-
മാറനല്ലൂർ(തിരുവനന്തപുരം): എട്ടു വയസ്സുള്ള മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ച സംഭവം കണ്ടല നിവാസികൾക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. കണ്ടല കവലയ്ക്കു സമീപമുള്ള കോട്ടയിൽ വീട്ടിൽ മുഹമ്മദ് ഖനീഫയുടെ എട്ടു മക്കളിൽ അഞ്ചാമത്തെ മകനായ സലിം നാട്ടുകാർക്കെന്നും നിശ്ശബ്ദനായ ചെറുപ്പക്കാരനായിരുന്നു. സ്ഥിരമായി ജോലിയില്ലാതിരുന്ന സലിം മീൻ കൊണ്ടുപോകുന്ന വാഹനം ഓടിച്ചിരുന്ന സമയത്താണ് അടൂർ സ്വദേശിനിയായ വ്യവസായ വകുപ്പിൽ ജീവനക്കാരിയായ അമ്പിളി ദാമോദരൻ എന്ന യുവതിയുമായി അടുപ്പത്തിലായതും വിവാഹം കഴിക്കുന്നതും.
ഇവർക്ക് ജനിച്ച ആൺകുട്ടി ആഷ്ലിന് അഞ്ചു വയസ്സുള്ളപ്പോഴാണ് കാൻസർ ബാധയെ തുടർന്ന് അമ്പിളി മരണപ്പെടുന്നത്. ഇതേ തുടർന്നുണ്ടായ ആശ്രിതനിയമനത്തിൽ സലിമിന് വ്യവസായ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റായി നിയമനം ലഭിച്ചു. ജോലിക്ക് പോയിരുന്ന അവസരത്തിൽ സലിമിന്റെ സഹോദരങ്ങളാണ് മകനെ നോക്കിയിരുന്നത്. എല്ലാ ദിവസങ്ങളിലും അടൂരിലുള്ള അമ്പിളിയുടെ അച്ഛനും അമ്മയും സലിമിനെയും മകനെയും ഫോണിൽ ബന്ധപ്പെടുമായിരുന്നു. പല തവണ ചെറുമകനെ വിട്ടുതരണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. എന്നാൽ, കുഞ്ഞിനെ വിട്ടുകൊടുക്കാൻ സലിം തയ്യാറായില്ല.
ഒന്നര വർഷങ്ങൾക്കു മുമ്പ് ഇയാളുടെ ഓഫീസിലെ പത്തനംതിട്ട സ്വദേശിനിയായ ഷംലയെന്ന യുവതിയെ വിവാഹം കഴിച്ചു. കുടുംബവീടിനോടു ചേർന്നൊരു വാടക വീട്ടിലാണ് വിവാഹം ചെയ്തു കൊണ്ടുവന്നത്. എന്നാൽ, പത്തനംതിട്ട ജില്ലയിലേക്ക് സ്ഥലം മാറിപ്പോയ ഷംല തിരിച്ചുവരാൻ തയ്യാറായില്ല.
കുറച്ചുമാസങ്ങൾക്കു മുമ്പ് ഷംലയുടെ വീട്ടുകാർ വിവാഹമോചനം ആവശ്യപ്പെട്ട് കേസ് കൊടുക്കുകയും ചെയ്തു. എന്നാൽ, ഈ വിവാഹമോചന കേസ് നിലനിൽക്കെ ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിന് നിലമ്പൂരിൽനിന്ന് ഫാസില എന്ന യുവതിയെ സലിം വിവാഹം ചെയ്തു. എന്നാൽ, മൂന്നാമതു വിവാഹം നടന്നത് നാട്ടുകാർ ആരും തന്നെ അറിഞ്ഞിരുന്നില്ല. സംഭവദിവസം ബന്ധുക്കളും സുഹ്യത്തുക്കളിൽ ചിലരും പറഞ്ഞപ്പോഴാണ് വിവാഹക്കാര്യം നാട്ടുകാർ അറിയുന്നത്.
അവധിദിനങ്ങളിൽ കണ്ടലയിലെ കടകളിൽ ബൈക്കിലെത്തുന്ന സലിമിനോടൊപ്പമുള്ള മകന്റെ ഓർമകളാണ് കണ്ടല നിവാസികളെ കൂടുതൽ ദുഃഖത്തിലാഴ്ത്തുന്നത്. കണ്ടല മന്നം മെമ്മോറിയൽ സ്കൂളിൽ വിദ്യാർഥിയായിരുന്ന ആഷ്ലിൻ ഈ വർഷം മുതൽ കണ്ടല സർക്കാർ സ്കൂളിൽ രണ്ടാം ക്ലാസിൽ പ്രവേശിപ്പിച്ചിരുന്നു.
സഹോദരങ്ങളുമായി ഏറെ അടുപ്പമില്ലാത്ത പ്രകൃതക്കാരനായിരുന്ന സലിമിന് കണ്ടലയിൽ വളരെ കുറച്ച് സുഹൃത് ബന്ധമാണുണ്ടായിരുന്നത്.
Content Highlights:father commits suicide after killing son in maranallur trivandrum
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..