പ്രതീകാത്മക ചിത്രം | Reuters
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കുന്ന അന്തസ്സംസ്ഥാനസംഘത്തിലെ നാലുമലയാളികളെ ബെംഗളൂരുവില്‍ പോലീസ് അറസ്റ്റുചെയ്തു. ജെ.പി. നഗറില്‍ താമസിക്കുന്ന മുഹമ്മദ് സാഹില്‍, ഫൈസല്‍, ഫസല്‍, അബ്ദുള്‍ മനാസ് എന്നിവരാണ് അറസ്റ്റിലായത്. 31.5 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
കള്ളപ്പണക്കാരില്‍നിന്ന് പണം വാങ്ങി വിവിധ അക്കൗണ്ടുകളിലേക്ക് പലതവണയായി നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കുകയാണ് പതിവ്. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് മാസം 60,000 രൂപ കമ്മിഷന്‍ വാങ്ങിയതായി പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കി. മറ്റൊരാളുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും മൊഴി നല്‍കിയിട്ടുണ്ട്.
ജെ.പി.നഗറിലെ വീട്ടിലെത്തിയാണ് ഇടപാടുകാര്‍ പിടിയിലായവര്‍ക്ക് കള്ളപ്പണം നല്‍കിയിരുന്നത്. നിക്ഷേപിക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍ വാട്സാപ്പ് വഴി നല്‍കും. പ്രതികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 20,15,700 രൂപയും വിവിധ ബാങ്കുകളില്‍ പണം നിക്ഷേപിച്ചതിന്റെ 2656 സ്ലിപ്പുകളും നോട്ടെണ്ണല്‍ ഉപകരണവും കണ്ടെടുത്തു. 185 അക്കൗണ്ടുകളിലേക്കായി 31.5 കോടി നിക്ഷേപിച്ചതായും കണ്ടെത്തി. കള്ളപ്പണം നിക്ഷേപിച്ച 2656 അക്കൗണ്ടുകളുടെ വിവരം ലഭിച്ചിട്ടുണ്ടെന്ന് ഡി.സി.പി. ഹരീഷ് പാണ്ഡെ പറഞ്ഞു.
കഴിഞ്ഞദിവസം കണക്കില്‍പ്പെടാത്ത ഒരുലക്ഷം രൂപ നിക്ഷേപിക്കാന്‍ ജരഗനഹള്ളിയിലെ എ.ടി.എമ്മിലെത്തിയ മുഹമ്മദ് സാഹിലിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതോടെയാണ് മറ്റുപ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. എ.ടി.എമ്മില്‍ പണം നിക്ഷേപിക്കാനെത്തിയ മുഹമ്മദ് സാഹില്‍ ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയിരുന്നില്ല. ഇതിനിടെ, എ.ടി.എമ്മിലെത്തിയ ബിസിനസുകാരനായ ടി.എസ്. വെങ്കടേഷ്, സാഹിലിന്റെ കൈവശം വടിവാള്‍ കണ്ടു. ഇതോടെ വെങ്കടേഷ് നാട്ടുകാരെ വിവരമറിയിച്ചു. ഇതിനിടെ മുഹമ്മദ് വടിവാള്‍ വീശിയെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സാഹിലില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുപ്രതികളെ പിടികൂടിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..