പഴുതടച്ച അന്വേഷണത്തിൽ മോഷണനാടകം പൊളിഞ്ഞു; 25 ദിവസങ്ങൾക്ക് ശേഷം അറസ്റ്റ്


കരിഞ്ചന്തത്തട്ടിപ്പ് മറയ്‌ക്കാൻ കള്ളക്കഥ

ലൈസൻസ് സസ്പെൻഡ് ചെയ്ത മൊതക്കരയിലെ റേഷൻകട

വെള്ളമുണ്ട: മൊതക്കരയിലെ റേഷൻകടയിലുണ്ടായ മോഷണം കരിഞ്ചന്തയിലെ അരിവിൽപ്പനയും സ്റ്റോക്ക് വെട്ടിപ്പും മറയ്ക്കാൻ ഉടമതന്നെ മെനഞ്ഞ കഥയാണെന്നതിന് കൂടുതൽ തെളിവ് ലഭിച്ചതോടെയാണ് പോലീസ് തിങ്കളാഴ്ച കടയുടമ വി. അഷ്റഫിന്റെ (45) അറസ്റ്റ് രേഖപ്പെടുത്തിയത്. കരിഞ്ചന്തത്തട്ടിപ്പ് മറയ്ക്കാനായി അഷ്റഫ് മെനഞ്ഞ കള്ളക്കഥയാണ് പോലീസ് പഴുതടച്ച അന്വേഷണത്തിലൂടെ പൊളിച്ചത്.

റേഷൻകടയിൽനിന്ന് 257 ചാക്ക് ധാന്യങ്ങൾ കളവുപോയതായാണ് അഷ്‌റഫ് നാട്ടുകാരെ അറിയിച്ചത്. 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും കളവ് പോയതായി കാണിച്ച് അഷ്റഫ് വെള്ളമുണ്ട പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ സ്ഥലത്തെത്തി പരിശോധിച്ച പോലീസിന് മോഷണം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല.

ആരും അറിയാതെ വൻമോഷണം

പ്രധാന റോഡരികിലെ റേഷൻകടയിൽ ഇത്രയും വലിയ മോഷണം നടന്നിട്ടും പരിസരവാസികളോ, അതുവഴി പോയവരോ ഒന്നും അറിഞ്ഞില്ലെന്ന കാര്യം തുടക്കത്തിൽത്തന്നെ സംശയത്തിനിടയാക്കി. പ്രദേശത്തെ നിരീക്ഷണക്യാമറകളിൽനിന്നും സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടെത്താനായില്ല. ഇതിനുശേഷം വിരലടയാള വിദഗ്ധരും ഡോഗ്‌സ്ക്വാഡും വിശദമായി പരിശോധിച്ചെങ്കിലും മോഷണത്തിലേക്ക് നയിക്കുന്ന തെളിവുകൾ കണ്ടെത്താനായില്ല. ഡോഗ് സ്ക്വാഡിന്റെ പരിശോധനയിൽ നായ അഷ്‌റഫിന്റെ വീടിനടുത്തേക്ക് പോയതും, വിരലടയാള വിദഗ്ധരുടെ പരിശോധനയിൽ കടയിൽനിന്നു കിട്ടിയ നാല് വിരലടയാളങ്ങളിൽ ഒന്ന് ഇയാളുടേതാണെന്ന് തെളിയുകയും ചെയ്തതോടെ അന്വേഷണം അഷ്‌റഫിന് നേരെയായി.

സ്റ്റോക്ക് വെട്ടിപ്പ് പുറത്തറിയാതിരിക്കാൻ കടയുടമ സ്വയം പൂട്ടുപൊളിക്കുകയും ഷട്ടറും ഗ്രില്ലും പകുതി തുറന്നിടുകയും ചെയ്തതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുകയുംകൂടി ചെയ്തതോടെയാണ് ജനുവരി 29-ന് അഷ്റഫിന് നേരെ പോലീസ് കേസെടുത്തത്. ഇത്രയും ചാക്ക് അരി എവിടേക്ക് മാറ്റി, മറ്റാരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കിൽ അയാളെ അഷ്‌റഫ് രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിച്ചത്. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസിന് ദിവസങ്ങൾ നീണ്ട അന്വേഷണം ആവശ്യമായി വന്നു. റേഷൻകടയിൽ പരിശോധനയ്ക്ക് എത്തിയ വകുപ്പ് ഉദ്യോഗസ്ഥർ, കരിഞ്ചന്തയിൽ റേഷൻകടയിൽനിന്ന് സാധനങ്ങൾ വാങ്ങിയവർ എന്നിവരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തി.

