ഗോള്‍ഡന്‍ ട്രയാംഗിളും ഗോള്‍ഡന്‍ ക്രെസന്‍റും; ഇന്ത്യയിലേക്ക് ലഹരിയെത്തുന്ന വഴികൾ


നന്ദു ശേഖർPremium

പ്രതീകാത്മക ചിത്രം | ഫോട്ടോ: Envato

കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന ദുശ്ശീലം മാത്രമല്ല രാജ്യസുരക്ഷയെ നേരിട്ട് ബാധിക്കുന്ന കാര്യം കൂടിയാണ് ലഹരിമരുന്ന് കടത്ത്. രാജ്യത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള സമ്പത്തായ യുവതലമുറയെ കവര്‍ന്നെടുക്കുന്നു എന്നത് അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. മുമ്പൊക്കെ ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, ഹാഷിഷ് എന്നിങ്ങനെ ചില പേരുകള്‍ മാത്രമേ കേട്ടിരുന്നുള്ളൂ. ഇപ്പോഴാകട്ടെ, അനുദിനം പുതിയ പേരിലും പുതിയ രൂപത്തിലുമാണ് ലഹരിമരുന്നിന്റെ രംഗപ്രവേശം. അതിനൊപ്പം ലഹരിമരുന്നുകളുടെ ഉറവിടങ്ങളായി ഗോള്‍ഡണ്‍ ട്രയാംഗിള്‍, ഗോള്‍ഡണ്‍ ക്രസന്റ് എന്ന പേരുകളും കേട്ടുകാണും. ലഹരിക്കടത്ത് മാധ്യമങ്ങളില്‍ സ്ഥിരം തലക്കെട്ടുകളാകുമ്പോള്‍, ലഹരിയേക്കുറിച്ചും ലഹരിക്കടത്തിനേക്കുറിച്ചും കൂടുതലറിയാം.

ശരിക്കും എന്താണ് ലഹരിക്കടത്ത്? ലഹരിപദാര്‍ത്ഥങ്ങള്‍ എവിടെ നിന്നാണ് വരുന്നത്? അവ എങ്ങനെയാണ് വിതരണം ചെയ്യുന്നത്?

നിയമവിരുദ്ധമായ മരുന്നുകളുടെ ഉത്പാദനം, വിതരണം, വില്‍പ്പന എന്നിവയാണ് 'ലഹരിക്കടത്ത്' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യം ചെറിയ തോതിലുള്ള ലഹരിമരുന്ന് നല്‍കി, അവരെ അടിമകളാക്കി, പിന്നീട് അവരെ ലഹരിമരുന്നു വിതരണ ശൃംഖലയിലേക്ക് കൊണ്ടുവരുന്നതോടെകെണിയിൽ കുടുങ്ങുന്നു. അതിനുമപ്പുറം തീവ്രവാദവും ഹവാലയുമെല്ലാമായി നേരിട്ടോ അല്ലാത്തതോ ആയ ബന്ധമുള്ള ലോകം മുഴുവന്‍ വേരുകളുണ്ട് ഈ സംഘങ്ങള്‍ക്ക്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: Envato

ലോകരാജ്യങ്ങള്‍ നിരന്തരയുദ്ധം നടത്തിയിട്ടും തടയിടാനാവാത്ത വഴികളിലൂടെയാണ് ലഹരിയെത്തുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഗോള്‍ഡന്‍ ട്രയാംഗിളിലും ഗോള്‍ഡന്‍ ക്രസന്റിലും ഉത്പാദിപ്പിക്കപ്പെടുന്ന ഹെറോയിന്‍, ഹാഷിഷ് എന്നിവയുടെ ലക്ഷ്യസ്ഥാനമാണ് ഇന്ത്യ. കൂടാതെ, ആഭ്യന്തരമായി നിര്‍മിക്കുന്നവയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉല്‍പാദിപ്പിക്കപ്പെടുന്നതുമായ രാസവസ്തുക്കള്‍ ഇന്ത്യയിലേക്കു കടത്തുകയും ചെയ്യുന്നു.

