Screengrab: Youtube.com|Know the law
ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവന് ജിതേന്ദ്ര ഗോഗി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. രോഹിണി ജില്ലാ കോടതിയിലെ 206-ാം നമ്പര്‍ കോടതിമുറിയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.
കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഗോഗിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേര്‍ ഗോഗിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതോടെ അക്രമികള്‍ക്ക് നേരേ പോലീസും വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ രണ്ട് അക്രമികളെ പോലീസ് വധിച്ചു.
ഗോഗിയുടെ എതിര്‍സംഘത്തിലുള്ളവരാണ് കോടതിക്കുള്ളില്‍ വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പില്‍ കലാശിച്ചത്. കോടതിക്കുള്ളില്‍ ഏകദേശം 40 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ആകെ നാലുപേര്‍ മരിച്ചെന്നും അഭിഭാഷകയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, കോടതിക്കുള്ളില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പ്രതികരിച്ചു. ടില്ലു ഗ്യാങ്ങിന്റെ ഭാഗമായ അക്രമികളാണ് ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും ഇവരെ പോലീസ് സംഘം കീഴ്പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേരാണ് കോടതിക്കുള്ളില്‍ വെടിവെപ്പ് നടത്തിയതെന്ന് രോഹിണി ഡി.സി.പി. പ്രണവ് ദായലും മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുപിന്നാലെ പോലീസ് അക്രമികള്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: firing inside delhi rohini court four killed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..