തുടക്കം മുതലേ സംശയം

കേസിന്റെ അന്വേഷണം തുടങ്ങിയതുമുതൽ ഒരു പാട് കാര്യങ്ങളിൽ സംശയമുണ്ടായിരുന്നു. അത്തരത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോയതുകൊണ്ടാണ് അഷ്‌റഫിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞത്. കേസെടുക്കുന്നതിന് മുമ്പുള്ള ചോദ്യംചെയ്യലിൽ അഷ്‌റഫ് കുറ്റം സമ്മതിച്ചിരുന്നില്ല. കൂടുതൽ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാനുമായില്ല. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കാണിച്ച അതിബുദ്ധി അഷ്‌റഫിന് തന്നെ വിനയായി.

അഷ്‌റഫ് ഷട്ടറിന്റെ താഴ് തുറന്നതിന് ശേഷം പരന്ന പ്രതലത്തിൽവെച്ചാണ് അറുത്തതെന്ന് പോലീസ് കണ്ടെത്തി. സ്ഥലം പരിശോധിച്ചപ്പോൾ താഴ് അറുത്താൽ നിലത്തുനിന്ന് കിട്ടാവുന്ന ലോഹത്തരികൾ കിട്ടാത്തതും പൂട്ടിയ താഴ് അറുക്കുമ്പോൾ ഉണ്ടാവുന്ന ചെരിവ് ഇല്ലാത്തതും സംശയം ബലപ്പെടുത്തി. പുതിയൊരു താഴ് വാങ്ങി ഷട്ടറിൽ ഇട്ടശേഷം അഷ്‌റഫിനോട് താഴ് അറുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഷട്ടറിൽവെച്ച് താഴറക്കാൻ അഷ്‌റഫിന് കഴിഞ്ഞില്ല. ഇങ്ങനെയാണ് താഴ് അറുത്തത് മോഷ്ടാക്കളല്ലെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ഇതോടെ യാഥാർഥപ്രതി അഷ്‌റഫ് തന്നെയാണെന്ന് പോലീസ് ഉറപ്പിക്കുകയും കേസെടുക്കുകയും ചെയ്തു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്താൻ ഇയാളുടെ കുറ്റസമ്മതംമാത്രം മതിയായിരുന്നില്ല. അതിനായി കൂടുതൽ തെളിവുകൾ പോലീസ് കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാനായി പുറമേനിന്നുള്ള വിദഗ്ധന്റെ സേവനവും പോലീസ് പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ സി.സി.ടി.വി.യിൽനിന്ന് മോഷണസംബന്ധമായ ദൃശ്യങ്ങളൊന്നും കിട്ടിയില്ല.

