പിടിച്ചെടുത്ത ആനക്കൊമ്പുകളും പ്രതിയുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ
കല്പറ്റ: മേപ്പാടിയിൽ തൊള്ളായിരം വനത്തിനുള്ളിൽ വീണ് പരിക്കേറ്റ് ചരിഞ്ഞ ആനയുടെ കൊമ്പുകൾ ഊരിയെടുത്ത ഇടുക്കി സ്വദേശി പിടിയിൽ. ബൈസൺവാലി മൗൻസ് പുരത്തിൽ വീട്ടിൽ പീർമുഹമ്മദ് ബാഷ (54) ആണ് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. എമറാൾഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇവിടെയുള്ള തോട്ടം നടത്തിപ്പുകാരനാണ് പീർമുഹമ്മദ് ബാഷ. ബൈസൺവാലി മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമാണ് പീർമുഹമ്മദ് ബാഷ.
ആനക്കൊമ്പ് ഊരിയെടുക്കാൻ ഇയാളോടൊപ്പം ഉണ്ടായിരുന്ന സ്ഥലം ഉടമയെയും ഇടുക്കി സ്വദേശികളായ മറ്റു മൂന്നുപേരെയും കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി. സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റേഞ്ചിൽ മുണ്ടക്കൈ സ്റ്റേഷൻ പരിധിയിലെ തൊള്ളായിരം കാട്ടിമറ്റം വനത്തിനുള്ളിൽ വീണ് പരിക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ കൊമ്പുകളാണ് പ്രതിയിൽനിന്ന് പിടിച്ചെടുത്തത്. ആനയുടെ ജഡത്തിൽ നിന്ന് ഊരിയെടുത്ത കൊമ്പുകളാണ് പ്രതിയുടെ കൈവശമുണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു. തൊള്ളായിരം ഭാഗത്തെ തോട്ടം തൊഴിലാളികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. ആനക്കൊമ്പ് കടത്താൻ ഇവർ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വനം വകുപ്പിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് 24 മണിക്കൂറിനകം തന്നെ പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ബാബുരാജ് പറഞ്ഞു. സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. രഞ്ജിത് കുമാറിന്റെ നേതൃത്വത്തിൽ മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ. ബാബുരാജ്, മുണ്ടക്കൈ സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.ബി. മനോജ് കുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വി. മനോജ്, കെ. മണി, കെ.സി. ശിവരാമൻ, വി.എസ്. ജയചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി. ഷിഹാബ്, ജോമിഷ് കെ. ജോണി, വി. ദാസൻ, കെ. നിഥിൻ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
Content Highlights: Former Panchayath President arrested with elephant tusk


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..