നൗഷാദ്, സഹീർ, മുസ്തഫ
കൊണ്ടോട്ടി: തേഞ്ഞിപ്പലം സ്വദേശിയായ മുപ്പത്താറുകാരനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. പുളിക്കല്‍ ചെറുകാവ് കുണ്ടേരിയാലുങ്ങല്‍ കോടംവീട്ടില്‍ നൗഷാദ് (36), പള്ളിക്കല്‍ റൊട്ടിപ്പീടിക പുള്ളിശ്ശേരിക്കുണ്ട് മുസ്തഫ (40), ആണൂര്‍ പള്ളിക്കല്‍ ബസാര്‍ ചാലൊടി സഹീര്‍ (40) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
ആക്രമണത്തിനിരയായ യുവാവ് മുന്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണ്. യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കാനുള്ള കാരണം വിശദമായി അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സംഘടന വിട്ടതിലുള്ള പ്രതികാരമാണെന്നാണു സൂചന.
കഴിഞ്ഞ 20-ന് രാത്രിയില്‍ യുവാവിനെ പള്ളിക്കലിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി കരിപ്പൂരിലുള്ള എസ്.ഡി.പി.ഐ. നേതാവിന്റെ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു.
നഗ്നനാക്കി മാരകായുധങ്ങളുപയോഗിച്ചും കെട്ടിത്തൂക്കിയും മര്‍ദിക്കുകയും വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചതായും യുവാവ് പോലീസിനോടു പറഞ്ഞു. പരിക്കേറ്റ യുവാവിനെ പുലര്‍ച്ചെ വീട്ടില്‍ ഉപേക്ഷിച്ച് സംഘം കടന്നു. പോലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ഇക്കാരണത്താല്‍ യുവാവ് പരാതി നല്‍കിയിരുന്നില്ല.
കഴിഞ്ഞ എട്ടാംതീയതി അര്‍ധരാത്രി മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം മാരകായുധങ്ങളുമായി വീട്ടിലെത്തി വധഭീഷണി ഉയര്‍ത്തിയതോടെയാണ് ഇയാള്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് മൂന്നുപേരെ പിടികൂടിയത്. കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഡിവൈ.എസ്.പി. കെ. അഷ്റഫിന്റെ നേതൃത്വത്തില്‍ തേഞ്ഞിപ്പലം ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, കരിപ്പൂര്‍ ഇന്‍സ്പെക്ടര്‍ പി. ഷിബു, കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ പ്രമോദ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണന് മാരാത്ത്, പി. സഞ്ജീവ്, രതീഷ്, എസ്.ഐ. ദിനേശന്, എ.എസ്.ഐ. രവി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..