ലെനിൻ മാത്യു
ചെങ്ങന്നൂര്‍: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ.) ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിവാഗ്ദാനംചെയ്തു കോടികള്‍ തട്ടിയ കേസിലെ രണ്ടാംപ്രതിയും മുഖ്യസൂത്രധാരനുമായ ലെനിന്‍ മാത്യു(43)വിനെ ചെങ്ങന്നൂര്‍ പോലീസ് നാട്ടിലെത്തിച്ചു.
മലേഷ്യയിലേക്കു കടക്കാന്‍ ശ്രമിക്കവേ കഴിഞ്ഞദിവസം തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വെച്ചാണു പ്രതി പിടിയിലായത്.
പന്തളം കുരമ്പാല മുട്ടത്ത് നടയ്ക്കാവ് പുത്തന്‍വീട്ടില്‍ ലെനിന്‍ എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്ക്കാവില്‍ എന്ന വിലാസത്തിലാണ് കഴിഞ്ഞിരുന്നത്. തട്ടിപ്പിനുശേഷം പ്രതി ബെംഗളൂരുവിലേക്കു കടന്നു. ചെങ്ങന്നൂര്‍ പോലീസ് പരിധിയില്‍മാത്രം എട്ടു കേസുകളിലായി 1.6 കോടി രൂപയുടെ തട്ടിപ്പാണ് ജോലി വാഗ്ദാനംചെയ്തു നടത്തിയത്.
എഫ്.സി.ഐ. കണ്‍സള്‍ട്ടീവ് കമ്മിറ്റിയുടെ നോണ്‍ ഒഫീഷ്യല്‍ മെമ്പറായി 2020 ഡിസംബര്‍വരെ ലെനിന്‍ പ്രവര്‍ത്തിച്ചിരുന്നു. സൗത്ത് വെസ്റ്റ് റെയില്‍വേ സോണല്‍ റെയില്‍വേ യൂസേഴ്സ് കണ്‍സള്‍ട്ടീവ് അംഗവുമായിരുന്നു. നിലവില്‍ എല്‍.ജെ.പി. (ലോക് ജനശക്തി പാര്‍ട്ടി) എറണാകുളം ജില്ലാ പ്രസിഡന്റാണെന്നും പോലീസ് പറയുന്നു. ആറു പ്രതികളുള്ള കേസില്‍ ഒന്നാംപ്രതി മുളക്കുഴ പഞ്ചായത്ത് ബി.ജെ.പി. മുന്‍ അംഗം കാരയ്ക്കാട് മലയില്‍ സനു എന്‍. നായര്‍ (48), ബുധനൂര്‍ താഴുവേലില്‍ രാജേഷ്‌കുമാര്‍ (38) എന്നിവര്‍ ജൂലായില്‍ പോലീസില്‍ കീഴടങ്ങിയിരുന്നു.
മൂന്നു പ്രതികള്‍കൂടി പിടിയിലാകാനുണ്ട്. മറ്റു പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിനു ശ്രമിച്ചെങ്കിലും പരാതിക്കാര്‍ കോടതിയെ സമീപിച്ചതോടെ നിഷേധിക്കപ്പെട്ടു.
തട്ടിയത് 12 മുതല്‍ 20 വരെ ലക്ഷം
എഫ്.സി.ഐ. അംഗമാണെന്ന വ്യാജേനയാണ് ലെനിന്‍ ആളുകളെ സമീപിച്ചത്. ജൂനിയര്‍ ക്ലാര്‍ക്കു മുതല്‍ അക്കൗണ്ടന്റു വരെയുള്ള തസ്തികയിലേക്കു ജോലിവാഗ്ദാനംചെയ്ത് ഓരോരുത്തരില്‍നിന്ന് 12 മുതല്‍ 20 വരെ ലക്ഷംരൂപയാണു വാങ്ങിയത്.
ബെംഗളൂരു, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ആളുകളെ വിളിച്ചുവരുത്തി ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവ നടത്തി. പിന്നീട് അറിയിപ്പൊന്നും ലഭിക്കാഞ്ഞതോടെയാണ് ചിലര്‍ പോലീസില്‍ പരാതിനല്‍കിയത്.
ലെനിന്റെ മറ്റിടപാടുകളും നിരീക്ഷണത്തിലാണ്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ഡോ. ആര്‍. ജോസ്, ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യു എന്നിവരുടെ കീഴില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
ചെങ്ങന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. എസ്. നിതീഷ്, എസ്.ഐ. രാജു, സീനിയര്‍ സി.പി.ഒ. എസ്. ബാലകൃഷ്ണന്‍, സി.പി.ഒ.മാരായ അതുല്‍രാജ്, യു. ജയേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..