസൈനോട് കൂടി പച്ച ഷര്‍ട്ടുമാണ് കാണാതാകുന്ന സമയത്ത് ധരിച്ചിരുന്നത്. കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987151, 9497980600, 9497963023 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.
സൂര്യയെ കാണാതായിട്ടും മാസങ്ങള്‍...
ആലത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് കോളേജ് വിദ്യാര്‍ഥിനിയായ 21-കാരിയെ കാണാതായി രണ്ട് മാസം പിന്നിടുമ്പോളാണ് നാല് സ്കൂള്‍ വിദ്യാര്‍ഥികളെയും കാണാതായിരിക്കുന്നത്. 2021 ഓഗസ്റ്റ് 30-നാണ് പാലക്കാട് മേഴ്സി കോളേജ് വിദ്യാര്‍ഥിനിയും ആലത്തൂര്‍ സ്വദേശിയുമായ സൂര്യ കൃഷ്ണനെ കാണാതായത്. ഈ കേസില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്.
ആലത്തൂര്‍ ടൗണിലേക്ക് പുസ്തകം വാങ്ങാനായാണ് സൂര്യ വീട്ടില്‍നിന്നിറങ്ങിയത്. ബാഗില്‍ രണ്ട് ജോഡി വസ്ത്രങ്ങളും എടുത്തിരുന്നു. പണമോ എ.ടി.എം. കാര്‍ഡോ മൊബൈല്‍ ഫോണോ എടുത്തിരുന്നില്ല. സംഭവത്തില്‍ തമിഴ്നാട്ടിലും ഗോവയിലും ഉള്‍പ്പെടെ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
Content Highlights: four school students missing from alathur palakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..