ഗണപതിവിഗ്രഹം ഒളിപ്പിച്ച കാറിന്റെ സ്റ്റിയറിങ്ങിന്റെ താഴെഭാഗം വനംവകുപ്പ് ഉദ്യോഗസ്ഥൻ പരിശോധിക്കുന്നു
കാഞ്ഞങ്ങാട്: ആനക്കൊമ്പില്‍ തീര്‍ത്ത ഗണപതിവിഗ്രഹവുമായി വെളുത്ത കാറില്‍ ഒരുസംഘം വരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ത്തന്നെ കാഞ്ഞങ്ങാട്ടെ വനംവകുപ്പുദ്യോഗസ്ഥര്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പലയിടത്തായി കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥര്‍ സംഘത്തിനായി വലവിരിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ ദേശീയപാതയില്‍നിന്ന് തെറ്റി കാഞ്ഞങ്ങാട് പട്ടണത്തിലേക്കുള്ള കെ.എസ്.ടി.പി. റോഡിലൂടെയാണ് കാര്‍ വന്നത്.
കാറിലെത്തിയ സംഘത്തെ സൗത്ത് ജങ്ഷന്‍മുതല്‍ വനം ഉദ്യോഗസ്ഥര്‍ ഒരു കാറില്‍ പിന്തുടര്‍ന്നു. ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡിലെത്തിയപ്പോള്‍ പ്രതികള്‍ കാഞ്ഞങ്ങാട് പട്ടണത്തിലേക്കുള്ള റോഡിലേക്കുള്ള യാത്ര വഴിതിരിച്ചുവിട്ടു. ഇവിടെനിന്ന് കിഴക്കോട്ടുള്ള റോഡിലൂടെ വീണ്ടും ദേശീയപാതയിലെത്തി. പിന്നാലെ വനംവകുപ്പുദ്യോഗസ്ഥരും. ചെമ്മട്ടംവയലില്‍ എത്തിയപ്പോള്‍ സംഘം മടിക്കൈ റോഡിലേക്ക് തിരിഞ്ഞു. ഈ സ്ഥലത്തു വനം ഉദ്യോഗസ്ഥരുടെ മറ്റൊരുസംഘം നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.
പിന്നാലെ വന്ന സംഘവും ഇവിടെ നിലയുറപ്പിച്ചിരുന്നവരും രണ്ടു കാറിലായി പ്രതികളെ പിന്‍തുടര്‍ന്നു. ഇതിനിടെ മടിക്കൈ റോഡില്‍ നിലയുറപ്പിച്ചിരുന്ന ഉദ്യോഗസ്ഥരുടെ മൂന്നാമത്തെ സംഘത്തിന് വിവരം കൈമാറുകയും ചെയ്തു.
ഇവര്‍ ബല്ലത്ത് പാലത്തില്‍ അവരുടെ കാര്‍ കുറുകെയിട്ടു. ഇതോടെ പ്രതികള്‍ക്ക് മുന്നോട്ടുപോകാനായില്ല. പിറകോട്ടെടുക്കാന്‍ ശ്രമിച്ചപ്പോഴേക്കും പിന്‍തുടര്‍ന്നെത്തിയ ഉദ്യോഗസ്ഥരുടെ രണ്ടു കാറുകളും അടുത്തെത്തുകയും ചെയ്തു. പ്രതികള്‍ക്ക് കാറില്‍നിന്ന് ഇറങ്ങിയോടാന്‍ കഴിയാത്തവിധം സിനിമാ സ്‌റ്റൈലില്‍ പൂട്ടിയ പിടിത്തം.
കാറിന്റെ സീറ്റിനടിയിലും ഡിക്കിയിലുമെല്ലാം പരിശോധിച്ചെങ്കിലും വിഗ്രഹം കണ്ടെത്താനായില്ല. ഒടുവില്‍ ഇവരെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെത്തിച്ചു. അവിടെവച്ചും കാര്‍ വിശദമായി പരിശോധിച്ചു. ഏറെനേരത്തെ പരിശോധനയ്ക്കിടെ സ്റ്റിയറിങ്ങിനടിയില്‍ സൂക്ഷിച്ച ഗണപതിവിഗ്രഹം കണ്ടെത്തി. പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധം സ്റ്റിയറിങ്ങിന് താഴെയുള്ള ഒഴിഞ്ഞ സ്ഥലത്ത് കടലാസുകഷ്ണങ്ങള്‍ കുത്തിനിറച്ചിരുന്നു. ഈ കടലാസുകള്‍ പുറത്തേക്കെടുത്തപ്പോഴാണ് പ്ലാസ്റ്റിക്ക് സഞ്ചിയില്‍ പൊതിഞ്ഞ ഗണപതിവിഗ്രഹം കണ്ടത്.
റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.അഷറഫ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.പ്രഭാകരന്‍, സി.ജെ.ജോസഫ്, വി.എസ്.വിനോദ്കുമാര്‍, ബി.ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം.ഹരി, ആര്‍.കെ.രാഹുല്‍, എം.ബി.അഭിജിത്ത്, കെ.വിശാഖ്, ശിഹാബുദ്ദീന്‍, എ.ജിതിന്‍, കെ.വിജയകുമാര്‍, പ്രകാശന്‍, അനശ്വര, ശാന്തികൃഷ്ണന്‍, ഒ.എ.ഗിരീഷ്‌കുമാര്‍, സുരേന്ദ്രന്‍ എന്നിവരാണ് വനവകുപ്പുദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നത്.
Content Highlights: forest department seized idol made in tusk in kanhangad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..