'മകള്‍ നല്‍കിയ ചുംബനം നിങ്ങള്‍ അറിഞ്ഞോ? ബൈജുവിന് പറയാനുള്ളത് പറയാന്‍ശ്രമിച്ചതാണ് ആ വീഡിയോ'; വൈറല്‍


5 min read
Read later
Print
Share

മകള്‍ വരുന്നത് വരെ നിങ്ങള്‍ക്കൊപ്പം കാത്തിരിക്കാന്‍ എല്ലാവരും തയ്യാറുമായിരുന്നു. പക്ഷേ, കൊണ്ടുവരില്ലെന്ന് അവര്‍ പലരെക്കൊണ്ടും ആവര്‍ത്തിച്ച് പറയിച്ചു. അവസാനം മകളെ കാണാതെ മടക്കിയക്കാന്‍ എല്ലാവരും നിര്‍ബന്ധിതരായി. വിറങ്ങലിച്ച നിങ്ങളുടെ ശരീരം പുറത്തെടുത്ത് വൈദികശുശ്രൂഷ ആരംഭിച്ചു. എല്ലാവരും വിങ്ങുന്ന ഹൃദയത്തോടെ നിങ്ങള്‍ക്ക് അന്ത്യചുംബനം നല്‍കി. 

വീഡിയോയിൽനിന്നുള്ള ദൃശ്യങ്ങൾ, സംവിധായകൻ പദ്മകുമാർ(വലത്ത്) | Photo: facebook.com/mbpadmakumar

കായംകുളത്ത് ജീവനൊടുക്കിയ പ്രവാസി യുവാവിന്റെ അവസാന കത്തിനുള്ള വികാരനിര്‍ഭരമായ മറുപടി വൈറല്‍. നടനും സംവിധായകനുമായ എം.ബി.പദ്മകുമാറാണ് പ്രവാസിയുടെ സംസ്‌കാരച്ചടങ്ങുകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വികാരനിര്‍ഭരമായ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ന്യൂസിലാന്‍ഡില്‍ ജോലിചെയ്തിരുന്ന കറ്റാനം സ്വദേശി ബൈജുരാജുവിനെ കഴിഞ്ഞയാഴ്ചയാണ് കായംകുളത്തെ ലോഡ്ജില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. ഇതിന് മുന്‍പ് താന്‍ ജീവനൊടുക്കാനുള്ള കാരണം വ്യക്തമാക്കി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ഒട്ടേറെപേര്‍ക്ക് ഇ-മെയിലിലൂടെ ആത്മഹത്യാക്കുറിപ്പ് അയക്കുകയും ചെയ്തു.

ഭാര്യയും ഭാര്യവീട്ടുകാരും ചതിച്ചെന്നും മകളെ തന്നില്‍നിന്ന് അകറ്റിയെന്നുമായിരുന്നു ബൈജുരാജു വീഡിയോയില്‍ ആരോപിച്ചിരുന്നത്. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രവാസിയെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബൈജുവിന്റെ അവസാന ഇ-മെയില്‍ സന്ദേശം ലഭിച്ച വ്യക്തികളില്‍ ഒരാളായിരുന്നു നടനും സംവിധായകനുമായ പദ്മകുമാര്‍. എന്നാല്‍ ഇ-മെയില്‍ കണ്ട് ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോഴേക്കും ബൈജു കടുംകൈ ചെയ്തിരുന്നുവെന്നാണ് പദ്മകുമാര്‍ പറയുന്നത്.

'' അദ്ദേഹത്തെ എനിക്കറിയില്ല, അദ്ദേഹം ഫെയ്‌സ്ബുക്കില്‍ എന്റെ ഫോളോവറാണെന്ന് തോന്നുന്നു. അദ്ദേഹം നാട്ടിലെത്തിയിട്ട് ആറുദിവസമായിരുന്നു. നാട്ടിലെത്തി കായംകുളത്ത് ഒരു ലോഡ്ജില്‍ മുറിയെടുത്ത് ആറുദിവസമായി മകളെ കാണാന്‍ശ്രമിക്കുകയായിരുന്നു. അങ്ങനെ അവസാനത്തെ ശ്രമമായിരുന്നു. കുട്ടിയെക്കുറിച്ച് വളരെ ടെന്‍ഷനിലായിരുന്നു. അവസാനനിമിഷം വരെയും എന്തൊക്കെയോ ചെയ്യാന്‍ശ്രമിച്ചു. അദ്ദേഹത്തിന്റെ അവസാന ഇ-മെയില്‍ സന്ദേശം വന്ന ഒരാള്‍ താനായിരുന്നു. ബാങ്കിലെ ലോക്കറിന്റെ വിവരങ്ങള്‍ അടക്കം ആ മെയിലിലുണ്ടായിരുന്നു. രാവിലെ വന്ന ഇ-മെയില്‍ ഉച്ചയ്ക്ക് മെയില്‍ പരിശോധിച്ചപ്പോളാണ് കണ്ടത്. അങ്ങനെയൊരു തീരുമാനം എടുക്കരുതെന്ന് മെയിലിന് മറുപടി നല്‍കി. പിന്നീട് അതിലുണ്ടായിരുന്ന നമ്പറിലേക്ക് വിളിച്ചു. അങ്ങേത്തലയ്ക്കല്‍ അച്ഛനായിരുന്നു. അപ്പോഴേക്കും ബൈജു ആത്മഹത്യ ചെയ്തിരുന്നു എന്നായിരുന്നു മറുപടി.

Also Read

പ്രവാസി യുവാവിന്റെ ആത്മഹത്യ: വീഡിയോയിലെ ...

Premium

ചുറ്റികകൊണ്ട് തലതകർത്തു, മദ്യം കൊണ്ട് കഴുകി; ...

ബൈജുവിന് പറയാനുള്ളത് എന്റെ പ്ലാറ്റ്‌ഫോമിലൂടെ പറയാന്‍ശ്രമിച്ചതാണ് വീഡിയോ. അവിടെച്ചെന്ന് ഞാന്‍ കണ്ടത്. അച്ഛന് മകളെ കാണാനുള്ള അവകാശത്തെ ചോദ്യംചെയ്തപ്പോള്‍ എനിക്കത് വേദനിച്ചു. സംസ്‌കാരത്തിന്റെ അവസാനം വരെ ഞാന്‍ അവിടെയുണ്ടായിരുന്നു. അവിടെകണ്ടത് ഞാന്‍ പകര്‍ത്തി. അവിടെ കണ്ടതും മെന്‍സ് റൈറ്റ്‌സ് ഫൗണ്ടേഷന്റെ ഇടപെടലും അവരുടെ ടെന്‍ഷനും അങ്ങനെ എല്ലാം. ഒരു കാഴ്ചക്കാരനായിട്ട് മാത്രമേ ഞാന്‍ ഉണ്ടായിരുന്നുള്ളൂ. അവസാനം ഞങ്ങളെ പുറത്താക്കിയതിന്റെ പൊരുള്‍ എനിക്ക് മനസിലായില്ല. അത് എന്തിനാണെന്ന് മാത്രം മനസിലായില്ല''- പദ്മകുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

പദ്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ഏഴായിരത്തിലേറെപേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. 40,000-ലേറെ റിയാക്ഷന്‍സും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