ഗോള്‍ഡന്‍ ക്രസന്റ്

മധ്യ, തെക്ക്, പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളിലെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന, അനധികൃത കറപ്പ് ഉത്പാദനത്തിന്റെ രണ്ട് പ്രധാന മേഖലകളില്‍ ഒന്നാണ് ഗോള്‍ഡന്‍ ക്രെസന്റ്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, പാകിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് ഗോള്‍ഡന്‍ ക്രെസന്റ്. ചന്ദ്രക്കലയുടെ ആകൃതിയില്‍ ഉള്ള പര്‍വതപ്രദേശങ്ങള്‍ക്കുള്ളില്‍ സ്ഥിതിചെയ്യുന്നതിനാലാണ് ഈ പ്രദേശത്തിന് ഇങ്ങനെ ഒരു വിളിപ്പേര് കിട്ടാന്‍ കാരണം. യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം (UNODC) നടത്തിയ പഠനത്തില്‍ ഈ രാജ്യങ്ങളില്‍ കഴിഞ്ഞ പതിറ്റാണ്ടുകളിൽ കറപ്പും ഹാഷിഷുമൊക്കെ ഉല്‍പ്പാദിപ്പിച്ചതിന്റെ കണക്കുണ്ട്.

പോപ്പി പാടം | ഫോട്ടോ: PTI

ഒരു കാലത്ത് മ്യാന്‍മാര്‍ ലോകത്തെ കറപ്പ് ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയിലായിരുന്നു. എന്നാല്‍, 1991-ല്‍ അഫ്ഗാനിസ്ഥാന്‍ ലോകത്തിലെ ഏറ്റവും വലിയ കറപ്പ് ഉത്പാദകരായി. ആ സമയത്ത് അവർ 1,782 മെട്രിക് ടണ്‍ വിളവെടുക്കുകയും ചെയ്തതു എന്നാണ് കണക്ക്. അതോടെ മ്യാന്‍മര്‍ രണ്ടാം സ്ഥാനത്തെത്തി. കറപ്പ് മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ഹാഷിഷ് ഉത്പാദക രാജ്യവും അഫ്ഗാനിസ്താനാണ്. മരുന്ന് നിര്‍മാണത്തിനല്ലാതെ ഉപയോഗിക്കുന്ന കറപ്പിന്റെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്.

ഗോള്‍ഡന്‍ ട്രയാംഗിള്‍

ഗോള്‍ഡന്‍ ട്രയാംഗിള്‍ അഥവാ സുവര്‍ണ്ണ ത്രികോണം എന്നത് തായ്‌ലന്‍ഡ്, ലാവോസ്, മ്യാന്‍മാര്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ത്രികോണാകൃതിയിലുള്ള പ്രദേശമാണ്. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. ആണ് ഈ പ്രദേശത്തിന് 'ഗോള്‍ഡന്‍ ട്രയാംഗിള്‍' എന്ന പേര് നല്‍കിയത്. ഏകദേശം 3,50,000 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പ്രദേശത്തായിരുന്നു ലോകത്ത് ഏറ്റവും കൂടുതല്‍ കറപ്പ് ഉത്പ്പാദിപ്പിച്ചിരുന്നത്.

അഫ്ഗാനിസ്താനിലെ പോപ്പി പാടങ്ങള്‍ | ചിത്രം: AP

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭം വരെ ലോകത്തില്‍ ഉത്പാദിപ്പിക്കപ്പെട്ടിരുന്ന വലിയൊരു ശതമാനം ഹെറോയിനും ഗോള്‍ഡന്‍ ട്രയാംഗിളിൽനിന്നാണ് വന്നുകൊണ്ടിരുന്നത്. പിന്നീട് അഫ്ഗാനിസ്താന്‍ കറപ്പ് ഉത്പാദനത്തില്‍ മുന്‍പന്തിയിലെത്തുകയും ചെയ്തു. 2006-ല്‍ ഗോള്‍ഡന്‍ ട്രയാംഗിള്‍ മേഖലയാണ് ഏറ്റവുമധികം കറപ്പ് ഉത്പാദിപ്പിച്ചിരുന്നത്. പിന്നീടവര്‍ സിന്തറ്റിക് ഡ്രഗ്‌സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഈയിടെയായി മനുഷ്യനിര്‍മ്മിത മയക്കുമരുന്നുകളുടെ നിര്‍മാണം ഈ മേഖലകളില്‍ കൂടി വരുന്നതായാണ് യു.എന്‍.ഒ.ഡി.സി. നടത്തിയ പഠനം വ്യക്തമാക്കുന്നത്. 2006-ന് ശേഷം ഇന്ത്യയില്‍ സിന്തറ്റിക്ക് ഡ്രഗ്ഗുകളുടെ ഉപഭോഗം വലിയ തോതില്‍ കൂടിയിട്ടുള്ളതായി കാണാം.

