പ്രതി വിഷ്ണുവിനെ(നടുവിൽ) ക്രൈംബ്രാഞ്ച് സംഘം കളക്ടറേറ്റിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ. File Photo.
കാക്കനാട്: പ്രളയ ഫണ്ട് വെട്ടിപ്പിലൂടെ പൊള്ളാച്ചിയിലെ കോഴിഫാം നടത്തിപ്പിന് നല്‍കിയത് ആറ് ലക്ഷം രൂപ. തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിലാണ് തൃശ്ശൂര്‍ സ്വദേശിക്ക് ഇത്രയധികം തുക നല്‍കിയതെന്ന് കളക്ടറേറ്റ് ജീവനക്കാരനായിരുന്ന ഒന്നാം പ്രതി വിഷ്ണുവും രണ്ടാം പ്രതി മഹേഷും സമ്മതിച്ചത്.
വിഷ്ണുവിനെ തൃക്കാക്കര പോലീസ് സ്റ്റേഷനിലും മഹേഷിനെ ഇന്‍ഫോ പാര്‍ക്ക് സ്റ്റേഷനിലുമായാണ് ചോദ്യം ചെയ്യുന്നത്. ആറ് ലക്ഷം രൂപ പലപ്പോഴായി അക്കൗണ്ടില്‍ നല്‍കാതെ നേരിട്ട് പണമായിട്ടാണ് നല്‍കിയതെന്ന് ഫാം നടത്തിപ്പുകാരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.
കോഴിഫാം നടത്തിപ്പിലെ ലാഭവിഹിതം മൂന്നായി വീതംവെച്ചായിരുന്നു കരാര്‍ എഴുതിയിട്ടുള്ളതെന്ന് പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു.ഇതിനിടെ കളക്ടറേറ്റിലെ പ്രളയ ഫണ്ട് വിതരണം വിഷ്ണു തന്നെയാണ് നടത്തിയതെന്ന് തെളിയിക്കാനുള്ള രേഖകള്‍ ശേഖരിക്കുന്നതിനായി ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരം ഐ.ടി. ആസ്ഥാനത്ത് പരിശോധന നടത്തി.
പ്രളയ ഗുണഭോക്താക്കള്‍ക്ക് പണം ലഭിച്ച അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.ട്രഷറിയില്‍നിന്നു പോയ പണത്തില്‍നിന്ന് സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന് തിരിച്ചെത്തിയ അക്കൗണ്ടുകളാണ് പരിശോധിക്കുന്നത്. പിന്നീട് ഈ അക്കൗണ്ടുകളിലേക്ക് പണമയച്ചത് ലഭിച്ചിട്ടുണ്ടോ എന്ന് ഗുണഭോക്താക്കളെ ഫോണ്‍ മുഖേന വിളിച്ച് ഉറപ്പുവരുത്തുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സമാന്തരമായി നടക്കുന്ന വകുപ്പുതല അന്വേഷണത്തിലും അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രളയ ഫണ്ട് വിതരണ സമയത്ത് മേല്‍നോട്ട കുറവുണ്ടായി എന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് ആ സമയത്ത് വിഷ്ണുപ്രസാദിനോടൊപ്പം വകുപ്പ് കൈകാര്യം ചെയ്തിരുന്ന മറ്റു ജീവനക്കാര്‍ക്കെതിരേയും വകുപ്പുതല നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കേസിലെ മറ്റ് പ്രതികളായ സി.പി.എം. നേതാവ് എം.എം. അന്‍വര്‍, ഭാര്യ കൗലത്ത്, രണ്ടാം പ്രതി മഹേഷിന്റെ ഭാര്യ നീതു എന്നിവര്‍ ഒളിവില്‍ തന്നെയാണ്.
Content Highlights: flood relief fund scam; accused given six lakhs for poultry farm
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..