പദ്മകുമാര്‍ തയ്യാറാക്കിയ വീഡിയോയിലെ വാക്കുകളിലൂടെ:-

''പ്രിയപ്പെട്ട ബൈജു, അവസാനമായി കഴുത്തില്‍ കുരുക്ക് മുറുകുന്നതിന് മുന്‍പായി ലോകത്തോട് ചിലത് വിളിച്ചുപറയാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തികളില്‍ ഞാനുമുണ്ടായിരുന്നല്ലോ. ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങളെ എനിക്ക് കാണണമെന്ന് തോന്നിയത് കൊണ്ടാണ് ഇന്ന് ഞാന്‍ നിങ്ങളുടെ ശവസംസ്‌കാരചടങ്ങിനെത്തിയത്. വലിയ ആള്‍ക്കൂട്ടമൊന്നും വീട്ടുമുറ്റത്തില്ലായിരുന്നു. ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ വീട്ടുകാരുടെയും പീഡനത്താല്‍ ആത്മഹത്യചെയ്ത ഒരുസ്ത്രീയുടെ വീടായിരുന്നെങ്കില്‍ ഇന്നവിടെ ജനസമുദ്രമായേനെ. മരണമൂകത തളംകെട്ടി കിടക്കുന്ന ആ വീടിന്റെ പരിസരത്ത് എല്ലാവരും ആരെയോ കാത്തിരിക്കുന്നതായി തോന്നി. മരണത്തെ വിളിച്ച് അടുത്തിരുത്തിയപ്പോഴും ഏഴുവര്‍ഷം ജീവനെപോലെ സ്‌നേഹിച്ച മകളെ ഒരുനോക്ക് കാണാന്‍ നിങ്ങള്‍ ഒരുപാട് ശ്രമിച്ചെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അന്ന് കുരുക്ക് മുറുകി പിടഞ്ഞുതീര്‍ന്നപ്പോഴും മകളെ കാണണമെന്ന ആഗ്രഹം മായാതെ ശരീരത്തില്‍ ഉറഞ്ഞുകിടക്കുന്നുണ്ടല്ലേ. ഉരുളുന്ന ഈ മൊബൈല്‍മോര്‍ച്ചറിയില്‍ ആ ആഗ്രഹവും പേറിയാണ് ബൈജു കിടക്കുന്നതെന്ന് എനിക്കറിയാം.

തലയ്ക്കമുകളില്‍ ഞാന്‍ കണ്ടു, മകളുമൊത്തുള്ള ആ ഫോട്ടോകള്‍. അന്വേഷിച്ചപ്പോള്‍ നിങ്ങളുടെ ഭാര്യയും ഭാര്യവീട്ടുകാരും മകളെ അവസാനമായി നിങ്ങളുടെ അടുത്തെത്തിക്കില്ലെന്ന വാശിയിലാണ് പോലും. പക്ഷേ, അവസാനം അവര്‍ നിങ്ങളുടെ മകളെ നിങ്ങളെ കാണിക്കുന്നതില്‍നിന്ന് എന്തിന് തടഞ്ഞു എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു ബൈജു. എന്നെ മാത്രമല്ല, അവിടെനിന്ന ഓരോരുത്തരെയും. അവരുടെ വാദം നിങ്ങളെ കിടത്തിയിരിക്കുന്ന ഈ സ്ഥലം സംഘര്‍ഷഭരിതമാണെന്നാണ്. സംഘര്‍ഷമുള്ള സ്ഥലത്ത് കുട്ടിയെ അയക്കില്ലെന്നാണ്. കുട്ടി പേടിക്കും പോലും. ഒരുസംഘര്‍ഷവും ഇല്ലായിരുന്നു ബൈജു. ഞാന്‍ പറഞ്ഞില്ലേ, നല്ലവരായ കുറച്ച് ആള്‍ക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ. ബൈജുവിനെപ്പോലെ എല്ലാവരും ആഗ്രഹിച്ചതും മകളെ നിങ്ങളുടെ അരികിലെത്തിച്ച് കവിളില്‍ അവസാനമുത്തം തരുവാനായിരുന്നു. പലരും കാലുപിടിച്ചു, അവര്‍ സമ്മതിച്ചില്ല. പോലീസില്‍ പരാതിപ്പെട്ടു, അവര്‍ കൈയൊഴിഞ്ഞു. മകള്‍ വരും കവിളില്‍ അന്ത്യചുംബനം തരും എന്നോര്‍ത്ത് നിങ്ങള്‍ തണുത്തുറഞ്ഞ് കിടന്നപ്പോള്‍ പുറത്തെല്ലാവരും ശ്രമിക്കുകയായിരുന്നു.

മകള്‍ വരുന്നത് വരെ നിങ്ങള്‍ക്കൊപ്പം കാത്തിരിക്കാന്‍ എല്ലാവരും തയ്യാറുമായിരുന്നു. പക്ഷേ, കൊണ്ടുവരില്ലെന്ന് അവര്‍ പലരെക്കൊണ്ടും ആവര്‍ത്തിച്ച് പറയിച്ചു. അവസാനം മകളെ കാണാതെ മടക്കിയക്കാന്‍ എല്ലാവരും നിര്‍ബന്ധിതരായി. വിറങ്ങലിച്ച നിങ്ങളുടെ ശരീരം പുറത്തെടുത്ത് വൈദികശുശ്രൂഷ ആരംഭിച്ചു. എല്ലാവരും വിങ്ങുന്ന ഹൃദയത്തോടെ നിങ്ങള്‍ക്ക് അന്ത്യചുംബനം നല്‍കി.

ഞാന്‍ നിങ്ങളുടെ മുഖത്തേക്കൊന്ന് നോക്കി, ഞാന്‍ കണ്ടു, നിങ്ങളുടെ കണ്ണിന്റെ ഓരത്തെ ആ നനവ്. എല്ലാവരും ഹൃദയംതേങ്ങി കരയുകയായിരുന്നു ബൈജു. തീരുമാനിച്ച സമയത്ത് നിങ്ങളുടെ ശരീരം മണ്ണിട്ട് മൂടാന്‍ കുഴി തയ്യാറായി കഴിഞ്ഞു പള്ളിയില്‍. മകള്‍ വരില്ല, ആരുംകൊണ്ടുംവരില്ല എന്ന് തിരിച്ചറിഞ്ഞ് ആളുകള്‍ നിസ്സഹായരായി നിങ്ങളെ എടുത്ത് ആംബുലന്‍സില്‍ കിടത്തിയത് ഓര്‍മയില്ലേ. കുട്ടിയെ വിട്ടുതരില്ലെന്ന വാശിയില്‍ അമ്മയും കൂട്ടരും. കൊണ്ടുവരാനുള്ള അവസാനശ്രമം നടത്തുന്ന ബന്ധക്കാരും സ്വന്തക്കാരും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുട്ടിയെ കൊണ്ടുവരില്ലെന്ന വാശി വിജയിക്കുന്നഘട്ടത്തിലെത്തി. പിന്നെ വാശിയായി. വാശിയല്ല, നിങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം. അവിടെ ചുവന്ന ബനിയനിട്ട കുറച്ച് ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ബൈജുവിനെപ്പോലെ പെണ്ണിന്റെ വാശിയില്‍ സ്വയം കുരുക്ക് മുറുകുന്നതിന് മുന്‍പ് ജീവിതത്തിലേക്ക് തിരിച്ചുകയറി ജീവിച്ചുകാണിച്ചവരുടെ കൂട്ടായ്മ, മെന്‍സ് റൈറ്റ്‌സ് ഫൗണ്ടേഷന്‍. എല്ലാവരും കൈയൊഴിഞ്ഞിടത്ത് അവര്‍ നിലകൊണ്ടു. വിളിക്കേണ്ടവരെ വിളിച്ചു. നിയമത്തിന്റെ എല്ലാവശങ്ങളും കൊണ്ട് പോരാടി. പോരാട്ടത്തില്‍ അവര്‍ പെണ്ണിന്റെ വാശിക്ക് മുന്നില്‍ വേലികെട്ടി അടച്ചു. അവരെ സഹായിച്ച മേലധികാരികളുടെ വാദത്തിന് ശക്തമായി തടയിട്ടു. അധികാരത്തിന്റെ പിടി അയഞ്ഞുതുടങ്ങി ബൈജു. നിങ്ങളെ പുറത്തെടുത്ത് ആംബുലന്‍സില്‍ കയറ്റിയില്ലേ. അവിടെ വീണ്ടും കാത്തുനിന്നില്ലേ. അപ്പോള്‍ പൊട്ടിമുളച്ചത് പോലെ ചില ശബ്ദങ്ങള്‍ നിങ്ങളെ അസ്വസ്ഥമാക്കി പള്ളിയിലേക്ക് നിങ്ങളെ പറഞ്ഞയക്കാന്‍ തയ്യാറെടുത്തില്ലേ. അപ്പോള്‍ അതാ ഒരാള്‍ ഓടിവന്നു പറയുന്നു. പോകാന്‍ വരട്ടെ, മകള്‍ വരുന്നുണ്ടെന്ന്. ബാലാവകാശകമ്മീഷന്റെയും പോലീസ് മേലധികാരികളുടെയും ശക്തമായ ഇടപെടലില്‍ മകളെ എത്തിക്കാമെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടിവന്നു. ജയിച്ചു ബൈജു, നിങ്ങള്‍ ജയിച്ചു. നിങ്ങളുടെ അരികിലേക്ക് മകള്‍ എത്തുന്നു.

ബൈജുവിന് അവസാനം ഉറങ്ങേണ്ട ആറടി മണ്ണിനരികില്‍ മകളെ എത്തിക്കാമെന്ന ഉറപ്പില്‍ ആംബുലന്‍സ് മുന്നോട്ടുനീങ്ങി. പള്ളിയില്‍ നിങ്ങള്‍ക്കുവേണ്ട അവസാനശുശ്രൂഷ നടക്കുകയാണ്. എനിക്കറിയാം നിങ്ങള്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മകളെ കാണാനായിരുന്നു തിടുക്കം. പുറത്ത് ആള്‍ക്കാരും അക്ഷമരായി കാത്തിരിക്കുകയാണ്. സമയം നീളുന്നു. അങ്ങകലെ നിങ്ങളെകാത്ത് അനന്തവിഹായസ്സും താഴെ മണ്ണും കാത്തിരിക്കുന്നു. മകള്‍ ഇനിയും എത്തിയിട്ടില്ല. എല്ലാവരുടെയും ഹൃദയമിടിപ്പ് കൂടി. ആരൊക്കെയോ എവിടെനിന്നോ ചില ആജ്ഞകള്‍ പുറപ്പെടുവിക്കുന്നു. ഒരച്ഛന്റെ അരികില്‍ മകളെ എത്തിക്കാന്‍ എന്തിനാണ് ഇത്ര ആജ്ഞകള്‍. എന്തിനാണ് ഇത്ര ഒരുക്കുങ്ങള്‍. ഓ, നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് നിങ്ങളുടെ ശബ്ദം മറ്റാരൊക്കെയോ ഏറ്റെടുത്ത് സംസാരിക്കുകയാണ്. അവസാനം ഒരു അറിയിപ്പ് വന്നു. ഞങ്ങളാരും നിങ്ങളുടെ മകളെ കാണരുത്. അച്ഛന് മകള്‍ കൊടുക്കുന്ന അവസാനചുംബനം ലോകത്തെ കാണിക്കരുത്. മകള്‍ പേടിക്കുംപോലും. ക്യാമറയ്ക്ക് പിറകിലുള്ള ശരീരങ്ങള്‍ പുറത്ത്. അവര്‍ മനസിലാക്കിയില്ല, ഞങ്ങളാണ് ഇത്രയൊക്കെ എത്തിച്ചതെന്ന്. ശരി, ഞങ്ങള്‍ മകളെ കാണില്ലാ എന്നുപറഞ്ഞു. അവസാനം അവര്‍ എത്തി. നിങ്ങളുടെ ഭാര്യയുടെ ബന്ധുക്കള്‍ തീര്‍ത്ത സംരക്ഷണവലയത്തില്‍ മകളെയും കൊണ്ട്. ഞങ്ങളെ പുറത്താക്കി പള്ളി ട്രസ്റ്റിയും കാവല്‍നിന്നു. എനിക്ക് കാണണമെന്നുണ്ടായിരുന്നു ബൈജു. പക്ഷേ, കാണിച്ചില്ല. ശരിക്കും പുറത്താക്കി നിര്‍ത്തി.

ഒന്നുചോദിക്കട്ടെ, മകള്‍ നിങ്ങള്‍ക്ക് തന്ന ചുംബനം നിങ്ങള്‍ അറിഞ്ഞോ. അനുഭവിച്ചോ? മകള്‍ നിങ്ങളെ കണ്ടോ ബൈജു. എന്തായാലും പെട്ടെന്ന് തന്നെ അവര്‍ മകളെയുംകൊണ്ട് പോയത് ഞാന്‍ കണ്ടു. ഒരുപാട് പേരുറങ്ങുന്ന മണ്ണിന്റെ കോണില്‍ മനുഷ്യനടച്ച പേടകത്തില്‍ നിങ്ങള്‍ യാത്രയായി. എല്ലാവരും മടങ്ങിത്തുടങ്ങി. പള്ളിയില്‍ ചായസല്‍ക്കാരമുണ്ടായിരുന്നു. ചായ കുടിച്ച് എല്ലാവരുടെയും ദാഹവും ക്ഷീണവും തീര്‍ന്നു. എനിക്കറിയാം, മനുഷ്യര്‍ എന്തൊക്കെ നിങ്ങള്‍ക്കിനി നല്‍കിയാലും നിങ്ങളുടെ ദാഹം ഒരിക്കലും തീരില്ലെന്ന്. മടങ്ങുന്ന വഴി വീണ്ടും ബൈജുവിന്റെ വീട് ഞാനൊന്ന് നോക്കി. അവിടെ ആരും ഉണ്ടായിരുന്നില്ല. അവിടെ കെട്ടിയിരുന്ന ദുഃഖത്തിന്റെ അടയാളം കാറ്റിലിളകുന്നുണ്ട്. എപ്പോളോ നിങ്ങള്‍ ചിരിച്ചപ്പോള്‍ എടുത്ത ആ മുഖംപേറിയ പോസ്റ്റര്‍ ചലനമില്ലാതെ അവിടെയുണ്ട്. പക്ഷേ, അപ്പുറത്തെ വാഴകള്‍ കാറ്റില്‍ ഉലയുന്നുണ്ടായിരുന്നു. മഴ പൊടിയുന്നുണ്ടായിരുന്നു. മഴയായി, കാറ്റായി, വെയിലായി, മഞ്ഞായി ഇവിടെ ഉണ്ടാകുമോ ബൈജു നിങ്ങള്‍. കാത്തിരിക്കാം. ഞങ്ങള്‍ മടങ്ങുകയാണ് ബൈജു. ഗുഡ് ബൈ''

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: filmaker and actor mb padmakumar viral video about baiju raju who commits suicide

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kochi drugs
Premium

9 min

ഹാജി സലീം പുതിയ ദാവൂദോ?കടല്‍ വഴി ഒഴുകുന്ന ലഹരി, അമ്പരപ്പിക്കും കപ്പലുകള്‍; കൊച്ചി കേസില്‍ ഇനിയെന്ത്?

May 29, 2023


couple swap wife swap

5 min

മറയാക്കിയത് സോഷ്യൽ മീഡിയ, കുടുംബ കൂട്ടായ്മകൾ; കേരളം ഞെട്ടിയ വെളിപ്പെടുത്തല്‍; വൈഫ് സ്വാപ്പിങ്

May 20, 2023


.
Premium

9 min

909 ഭക്തര്‍ക്ക് വിഷം നല്‍കി ആത്മഹത്യ ചെയ്യിപ്പിച്ച ആൾദെെവം| Sins & Sorrows

May 15, 2023

Most Commented