വി.ബി. അഖിൽ
പാലക്കാട്: വനംവകുപ്പിന്റെ കരാറുകാരനില്‍നിന്ന് കൈക്കൂലിയായി അരലക്ഷം രൂപ കൈപ്പറ്റിയ ഒലവക്കോട് റേഞ്ച് ഫോറസ്റ്റോഫീസര്‍ വി.ബി. അഖില്‍ വിജിലന്‍സ് പിടിയിലായി. ബുധനാഴ്ച ഉച്ചയോടെയായിരുന്നു ഒലവക്കോട്ടെ ഓഫീസിലെത്തി വിജിലന്‍സ് ഡിവൈ.എസ്.പി. എസ്. ഷംസുദ്ദീനും സംഘവും അഖിലിനെ പണംസഹിതം പിടികൂടിയത്. ഇദ്ദേഹത്തിന്റെ ഓഫീസ് മേശയ്ക്കകത്തുനിന്ന് രേഖകളില്ലാതെ 1.33 ലക്ഷം രൂപ വേറെയും കണ്ടെടുത്തതായി വിജിലന്‍സധികൃതര്‍ പറഞ്ഞു.
വനംവകുപ്പ് ഭൂമിയില്‍ ജണ്ട കെട്ടുന്നതിന് ഇ-ടെന്‍ഡര്‍ മുഖേന കരാര്‍ നല്‍കിയിരുന്നു. കോഴിക്കോട് സ്വദേശി ജോസഫ് ബിജുവിനായിരുന്നു കരാര്‍. 24 ലക്ഷത്തിന്റെ ബില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പാസാക്കിക്കിട്ടിയില്ല. ബില്‍ പാസാക്കാന്‍ എട്ടുശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടതായി ജോസഫ് പരാതിയില്‍ പറഞ്ഞു. ചര്‍ച്ചകളിലൂടെ ഇത് ഒരുലക്ഷം രൂപയാക്കിയതായും പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചു. ആദ്യഗഡുവായി അരലക്ഷം രൂപ നല്‍കാമെന്നുമേറ്റു. തുടര്‍ന്ന്, വിജിലന്‍സ് മാര്‍ക്കുചെയ്ത് നല്‍കിയ നോട്ടുകള്‍ ജോസഫ് വശം നല്‍കി. ഇത് കൈമാറുന്നതിനിടെയാണ് വിജിലന്‍സ് സംഘം പരിശോധനക്കെത്തിയത്.
റേഞ്ച് ഓഫീസറുടെ മേശയില്‍ കണക്കില്‍പ്പെടാത്ത തുക കണ്ടെത്തിയതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി. അറിയിച്ചു. ഇന്‍സ്‌പെക്ടര്‍മാരായ പ്രവീണ്‍, ബാലകൃഷ്ണന്‍, എ.എസ്.ഐ.മാരായ സന്തോഷ്, മനോജ്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ അഖിലിനെ വ്യാഴാഴ്ച തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
2016-ല്‍ തൃശ്ശൂര്‍ മാന്ദമംഗലത്തെ അനധികൃത മരംമുറിക്കേസുമായി ബന്ധപ്പെട്ടും അഖില്‍ വിജിലന്‍സ് പിടിയിലായിരുന്നു. ഈ കേസിലെ ഒന്നാംപ്രതിയാണ് അഖില്‍. മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റര്‍ചെയ്ത ഏഴുകേസുകളിലെ പ്രതികളില്‍നിന്ന് കൈക്കൂലി കൈപ്പറ്റി തെറ്റായ മഹസ്സര്‍ തയ്യാറാക്കി പ്രതിപ്പട്ടികയില്‍നിന്ന് ഇവരെ ഒഴിവാക്കിയെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..