അപകടസ്ഥലത്തെ ദൃശ്യം(ഇടത്ത്) മരിച്ച ശിൽപയുടെയും ജീനയുടെയും സുഹൃത്തുക്കൾ കിംസ് ആശുപത്രിക്ക് മുന്നിൽ(വലത്ത്) ഇൻസെറ്റിൽ അപകടത്തിൽ മരിച്ച അഭിലാഷ്, ഫാദിൽ, ശിൽപ, ജീന | ഫോട്ടോ: മാതൃഭൂമി
ബെംഗളൂരു: ബെംഗളൂരുവില്‍ ഇലക്ട്രോണിക് സിറ്റിക്കടുത്ത് നൈസ് റോഡില്‍ വെള്ളിയാഴ്ചരാത്രിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച രണ്ടു പേരെക്കൂടി തിരിച്ചറിഞ്ഞു. ഒറ്റപ്പാലം തൃക്കിടീരി അരവിന്ദത്തില്‍ അരവിന്ദാക്ഷന്റെ മകന്‍ അഭിലാഷ് (27), തിരുവനന്തപുരം പ്രാവച്ചമ്പലം പരേതനായ തങ്കപ്പന്‍നായരുടെ മകള്‍ ടി.ജി. ജീന (28) എന്നിവരെയാണ് ശനിയാഴ്ച പുലര്‍ച്ചയോടെ തിരിച്ചറിഞ്ഞത്.
പാലക്കാട് മുതുതല ശരത് വിഹാറില്‍ ഉണ്ണിക്കൃഷ്ണന്റെ മകള്‍ കെ. ശില്പ (30), ബെംഗളൂരു രൂപേന അഗ്രഹാരയില്‍ താമസിക്കുന്ന കോഴിക്കോട് തലക്കുളത്തൂര്‍ പറമ്പത്ത് പിലാക്കില്‍ റഹീമിന്റെ മകന്‍ മുഹമ്മദ് ഫാദില്‍ (25) എന്നിവരെ വെള്ളിയാഴ്ച രാത്രിതന്നെ തിരിച്ചറിഞ്ഞിരുന്നു.
അഭിലാഷ് ഇലക്ട്രോണിക് സിറ്റിയിലെയും ഫാദില്‍ മഹാദേവപുരയിലെയും ഐ.ടി.കമ്പനികളില്‍ ജീവനക്കാരാണ്. മടിവാളയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അക്കൗണ്ടന്റ് എന്ന സ്ഥാപനത്തില്‍ അധ്യാപികയാണ് ശില്പ. കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ് കോഴ്സിന് പഠിക്കുകയായിരുന്നു ജീന. വെള്ളിയാഴ്ച രാത്രി പത്തരയോടെ ഇവര്‍ മൈസൂരു റോഡ് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറിനു പുറകില്‍ അതി വേഗത്തിലെത്തിയ ലോറിയിടിക്കുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ മുമ്പിലുണ്ടായിരുന്ന മറ്റൊരു കാറിലിടിച്ചു. ഈ കാര്‍ മുമ്പിലുണ്ടായിരുന്ന വേറൊരു ലോറിയിലിടിച്ചു. ഇതിനു തുടര്‍ച്ചയായി മറ്റൊരു കാറും രണ്ടു ലോറികളും അപകടത്തില്‍പ്പെട്ടു. മറ്റു കാറുകളിലുണ്ടായിരുന്ന ആറു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളികള്‍ സഞ്ചരിച്ച കാര്‍ തകര്‍ന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. നാട്ടില്‍ പോയശേഷം ചൊവ്വാഴ്ച മടങ്ങിയെത്തിയതായിരുന്നു അഭിലാഷ്. അമ്മ: ബാലാമണി. സഹോദരി: അപര്‍ണ. ഫാദിലിന്റെ മാതാവ്: ജസീറ. സഹോദരങ്ങള്‍: അസീസ്, ഹന ാത്തിമ. ശില്പയുടെ അമ്മ: പുഷ്പലത. സഹോദരങ്ങള്‍: ശരത്, ശിഖ. ജീനയുടെ അമ്മ: ഗിരിജ കുമാരി. സഹോദരി: ഗംഗ. അഭിലാഷിന്റെയും ഫാദിലിന്റെയും ശില്പയുടെയും മൃതദേഹങ്ങള്‍ കിംസ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഓള്‍ ഇന്ത്യ കെ.എം.സി.സി.യുടെ സഹായത്തോടെ നാട്ടിലേക്കയച്ചു.
നൈസ് റോഡിലെ വാഹനാപകടം; നടുങ്ങി മലയാളികള്‍
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്കടുത്തുള്ള നൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ നടുങ്ങി ബെംഗളൂരു മലയാളികള്‍. മലയാളികളായ രണ്ടു യുവാക്കളുടെയും രണ്ടു യുവതികളുടെയും ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്. ഇവര്‍ക്കൊപ്പം താമസിക്കുകയും ജോലിചെയ്യുകയും ചെയ്തുവന്നവര്‍ക്ക് ദുരന്തം വലിയ വേദനയായി.
അപകടത്തില്‍ മരിച്ച കെ. ശില്‍പ്പയും ടി.ജി. ജീനയും ഒന്നിച്ചായിരുന്നു താമസം. ശില്‍പ്പ അധ്യാപികയായി ജോലിചെയ്യുകയും ജീന പഠിക്കുകയുമായിരുന്നു. ഇവരുടെ മൃതദേഹങ്ങളെത്തിച്ച ബെംഗളൂരു കിംസ് ആശുപത്രിക്കുമുമ്പില്‍ ശനിയാഴ്ച ഇവരുടെ സുഹൃത്തുക്കളും എത്തിയിരുന്നു. പ്രിയപ്പെട്ട കൂട്ടുകാരികളുടെ അപ്രതീക്ഷിത വിയോഗത്തില്‍ അവര്‍ കണ്ണീരടക്കാന്‍ പാടുപെട്ടു.
അപകടം നടന്നതിന്റെ രീതിയും നടുക്കമുണ്ടാക്കുന്നതായിരുന്നു. മലയാളികളായ നാലുപേര്‍ സഞ്ചരിച്ച കാറില്‍ അമിതവേഗത്തിലെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വേറെ രണ്ടു കാറുകളും മൂന്നുലോറികളും അപകടത്തില്‍പ്പെട്ടു. കാറുകള്‍ തകര്‍ന്നു. മലയാളികളുടെ കാറിലിടിച്ച ലോറിയുടെ ഡ്രൈവര്‍ അപകടമുണ്ടായ ഉടന്‍ ഓടിരക്ഷപ്പെട്ടു. കാറിലുണ്ടായിരുന്നവര്‍ തത്ക്ഷണം മരിക്കാനിടയാക്കുന്നത്ര ആഘാതത്തിലായിരുന്നു ലോറി ഇടിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു
അപകടം. അപകട വിവരമറിഞ്ഞ് ഓള്‍ ഇന്ത്യ കെ.എം.സി.സി.യുടെ പ്രവര്‍ത്തകരായ മലയാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തി.
മരിച്ചവരെ തിരിച്ചറിയാനും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റാനും ഇവര്‍ പോലീസിനെ സഹായിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..