അറസ്റ്റിലായ സഹീദ, ദേവി, സജിത, സുനിൽ, കാർത്തികേയൻ
കൊഴിഞ്ഞാമ്പാറ(പാലക്കാട്): പെണ്ണുകാണാന്‍ വിളിച്ചുവരുത്തി യുവതിയെ കാട്ടിക്കൊടുത്തശേഷം വിവാഹത്തട്ടിപ്പ് നടത്തിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വാണിയമ്പാറ പൊട്ടിമട പുല്ലംപാടംവീട്ടില്‍ എന്‍. സുനില്‍ (40), പാലക്കാട് കേരളശ്ശേരി മണ്ണാന്‍പറമ്പ് അമ്മിണിപൂക്കാട് വീട്ടില്‍ വി. കാര്‍ത്തികേയന്‍ (40), വടക്കഞ്ചേരി കുന്നംകാട് കാരക്കല്‍ വീട്ടില്‍ രാമചന്ദ്രന്റെ ഭാര്യ സജിത (32), കാവില്‍പ്പാട് ദേവീനിവാസില്‍ ദാമോദരന്റെ ഭാര്യ ദേവി (60), കാവശ്ശേരി ചുണ്ടക്കാട് അബ്ദുള്‍കരീമിന്റെ ഭാര്യ സഹീദ (36) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്. സംഭവത്തില്‍ അഞ്ചുപേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ഡിസംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. തമിഴ്‌നാട്ടിലെ മാര്യേജ് ബ്യൂറോയിലൂടെ വിവാഹത്തിനായി ആലോചനക്ഷണിച്ച തമിഴ്നാട് സേലം പോത്തനായകം പാളയത്തുള്ള മണികണ്ഠനെ (38) സംഘം ഗോപാലപുരം അതിര്‍ത്തിയിലെ അമ്പലത്തിലേക്ക് വിളിച്ചുവരുത്തി. സജിതയെ കാണിച്ച് പെണ്ണിന്റെ അമ്മയ്ക്ക് അസുഖമായതിനാല്‍ ഇന്നുതന്നെ വിവാഹം നടത്താമെന്ന് അറിയിച്ചു. ഗോപാലപുരത്തെ ആളൊഴിഞ്ഞ അമ്പലത്തില്‍ വിവാഹം നടത്തുകയും ചെയ്തു. ആദ്യവിവാഹബന്ധം വേര്‍പെട്ട് രണ്ടാംവിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു മണികണ്ഠന്‍. വിവാഹച്ചെലവ്, ബ്രോക്കര്‍ കമ്മിഷന്‍ എന്നിവയിനത്തില്‍ ഒന്നരലക്ഷംരൂപ സംഘം കൈപ്പറ്റുകയും ചെയ്തു. വിവാഹംകഴിഞ്ഞ അന്നുതന്നെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന സുനിലും പോയി. അടുത്തദിവസം സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്നുപറഞ്ഞ് ഇരുവരും നാട്ടിലേക്ക് മടങ്ങി.
പിന്നീട് ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെവന്നതോടെ മണികണ്ഠനും സുഹൃത്തുക്കളും ഗോപാലപുരത്തെത്തി നടത്തിയ അന്വേഷണത്തില്‍ അത്തരത്തില്‍ ആരുംതന്നെ ഈ പ്രദേശത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്.
പന്തികേടുതോന്നി ഡിസംബര്‍ 21-ന് കൊഴിഞ്ഞാമ്പാറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, കൊഴിഞ്ഞാമ്പാറ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാവുന്നത്. സമാന രീതിയില്‍ അമ്പതോളംപേരെ പറ്റിച്ചിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഇന്‍സ്‌പെക്ടര്‍ എം. ശശിധരന്റെ നേതൃത്വത്തില്‍ എസ്.ഐ. വി. ജയപ്രസാദ്, എ.എസ്.ഐ. സി.എം. കൃഷ്ണദാസ്, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ ആര്‍. വിനോദ് കുമാര്‍, എ. മണികണ്ഠന്‍, സിവില്‍പോലീസ് ഓഫീസര്‍ എസ്. പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: Five arrested in marriage fraud case at Kozhinjambara, Palakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..