കൂടത്തായി കേസിലെ പ്രധാന അന്വേഷണോദ്യോഗസ്ഥനായ റൂറൽ എസ്പി കെ ജി സൈമൺ വാർത്താസമ്മേളനത്തിൽ അഞ്ചാം കുറ്റപത്രം ഉയർത്തിക്കാണിക്കുന്നു. ഫോട്ടോ: കെ പി നിജീഷ് കുമാർ.
വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാം കുറ്റപത്രവും സമർപ്പിച്ചു. പൊന്നാമറ്റം ടോം തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശേരി മജിസ്ട്രേറ്റ് കോടതിയില്‍ വ്യാഴാഴ്ച രാവിലെ സമർപ്പിച്ചത്. സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ടോം തോമസിനെ കൊലപ്പെടുത്തിയതെന്ന് റൂറൽ എസ്.പി കെ.ജി സൈമൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 175 സാക്ഷികളും 173 രേഖകളും ഉണ്ട്. കുറ്റപത്രത്തിന് 1069 പേജുകളുണ്ട്.
മഷ്റൂം ക്യാപ്സ്യൂൾ കഴിക്കുന്ന ശീലമുള്ള ടോം തോമസിനെ അത് മുതലെടുത്ത് ക്യാപ്സൂളിൽ സയനൈഡ് നിറച്ച് നൽകിയാണ് ജോളി കൊന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വീട്ടിലെ സന്ധ്യാ പ്രാര്‍ഥനയ്ക്ക് മുമ്പാണ് ജോളി ഗുളിക നല്‍കിയത്. പ്രാർഥനയ്ക്കിടയില്‍ ടോം തോമസ് കുഴഞ്ഞു വീണു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ജോളി ഒന്നാം പ്രതിയും സയനൈഡ് കൈമാറിയ എം.എസ് മാത്യു രണ്ടാം പ്രതിയും സയനൈഡ് എത്തിച്ച് നല്‍കിയ പ്രജുകുമാര്‍ മൂന്നാം പ്രതിയുമായാണ് കുറ്റപത്രം. ജോളിയുടെ മകന്‍ റെമോയാണ് പ്രധാന സാക്ഷി. ക്യാപ്സ്യൂള്‍ നല്‍കുന്നത് കണ്ടുവെന്ന റെമോയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.
ടോം തോമസിന് ദിവസവും മഷ്റൂം ക്യാപ്സ്യൂള്‍ കഴിക്കുന്ന ശീലമുണ്ട്. അതുകൊണ്ട് തന്നെ സയനൈഡ് നിറച്ച ക്യാപ്സ്യൂള്‍ എളുപ്പത്തില്‍ ഇദ്ദേഹത്തെക്കൊണ്ട് കഴിപ്പിക്കാന്‍ ജോളിക്കായി. ആദ്യം ഓടിയെത്തിയ അയൽക്കാരും ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുമെല്ലാം സാക്ഷികളാണ്.
Content Highlights: Fifth charge sheet submitted in Koodathai Murder Case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..