ഇന്ത്യയിലേക്കുള്ള വഴികള്‍

ഗോള്‍ഡന്‍ ട്രയാംഗിളിനും ഗോള്‍ഡന്‍ ക്രെസന്റിനും നടുവിലാണ് ഇന്ത്യയുടെ സ്ഥാനം. ഇതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. സ്വാഭാവികമായും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലഹരിക്കടത്തുകാരുടെ പ്രധാന ലക്ഷ്യവും അവരുടെ ഏറ്റവും വലിയ വിപണിയും ഇന്ത്യയാണ്. പലപ്പോഴും ലഹരിമരുന്ന് കടത്താനുള്ള ഹബ്ബായും ഇവര്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, കെനിയ, നേപ്പാൾ, ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽനിന്നെല്ലാം ഇന്ത്യൻ അതിർത്തികളിലേക്ക് പല വഴി ലഹരിയെത്തുന്നുണ്ട്. പ്രധാനമായും നാല് അതിര്‍ത്തികളിലൂടെയാണ് ഗോള്‍ഡന്‍ ട്രയാംഗിളില്‍ നിന്നും ഗോള്‍ഡന്‍ ക്രസന്റില്‍ നിന്നും മറ്റും ലഹരിമരുന്ന് ഇന്ത്യയില്‍ എത്തുന്നതെന്നാണ് കരുതുന്നത്.

അഫ്ഗാനിസ്താനിലെ പോപ്പി പാടം | ഫോട്ടോ; Getty Images

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയാണ് അതില്‍ പ്രധാനം. ഗോള്‍ഡന്‍ ക്രെസന്റിന് ഏറ്റവും അടുത്താണ് ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി. പാകിസ്താനില്‍ വേരുകളുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുടെ സഹായത്തോടെയും അല്ലാതെയും ഹെറോയിന്‍, ഹാഷിഷ് എന്നിവയുടെ അനധികൃത കടത്തലിന് പ്രധാനമായും ഈ വഴി ഉപയോഗിക്കുന്നുണ്ട്. 1980-കളിൽ മാൾവയിൽനിന്ന് കറാച്ചിയിലേക്ക് കറപ്പ് വിതരണം ചെയ്യുന്ന റൂട്ടായിരുന്നു താർ മരുഭൂമി. പരന്നുകിടക്കുന്ന താർ മരുഭൂമിയിൽ സുരക്ഷാ സംവിധാനങ്ങളുടെ കുറവ് മുതലെടുത്തായിരുന്നു കടത്ത്. ചൈനീസ് കൊളോണിയൽ കാലഘട്ടത്തിലെ ഒരു പ്രധാനപ്പെട്ട വ്യാപാരപാത കൂടിയായിരുന്നു ഇത്. 1980-കളിലെ സിഖ് തീവ്രവാദം പഞ്ചാബ് മേഖലയിലേക്കുള്ള ലഹരിമരുന്ന് കടത്ത് രൂക്ഷമാക്കുകയും ചെയ്തിരുന്നു. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയാണ് മറ്റൊന്ന്. നേപ്പാളില്‍നിന്ന് പരമ്പരാഗതമായി ഇന്ത്യയിലേക്ക് കടത്തപ്പെടുന്ന രണ്ട് ലഹരിമരുന്നുകളാണ് ഹാഷിഷും കഞ്ചാവും.

ചൈനയുടെ കരങ്ങള്‍

ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയാണ് അടുത്തത്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി സുവര്‍ണ്ണ ത്രികോണത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ലഹരിമരുന്നിനുള്ള ആവശ്യം വര്‍ദ്ധിക്കുന്നുന്നതായി പഠനങ്ങള്‍ പറയുന്നു. അതിശക്തമായ സുരക്ഷയുള്ള അതിര്‍ത്തികളില്‍ ഒന്നായിട്ടുപോലും രാഷ്ട്രീയ അസ്ഥിരതയും അരക്ഷിതാവസ്ഥയും ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലൂടെ രാജ്യത്തേക്ക് ഹെറോയിനും സൈക്കോട്രോപിക് വസ്തുക്കളും കടത്തുന്നതിന് പറ്റിയ അന്തരീക്ഷം ഒരുക്കുന്നുണ്ട്. ഇതിൽ ചെെനയുടെ പങ്കുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

പോപ്പി | ഫോട്ടോ: Envato

സുവര്‍ണ്ണ ത്രികോണത്തിന് സമീപം സ്ഥിതി ചെയ്യുന്നതിനാലും ഭൂപ്രകൃതി കാരണവും ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തിയും ഹെറോയിന്‍, കഞ്ചാവ്, ഹാഷിഷ്, ബ്രൗണ്‍ ഷുഗര്‍, മുതലായ വിവിധ ലഹരിമരുന്നുകള്‍ ഇന്ത്യയിലെത്തിക്കാന്‍ ലഹരിക്കടത്തുകാര്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ്.

അതിര്‍ത്തികള്‍ കൂടാതെ വിമാനത്താവളങ്ങള്‍ വഴിയും തുറമുഖങ്ങള്‍ വഴിയും ചെറുതും വലുതുമായ അളവുകളില്‍ ധാരാളം ലഹരിപദാര്‍ത്ഥങ്ങള്‍ ഇന്ത്യയില്‍ എത്തുന്നുണ്ട്. ഈയിടെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നും 3000 കിലോ ​ഗ്രാം ഹെറോയിൻ പിടിച്ചെടുത്തത് ഇതിനൊരുദാഹരണമാണ്. ഏകദേശം 21,000 കോടി രൂപയാണ്‌ ഇതിന്റെ വിപണിമൂല്യം. ഇത്തരത്തില്‍ രാജ്യത്തുടനീളം ലഹരി മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ദേശീയ സുരക്ഷ

തീവ്രവാദികള്‍ ആയുധം കടത്താനുപയോഗിക്കുന്ന അതേ പാതകളാണ് ലഹരിമരുന്ന് കടത്തുകാരും ഉപയോഗിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ നടന്ന അന്വേഷണങ്ങളിലായിരുന്നു ഇതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചത്. ലഹരിമരുന്ന് കടത്തുകാര്‍, ക്രിമിനല്‍ ശൃംഖലകള്‍ എന്നിവ തമ്മിലുള്ള ബന്ധം രാജ്യത്തിന് ഭീഷണിയാണ്. തീവ്രവാദികള്‍ ഇന്ത്യയില്‍ ലഹരിമരുന്ന് കടത്ത് സുഗമമാക്കുന്നത് ദേശീയ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: Envato

ലഹരിമരുന്ന് വ്യാപാരത്തില്‍നിന്ന് ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നുള്ളതാണ് ഇതിന് കാരണം. കൂടാതെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കാനും ലഹരിമരുന്ന് കടത്തും ഉപയോഗവും ഇടയാക്കുമെന്നുള്ളതും ഗൗരവമുള്ള കാര്യമാണ്.

കേരളത്തിലെ ലഹരി ഉപയോ​ഗത്തിലെ വർദ്ധനവ്

കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഓരോ ദിവസവും എത്തുന്ന ലഹരി ഉൽപന്നങ്ങളുടെ അളവ് വർധിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാർകോട്ടിക്‌സ് വിഭാഗവും പോലീസും പിടിച്ചെടുക്കുന്ന ലഹരിമരുന്നുകളുടെ തോത് ഭയപ്പെടുത്തുന്നതാണ്. നാർകോട്ടിക് കേസുകളിൽ അറസ്റ്റിലാകുന്നവരുടെ എണ്ണവും നാൾക്കു നാൾ വർധിക്കുന്നുണ്ട്.

മുന്‍കാലങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി വലിയ രീതിയില്‍ കേരളത്തില്‍ ലഹരിമരുന്ന് പിടിക്കപ്പെടുന്നുണ്ട്. പിടിക്കപ്പെടുന്നതിലും എത്രയോ അധികമാണ് ഉപയോഗിക്കപ്പെടുന്നതെന്നതും ഊഹിക്കാവുന്നതാണ്. ഇപ്പോള്‍ പിടിക്കപ്പെടുന്ന എല്ലാവരുടെയുംതന്നെ കയ്യില്‍ എം.ഡി.എം.എ. കാണപ്പെടുന്നതിനാല്‍ അതിന് വലിയ വ്യാപനമുണ്ടെന്ന് വേണം കരുതാന്‍.

പ്രതീകാത്മക ചിത്രം | Photo: AFP & Mathrubhumi

2022-ൽ നിരോധിത പുകയില ഉൽപന്നങ്ങൾ, മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ കുത്തനെയുള്ള വർദ്ധനവിനാണ്‌ കേരളം സാക്ഷിയായത്. കണക്കുകൾ പ്രകാരം, 2022-ൽ ഇന്ത്യയിലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എൻ‌.ഡി‌.പി‌.എസ്.) നിയമത്തിന് കീഴിൽ പോലീസ് 26,629 കേസുകൾ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 2016-ൽ 5,924 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. താരതമ്യപ്പെടുത്തുമ്പോൾ 300% വർധനയാണ് കേസുകളിലുണ്ടായിട്ടുള്ളത്.

ഇന്ത്യ കൈക്കൊണ്ട നടപടികള്‍

ലഹരിക്കടത്ത് തടയാനും ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് 1985-ല്‍ ഇന്ത്യ എന്‍.ഡി.പി.എസ്. ആക്ട് കൊണ്ടുവരുന്നത്. ലഹരിമരുന്നുകളുടെ കൈവശം വെക്കല്‍, ഉപയോഗം, വില്‍പ്പന തുടങ്ങിയവയാണ് ആക്ടില്‍ പ്രധാനമായി പറയുന്ന കാര്യങ്ങള്‍. ലഹരിമരുന്ന് നിര്‍മ്മിക്കുക, ഉപയോഗിക്കുക, മറ്റുള്ളവര്‍ക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവില്‍ വാങ്ങുക തുടങ്ങിയവ തടയുക എന്നതാണ് ആക്ട് പ്രാബല്യത്തില്‍ കൊണ്ടുവന്നതിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: Envato

എന്‍.ഡി.പി.എസ്. ആക്ട് പ്രകാരമുള്ള കേസുകളില്‍ കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാണ് ശിക്ഷാ നടപടികള്‍ തീരുമാനിക്കുന്നത്. വധശിക്ഷയാണ് ഇത്തരം കേസുകളില്‍ പരമാവധി നല്‍കുന്ന ശിക്ഷ. ലഹരിമരുന്ന് വലിയ അളവില്‍ വിപണനത്തിന് ഉപയോഗിക്കുന്നവര്‍ക്കാണ് വധശിക്ഷ പോലും കിട്ടാവുന്ന കുറ്റമായി കണക്കാകുക.

2015ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് ഇത്തരം നിരോധിത ലഹരിമരുന്നുകളുടെ പട്ടികയില്‍ ഏതൊക്കെ ഉള്‍പ്പെടുമെന്ന്‌ എപ്പോള്‍ വേണമെങ്കില്‍ ഭേദഗതി ചെയ്യാം. മെഫെഡ്രോണ്‍ ഉപയോഗം രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചതോടെ ഇതിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ ആക്ട് പ്രകാരമാണ് നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ നിലവില്‍ വന്നത്. ഡ്രഗ് നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച നോഡല്‍ ഏജന്‍സിയായാണ് എന്‍.സി.ബി. പ്രവര്‍ത്തിക്കുന്നത്.

പ്രതീകാത്മക ചിത്രം| Photo: Twitter.com/ANI

ബംഗ്ലാദേശ് അതിര്‍ത്തിയിലും പാകിസ്താന്‍ അതിര്‍ത്തിയിലും ലഹരിക്കടത്ത് തടയാനും കണ്ടെത്താന്നും വന്‍ സുരക്ഷാ ഉപകരണങ്ങളാണ് ഇന്ത്യ ഉപയോഗിച്ചു വരുന്നത്. വലിയൊരളവില്‍ ഇത് ലഹരിമരുന്ന് കടത്ത് ദുര്‍ബലമാക്കിയെങ്കിലും ആവശ്യക്കാരുള്ളിടത്തോളം രാജ്യത്ത് സുഗമമായി ലഹരിമരുന്ന് എത്തിക്കാനുള്ള സംവിധാനങ്ങള്‍ കടത്തുകാര്‍ കണ്ടെത്തും എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി.

Content Highlights: flow of drugs to india golden triangle and golden crescent explained

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented