സര്‍ക്കാര്‍ ഫണ്ട് കട്ടുമുടിച്ചു; ഹോളിവുഡ് സിനിമ, ആഡംബരം; മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി ജയിലില്‍


File Photo | AP

ക്വാലാലംപുര്‍: സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന കേസില്‍ മലേഷ്യയിലെ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെ ജയിലിലടച്ചു. കേസില്‍ 12 വര്‍ഷത്തെ തടവിനാണ് മുന്‍ പ്രധാനമന്ത്രിയെ ശിക്ഷിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ പേരിലുള്ള '1 മലേഷ്യ ഡെവലപ്‌മെന്റ് ബെര്‍ഹാദ്(1MDB)' ഫണ്ടില്‍നിന്ന് 4.5 ബില്യണ്‍ ഡോളര്‍ തുക സ്വന്തം ആവശ്യങ്ങള്‍ക്കും ആഡംബരത്തിനുമായി ചെലവഴിച്ചതിനാണ് നജീബിനെ കോടതി ശിക്ഷിച്ചത്. കേസില്‍ നജീബ് കുറ്റക്കാരനാണെന്ന് 2020-ല്‍ കോടതി കണ്ടെത്തിയിരുന്നെങ്കിലും ഈ വിധിക്കെതിരേ അദ്ദേഹം അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ മലേഷ്യന്‍ പരമോന്നത കോടതിയിലെ അഞ്ചംഗ ബെഞ്ച് അപ്പീല്‍ തള്ളിയതോടെയാണ് മുന്‍ പ്രധാനമന്ത്രിയെ കഴിഞ്ഞദിവസം ജയിലിലടച്ചത്. കേസിന്റെ രണ്ടാംഘട്ട വിചാരണയ്ക്കായി ബുധനാഴ്ച ഇദ്ദേഹത്തെ വീണ്ടും കോടതിയില്‍ ഹാജരാക്കി.

മുന്‍ പ്രധാനമന്ത്രി പി.എം. അബ്ദുള്‍ റസാഖ് ഹുസൈന്റെ മകനായ നജീബ് റസാഖ് 2009 മുതല്‍ 2018 വരെയാണ് മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്നത്. യുണൈറ്റഡ് മലേഷ്യ നാഷണല്‍ ഓര്‍ഗനൈസേഷന്‍(യു.എന്‍.എം.ഒ.) പാര്‍ട്ടിയുടെ പ്രസിഡന്റുമായിരുന്നു. പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് പിന്നാലെ അദ്ദേഹം മുന്‍കൈയെടുത്ത് ആരംഭിച്ചതായിരുന്നു 1MDB ഫണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഈ ഫണ്ടില്‍നിന്നുള്ള പണം ഉല്ലാസനൗക വാങ്ങാനും ഹോളിവുഡ് സിനിമ നിര്‍മിക്കാനുമെല്ലാം ഉപയോഗിക്കുകയായിരുന്നു.

2009-ല്‍ ആരംഭിച്ച പദ്ധതി...

മലേഷ്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് 1MDB ഫണ്ട് ആരംഭിച്ചത്. 2009-ല്‍ ആരംഭിച്ച ഈ ഫണ്ടില്‍നിന്ന് പണം വിനിയോഗിച്ചത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സ്വന്തക്കാരുമായിരുന്നു. 2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രിയും കുടുംബാംഗങ്ങളുമെല്ലാം ഫണ്ടില്‍നിന്നുള്ള പണം ധൂര്‍ത്തടിച്ചെന്നാണ് കണ്ടെത്തല്‍.

പണത്തില്‍ ഭൂരിഭാഗവും നജീബ് റസാഖിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്കാണ് വകമാറ്റിയിരുന്നത്. റസാഖിന്റെ ഭാര്യ റോസ്മ മന്‍സൂര്‍, സാമ്പത്തിക ഉപദേഷ്ടാവ് ജോ ലോ, നജീബിന്റെ മകന്റെ സുഹൃത്ത് റിസ അസീസ് തുടങ്ങിയവരെല്ലാം ഈ പണം ആഡംബരജീവിതത്തിനായി ചെലവഴിച്ചു.

ഇതിനെല്ലാം പുറമേ യുഎസിലെ മാന്‍ഹാട്ടനില്‍ വസ്തുവകകള്‍ വാങ്ങാനും ഉല്ലാസനൗക വാങ്ങാനും മുന്‍ പ്രധാനമന്ത്രി ഈ പണം ചെലവഴിച്ചു. എട്ട് മില്യണ്‍ ഡോളറിന്റെ ആഭരണങ്ങള്‍, ഓസ്‌ട്രേലിയന്‍ മോഡലായ മിറാന്‍ഡ കേറിന് വേണ്ടി ഗ്ലാസ് പിയാനോ, നടന്‍ ഡികാപ്രിയോക്ക് വേണ്ടി പിക്കാസോയുടെ പെയിന്റിങ് എന്നിവയും വാങ്ങി. 'ദി വുള്‍ഫ്‌ ഓഫ് വാള്‍സ്ട്രീറ്റ്' എന്ന ഹോളിവുഡ് സിനിമയിലും പണം മുടക്കി. ഇതിന്റെ ഭാഗമായി ഹോളിവുഡ് താരങ്ങളെ പങ്കെടുപ്പിച്ച് വന്‍ ആഡംബര പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായും കണ്ടെത്തിയിരുന്നു.

പുറത്തറിയുന്നത് 2015-ല്‍...

2015-ല്‍ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകയായ ക്ലാരെ റെകാസില്‍ ബ്രൗണ്‍ തന്റെ വെബ്‌സൈറ്റായ 'ദി സരാവാക് റിപ്പോര്‍ട്ടി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ലോകത്തെ ഞെട്ടിച്ച വന്‍ അഴിമതി പുറത്തറിയുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചാണ് നജീബ് പ്രതികാരനടപടി ആരംഭിച്ചത്. മാത്രമല്ല, 1MDB ഫണ്ടിലെ അഴിമതി അന്വേഷിച്ചിരുന്ന അറ്റോര്‍ണി ജനറലിനെ പുറത്താക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അഴിമതി വിരുദ്ധ വിഭാഗത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും നീക്കി. ഒന്നും പുറത്തുവരാതിക്കാന്‍ കേസിന്റെ റിപ്പോര്‍ട്ട് രാജ്യസുരക്ഷാ നിയമത്തിന് കീഴിലുമാക്കി. ഇതിനുപിന്നാലെ തന്നെ വെള്ളപൂശാനുള്ള ചില ശ്രമങ്ങളും നജീബിന്റെ ഭാഗത്തുനിന്നുണ്ടായി. സംഭവത്തില്‍ മറ്റൊരു അന്വേഷണസംഘത്തെ നിയമിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. ഈ അന്വേഷണത്തില്‍ നജീബിന് ക്ലീന്‍ചിറ്റ് നല്‍കി.

2018-ല്‍ വീണ്ടും അന്വേഷണം, വന്‍ റെയ്ഡ്...

എന്നാല്‍ അഴിമതി വിഷയം ഏറെ ചര്‍ച്ചയായ 2018-ലെ പൊതുതിരഞ്ഞെടുപ്പില്‍ നജീബ് റസാഖിന് വന്‍ തിരിച്ചടിയാണുണ്ടായത്. 2018-ല്‍ മഹാതിര്‍ മുഹമ്മദ് മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അധികാരത്തിലേറിയതിന് പിന്നാലെ നജീബിനെതിരായ അഴിമതി കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ അദ്ദേഹം ഉത്തരവിട്ടു. തുടര്‍ന്ന് അതേവര്‍ഷം നജീബ് റസാഖുമായി ബന്ധപ്പെട്ട വിവിധയിടങ്ങളില്‍ മലേഷ്യന്‍ പോലീസ് വ്യാപക റെയ്ഡും നടത്തി. ഞെട്ടിക്കുന്ന കണക്കുകളാണ് അന്നത്തെ റെയ്ഡില്‍ പുറത്തുവന്നത്.

ഏകദേശം 273 മില്യണ്‍ ഡോളറിന്റെ ആഡംബര വസ്തുക്കള്‍ മലേഷ്യന്‍ പോലീസ് നജീബില്‍നിന്ന് പിടിച്ചെടുത്തു. 1400 നെക്ലേസുകള്‍, 423 വാച്ചുകള്‍, 2200 മോതിരങ്ങള്‍, 14 കിരീടങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. മലേഷ്യന്‍ പോലീസിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ റെയ്ഡായിരുന്നു ഇത്.

ഉപദേഷ്ടാവ് ഒളിവില്‍ തന്നെ...

അഴിമതിക്കേസില്‍ നജീബ് റസാഖിനെ കോടതി ശിക്ഷിച്ചെങ്കിലും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ജോ ലോ ഇപ്പോഴും ഒളിവില്‍ തന്നെയാണ്. 2018-ലെ തിരഞ്ഞെടുപ്പില്‍ റസാഖ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇയാള്‍ മുങ്ങിയത്. ജോ ലോ ചൈനയിലേക്ക് കടന്നതായാണ് നിഗമനമെങ്കിലും ഇത്രകാലമായിട്ടും മലേഷ്യന്‍ അധികൃതര്‍ക്ക് ഇയാളെ കണ്ടെത്താനായിട്ടില്ല.

രാഷ്ട്രീയ ഗൂഢാലോചനയെന്ന് നജീബ്...

അതേസമയം, തനിക്കെതിരേ അഴിമതിക്കേസുകളെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് നജീബിന്റെ ആരോപണം. 2020-ല്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയപ്പോളും താന്‍ നിരപരാധിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

Content Highlights: former malaysian prime minister najib razak sent to jail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented