Image Courtesy: twitter.com|DRovera
ബാഗ്ദാദ്: ഇറാഖിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വനിതാ ആക്ടിവിസ്റ്റിനെ വെടിവെച്ചു കൊന്നു. ഇറാഖ് ബസ്റയിലെ ഡോക്ടറായ റിഹാം യാക്കൂബാണ് കൊല്ലപ്പെട്ടത്. റിഹാമും സുഹൃത്തുക്കളും കാറിൽ സഞ്ചരിക്കുന്നതിനിടെ ബൈക്കിലെത്തിയ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ റിഹാമിനൊപ്പമുണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റു.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ സജീവമായ ആക്ടിവിസ്റ്റുകൾക്ക് നേരേ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാംതവണയാണ് ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആക്ടിവിസ്റ്റായ തഹ്സീൻ ഒസാമയും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധം വ്യാപകമായതോടെ ബസ്റയിലെ പോലീസ് മേധാവിയെയും മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെയും പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി പുറത്താക്കിയിരുന്നു. തെരുവിലിറങ്ങുകയും ഗവർണറുടെ വസതിക്ക് നേരേ ബോംബെറിയുകയും ചെയ്ത പ്രതിഷേധക്കാർ ഇതോടെയാണ് ശാന്തരായത്. ഈ സംഭവത്തിന്റെ നടുക്കം മാറും മുൻപേയാണ് വനിതാ ഡോക്ടറും കൊല്ലപ്പെട്ടത്.
2018 മുതൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിലും പൊതുരംഗത്തും സജീവമായിരുന്നു റിഹാം യാക്കൂബ്. ബസ്റയിൽ വനിതകൾ അണിനിരന്ന ഒട്ടേറെ മാർച്ചുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. നേരത്തെ യുഎസ് കോൺസുലേറ്റ് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുത്തതിനും റിഹാമിന് വധഭീഷണിയുണ്ടായിരുന്നു.
Content Highlights:female activist killed in iraq
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..