കരിഞ്ചന്തയും അട്ടി എണ്ണി തട്ടിപ്പും

റേഷൻകടയിലെ വ്യാജമോഷണക്കഥ; കടയുടമ അറസ്റ്റിൽ

അഷ്‌റഫ് റേഷൻകടയിൽനിന്ന് കരിഞ്ചന്തയിൽ സാധനങ്ങൾ വിറ്റതായും അട്ടിയെണ്ണലിൽ തട്ടിപ്പ് നടത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു. വലിയ ഗോഡൗൺ ആയതിനാൽ മുൻനിരമാത്രം എണ്ണിയാണ് ഉദ്യോഗസ്ഥർ സ്റ്റോക്ക് നിർണയിച്ചിരുന്നത്. മുന്നിൽ അരിച്ചാക്കുകളും ഗോതമ്പുചാക്കുകളും നിരത്തിവെച്ചാണ് അഷ്‌റഫ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചത്. സ്റ്റോക്ക് റൂമിൽ വലിയ തടിസ്‌ക്രീൻ സ്ഥാപിച്ചും കബളിപ്പിച്ചു. സ്‌ക്രീനിന്റെ ഒരുവശത്തെ സ്റ്റോക്ക് അതേപടി അപ്പുറത്തുമുണ്ടെന്ന് ഇയാൾ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചെന്നും പോലീസ് പറഞ്ഞു. ഒരുകിലോ അരി 25 രൂപയ്ക്കാണ് അഷ്‌റഫ് കരിഞ്ചന്തയിൽ വിറ്റിരുന്നത്. എന്നാൽ ചോദ്യം ചെയ്യലിൽ 22 രൂപയ്ക്കാണ് അരി വിറ്റിരുന്നതെന്നാണ് പോലീസിനോട് പറഞ്ഞത്. കണക്കുകൾ ഉൾപ്പെടെ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് 25 രൂപയ്ക്കാണ് അരി വിറ്റതെന്ന് വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. കാർഡില്ലെങ്കിലും ചോദിക്കുന്നവർക്കെല്ലാം റേഷൻ കടയിൽനിന്ന് അരി നൽകുമായിരുന്നു. മണ്ണെണ്ണ, പഞ്ചസാര തുടങ്ങിയ സാധനങ്ങൾമാത്രം വാങ്ങുന്ന കാർഡ് ഉടമകളുടെ അരിയും ഇയാൾ കരിഞ്ചന്തയിൽ വിറ്റിരുന്നതായി പോലീസ് പറഞ്ഞു. മൂന്ന്, നാല് മാസം കരിഞ്ചന്തയിൽ വിൽപ്പന തുടർന്നപ്പോഴാണ് സ്റ്റോക്കിൽ വലിയ കുറവുണ്ടായത്. എന്നാൽ വീണ്ടും വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വരാൻ സമയമായപ്പോൾ സ്റ്റോക്ക് കുറവ് മറച്ചുവെക്കാൻ അഷ്‌റഫിന് വേറെ മാർഗമില്ലാതായി. ഇതോടെയാണ് മോഷണക്കഥ മെനഞ്ഞത്.

ശരാശരി വിൽപ്പന 1000 കിലോ വരെ

ജില്ലയിലെതന്നെ വലിയ റേഷൻകടകളിലൊന്നാണ് അഷ്‌റഫിന്റേത്. ഒരുദിവസം 1000 കിലോ ധാന്യങ്ങളുടെ വിൽപ്പനയാണ് ഇവിടെ നടന്നിരുന്നത്. 2000 കിലോവരെ വിൽപ്പന നടന്ന ദിവസങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അഷ്‌റഫ് ഈ കാര്യം പറഞ്ഞപ്പോൾ പോലീസിനും ഇത്‌ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. അന്വേഷണത്തിലാണ് ഇതും ബോധ്യമായത്. കടയിലെ സ്റ്റോക്ക് മോഷണം പോയതല്ലെന്നും കരിഞ്ചന്തയിൽ വിറ്റതാണെന്നും കാണിച്ച് വകുപ്പ് ഉദ്യോഗസ്ഥർക്ക് പോലീസ് റിപ്പോർട്ട് നൽകും. എസ്.ഐ.മാരായ എം.ഇ. വർഗീസ്, ഇ.വി. മത്തായി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.സി.പി.ഒ. ബിജു വർഗീസ്, അബ്ദുൾഅസീസ്, ജിമ്മി ജോർജ്, സി.പി.ഒ. മനു അഗസ്റ്റിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പോലീസ് പറഞ്ഞു.

മൊതക്കരയിൽ ഇനി താത്കാലിക റേഷൻകട

എ.ആർ.ഡി. മൂന്ന് റേഷൻകടയുടെ കേസ് കഴിയുന്നതുവരെ മൊതക്കരയിