പ്രതി വിഷ്ണുവിനെ(നടുവിൽ) ക്രൈംബ്രാഞ്ച് സംഘം കളക്ടറേറ്റിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ. File Photo.
കാക്കനാട്: കളക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു നിന്നെത്തിയ ഉന്നതതല റവന്യൂ സംഘം കണ്ടെത്തിയതും ഗുരുതര ക്രമക്കേടുകള്‍. ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റിലെ ജോയിന്റ് കമ്മിഷണര്‍ എ. കൗശികിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച കളക്ടറേറ്റില്‍ നീണ്ട പരിശോധനകളും തിരച്ചിലും നടത്തി. ഇവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കൈമാറിയേക്കും. തട്ടിപ്പില്‍ ബോധപൂര്‍വമല്ലെങ്കിലും പങ്കുള്ള കളക്ടറേറ്റിലെ പ്രളയ ദുരിതാശ്വാസ സെക്ഷനിലെ നാല് ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടിയും മൂന്നു വര്‍ഷം കളക്ടറേറ്റില്‍ സേവനമനുഷ്ഠിച്ച ജീവനക്കാരെ സ്ഥലംമാറ്റണം തുടങ്ങിയ ശുപാര്ശകളുമടങ്ങുന്നതായിരിക്കും റിപ്പോര്‍ട്ട് എന്നാണ് സൂചനകള്‍.
കളക്ടറേറ്റിലെ സെക്ഷന്‍ ക്ലര്‍ക്കായിരുന്ന, കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദിന്റെയും മറ്റുദ്യോഗസ്ഥരുടെയും പങ്കും ഇടപെടലുകളും സംഘം സമഗ്ര പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
എ. കൗശികിന്റെ സംഘത്തില്‍ റവന്യൂ വകുപ്പിലെ ഓഡിറ്റിങ് വിദഗ്ദ്ധര്‍, ഐ.ടി. ധനകാര്യ വിദഗ്ദ്ധര്‍ തുടങ്ങിയവരാണുണ്ടായിരുന്നത്.
ബുധനാഴ്ച 12-ഓടെ തുടങ്ങിയ പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. ഫയലുകളുടെ പരിശോധനയില്‍ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജീവനക്കാരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ഒരു കോടിയിലധികം രൂപയുടെ ക്രമക്കേടാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
ഉദ്യോഗസ്ഥരുടെ പങ്കും ക്രമക്കേടുകളും ചൂണ്ടിക്കാട്ടുന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കളക്ടര്‍ എസ്. സുഹാസ് നേരത്തെ കൗശികിന് സമര്‍പ്പിച്ചിരുന്നു.
ചില ഉദ്യോഗസ്ഥരുടെ അശ്രദ്ധ വിഷ്ണു പ്രസാദിന് കാര്യങ്ങള്‍ എളുപ്പമാക്കിയെന്നും ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
വിഷ്ണുവിന്റെ ഒന്നരക്കോടിയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ശുപാര്‍ശ
കാക്കനാട്: പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി വിഷ്ണു പ്രസാദിന് ഒന്നരക്കോടി രൂപയുടെ സ്വത്തുണ്ടെന്നും ഇയാളുടെ സ്വത്ത് തിരിച്ചു പിടിക്കണമെന്നും ജില്ലാ ഭരണകൂടം. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് ജില്ലാ കളക്ടര്‍ എസ്. സുഹാസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടുള്ളത്. മൊത്തത്തില്‍ ദുരിതാശ്വാസ നിധിയില്‍നിന്ന് ഒരു കോടി രൂപ നഷ്ടപ്പെട്ടതായണ് കണ്ടെത്തല്‍. ഈ തുകയാണ് റവന്യൂ റിക്കവറി വഴി തിരിച്ചുപിടിക്കുക. ആദ്യ കേസില്‍ പതിനൊന്ന് ലക്ഷത്തോളം രൂപ കളക്ടറേറ്റില്‍ തിരികെ ലഭിച്ചിട്ടുണ്ട്. കേസില്‍ മൂന്നാം പ്രതിയായ എം.എം. അന്‍വര്‍ തിരിച്ചടച്ച തുകയാണിത്.
വിഷ്ണുവിന്റെ സഹായിയെ ചോദ്യം ചെയ്തു
കാക്കനാട്: പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി വിഷ്ണു പ്രസാദിന്റെ സഹായിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കളക്ടറേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്കായിരുന്ന വിഷ്ണുവിന്റെ അടുത്തയാളായിരുന്നു ഇയാള്‍.
Content Highlights: flood relief fund scam investigation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..