
മുഹമ്മദ് ജുനൈദ്
ഇരിട്ടി: ഓൺലൈൻ വ്യാപാരസ്ഥാപനമായ ഫ്ളിപ്കാർട്ടിന്റെ ഇരിട്ടിയിലെ സ്റ്റോക്ക് കേന്ദ്രത്തിൽനിന്ന് 11 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും ക്യാമറകളും തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കേളകം അടക്കാത്തോട് പുത്തൻപറമ്പിൽ മുഹമ്മദ് ജുനൈദി(27)നെയാണ് അറസ്റ്റുചെയ്തത്. നവംബർ 23-നാണ് സ്റ്റോക്ക് കേന്ദ്രം അധികൃതർ മോഷണത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ജുനൈദ് ഫീൽഡിൽ പോകുന്ന സെയിൽസ്മാൻമാരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തുകയും രണ്ട് സെയിൽസ്മാൻമാരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ നാട്ടിൽനിന്നു മുങ്ങിയ ഇയാൾ ഹിമാചൽപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ബെംഗളൂരുവിൽനിന്ന് അടക്കാത്തോട്ടിലേക്ക് വരും വഴി കൂട്ടുപുഴയിൽനിന്നാണ് അറസ്റ്റു ചെയ്തത്. ഇയാൾ കേളകത്ത് ഐ.ടി. നിയമപ്രകാരമുള്ള കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
വില കൂടിയ മൊബൈൽ ഫോണുകളും ക്യാമറകളും വ്യാജ മേൽവിലാസത്തിൽ ഓർഡർ ചെയ്താണ് തട്ടിപ്പ്. സെയിൽസ്മാൻ ഈ ഓർഡറിലുള്ള ആൾക്കെന്ന വ്യാജേന പാഴ്സൽ സ്റ്റോക്ക് കേന്ദ്രത്തിൽനിന്നു പുറത്തുകൊണ്ടുപോകും.
മുഖ്യപ്രതി മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം രഹസ്യകേന്ദ്രത്തിൽവെച്ച് പാഴ്സൽ ബ്ലേഡുപയോഗിച്ച് പൊളിച്ച് വിലകൂടിയ മൊബൈലും ക്യാമറയും കവർന്ന ശേഷം വില കുറഞ്ഞവ തിരികെവെച്ച് തിരിച്ചറിയാത്ത രീതിയിൽ ഒട്ടിച്ച് സെയിൽസ്മാൻമാർ മുഖേന ഓർഡർ വ്യാജ വിലാസത്തിലാണെന്നു പറഞ്ഞ് സ്റ്റോക്ക് കേന്ദ്രത്തിൽ തിരികെനൽകും.
ഇക്കാര്യം മനസ്സിലാക്കാതെ സ്റ്റോക്ക് കേന്ദ്രം അധികൃതർ കമ്പനിക്ക് പാഴ്സൽ തിരിച്ചയക്കും. ഇങ്ങനെ തിരിച്ചയച്ച പാഴ്സലുകളിൽനിന്ന് ഫ്ലിപ്കാർട്ടാണ് തട്ടിപ്പ് മനസ്സിലാക്കിയത്. എസ്.ഐ.മാരായ ബേബി ജോർജ്, എം.ജെ.മാത്യു, കെ.കെ.മോഹനനൻ, സി.പി.ഒ.മാരായ റഷീദ്, നവാസ് എന്നിവർ ചേർന്നാണ് മുഹമ്മദ് ജുനൈദിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. കൂടുതൽ ചോദ്യംചെയ്യാനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങും.
Content Highlights: flipkart goods looted by fruad man arrested in iritty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..