അറസ്റ്റിലായ നബീൽ, ജുബൈസ്, മുഹമ്മദ് മുഹ്‌സിൻ, അബ്ദുൾഗഫൂർ, സതീഷ്‌കുമാർ
കൊളത്തൂർ (മലപ്പുറം): എരുമത്തടം പാലച്ചോട് റോഡിൽ യുവഡോക്ടർമാർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ്ചെയ്തു. കൊളത്തൂർ എരുമത്തടം സ്വദേശികളായ പള്ളിത്തൊടി നബീൽ (24), നരിപ്പന ജുബൈസ് (23), കരുവക്കോട്ടിൽ മുഹമ്മദ് മുഹ്‌സിൻ (21), വിളഞ്ഞിപ്പുലാൻ അബ്ദുൾഗഫൂർ (34), ഇഗിരികുന്നത്ത് സതീഷ്‌കുമാർ (കുട്ടൻ-25) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്.
ബുധനാഴ്ച രാത്രി 10 മണിക്കാണ് പണം തട്ടിയെടുത്തത്. കാറിൽ വരികയായിരുന്ന സഹപാഠികളായ ഡോക്ടറും വനിതാ ഡോക്ടറും എരുമത്തടം പാലച്ചോട് റോഡിൽ കാർ നിർത്തി സംസാരിച്ചു നിന്ന സമയത്ത് അഞ്ചു പേരടങ്ങുന്ന സംഘം രണ്ട് ബൈക്കുകളിലായെത്തി. ഇവർ കാറിന്റെ താക്കോൽ ബലമായി പിടിച്ചു വാങ്ങി ഇവരുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഇവിടെ നിന്നു പോകണമെങ്കിൽ 50,000 രൂപ തരണമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഡോക്ടറുടെ കൈയിലെ 3000 രൂപയും എ.ടി.എം. കാർഡും പിടിച്ചു വാങ്ങി. പിൻ നമ്പർ ചോദിച്ച് എ.ടി.എമ്മിൽനിന്ന് 17,000 രൂപയും തട്ടിയെടുത്തു. രാത്രി 2.30 വരെ കാർ തടഞ്ഞുവെച്ചശേഷം പുറത്തു പറയരുതെന്നു പറഞ്ഞ് വിട്ടയച്ചു.
വ്യാഴാഴ്ച ഡോക്ടർ കൊളത്തൂർ പോലീസിൽ പരാതി നൽകി.
പോലീസ് പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബൈക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പ്രതികളെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
പെരിന്തൽമണ്ണ എ.എസ്.പി രീഷ്‌മ രമേശൻ, സി.ഐ കെ.എം. ബിജു, കൊളത്തൂർ എസ്.ഐ ഷാരോൺ, സി.പി. മുരളീധരൻ, ടി. ശ്രീകുമാർ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്‌കുമാർ, മിഥുൻ, ദിനേശ്, ഷറഫുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.
Content Highlights: Five arrested for defrauding doctors
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..