തട്ടിപ്പുകേസിൽ പിടിയിലായ ഷാഹിൻ, സനൂഷ്, സനു, അഷറഫ്, സജീർ എന്നിവർ
കലവൂര്‍: വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന വ്യാജേന യുവാവിനെ പെണ്‍കെണിയില്‍ കുടുക്കി പണംതട്ടാന്‍ ശ്രമിച്ച അഞ്ചംഗസംഘം അറസ്റ്റില്‍. യുവതിയടക്കം അഞ്ചുപേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
തൃശ്ശൂര്‍ സ്വദേശികളായ മുളക്കര പഞ്ചായത്ത് അഞ്ചാംവാര്‍ഡ് ആയൂര്‍ അരങ്ങത്തുപറമ്പില്‍ മുഹമ്മദ് ഷാഹിന്‍ (23), ചെറുതുരുത്തി പഞ്ചായത്ത് പതിന്നാലാം വാര്‍ഡ് ചെറുതുരുത്തി കല്ലാടിക്കുന്നത്ത് അഷറഫ് (23), ചെറുതുരുത്തി പഞ്ചായത്ത് പതിന്നാലാം വാര്‍ഡ് ചെറുതുരുത്തി സനൂഷ് (22), മുളങ്കുന്നത്തുകാവ് ചോറ്റുപാറ വലിയവിരിപ്പില്‍ സനു (27), ചെറുതുരുത്തി പഞ്ചായത്ത് പതിന്നാലാം വാര്‍ഡ് ചെറുതുരുത്തി പാളയംകോട്ടക്കാരന്‍ വീട്ടില്‍ സജീര്‍ (30) എന്നിവരെയാണു മണ്ണഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി സ്വദേശി വളയംചിറവീട്ടില് ബിജു നടരാജനി (43)ല്‍നിന്നാണു പണംതട്ടാന്‍ ശ്രമിച്ചത്. മാരാരിക്കുളം പൊെേള്ളത്തെയില് റിസോര്‍ട്ട് വാടകയ്ക്കെടുത്തു നടത്തിവന്ന ബിജു സാമ്പത്തികബാധ്യതയെത്തുടര്ന്നാണു വായ്പയ്ക്കു ശ്രമിച്ചത്. സുഹൃത്ത് മുഖാന്തരം പണത്തിനായി തൃശ്ശൂര്‍ സ്വദേശിയായ യുവതിയെ പരിചയപ്പെട്ടു. ഇവരുടെ നിര്‍ദേശാനുസരണം കഴിഞ്ഞ മൂന്നിനു തൃശ്ശൂരിലെ ഹോട്ടലിലെത്തി. താന്‍ കോടീശ്വരനാണെന്നും തത്കാലം ചെറിയ ബുദ്ധിമുട്ടു വന്നതാണെന്നും ഇയാള്‍ യുവതിയോടു പറഞ്ഞു. ബിജുവിനെ മുറിയില്‍ നിര്‍ത്തി യുവതി പോയശേഷം അഞ്ചംഗസംഘം എത്തി യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ചു ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങളെടുത്തു 10 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. ബിജുവിനെ കാണാനില്ലെന്നുള്ള വീട്ടുകാരുടെ പരാതിയില്‍ പോലീസ് വിളിച്ചപ്പോഴും സംസാരത്തില്‍ അസ്വാഭാവികത തോന്നിയിരുന്നില്ല. ബിസിനസ് ആവശ്യവുമായി മാറിനില്ക്കുകയാണെന്നായിരുന്നു ബിജു പോലീസിനോടു പറഞ്ഞത്. തട്ടിപ്പുസംഘത്തിന്റെ നിര്‍ദേശാനുസരണമായിരുന്നു ഇതെല്ലാം. തൃശ്ശൂരിലെ ഹോട്ടലില്‍നിന്ന് ബിജുവിനെ ചെറുതുരുത്തിയിലെ ഒരു സങ്കേതത്തിലേക്കു സംഘം മാറ്റിയിരുന്നു. അവിടെ ബിജുവിനെ തടങ്കലില്‍ വെച്ചിരുന്നവരാണ് ഇപ്പോള്‍ പിടിയിലായ അഞ്ചുപേര്‍.
വഴിത്തിരിവായത് കാറിന്റെ വില്പ്പനപ്പരസ്യം
റിസോര്‍ട്ട് ഉടമയുടെ കാറുമായാണു ബിജു പോയത്. ബിജുവില്‍നിന്നു പണംകിട്ടില്ലെന്നു ബോധ്യമായതോടെ വില്‍പ്പനയ്ക്കായി കാറിന്റെ ചിത്രംസഹിതം തട്ടിപ്പുസംഘം ഓണ്ലൈന്സൈറ്റിലിട്ടു. ഈ പരസ്യംകണ്ട് ഉടമയ്ക്കു വിളിവന്നു. പോലീസില്‍ ഉടമ പരാതിനല്‍കിയതോടെ പോലീസിനു ബിജുവിനെക്കുറിച്ചു സംശയമായി. ഇതിനിടയില്‍ സംഘത്തിലെ ഒരാളുടെ ഫോണില്‍നിന്നു ബിജു പണത്തിനായി വീട്ടുകാരെ വിളിച്ചിരുന്നു. ഈ ഫോണ്നമ്പരിനെ പിന്തുടര്ന്നാണു മണ്ണഞ്ചേരി പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.ആര്. ബിജുവിന്റെ നേതൃത്വത്തില്‍ തട്ടിപ്പുസംഘത്തെ പിടികൂടിയത്. തട്ടിപ്പുസംഘം ഭീഷണിപ്പെടുത്തിയാണ് ബിജുവിനെക്കൊണ്ട് എല്ലാം ചെയ്യിച്ചതെന്നു പോലീസ് പറയുന്നു. എസ്.ഐ. അശോകന്, എ.എസ്.ഐ. ശര്‍മ, സി.പി.ഒ.മാരായ രതീഷ്, ഷൈജു, സന്തോഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..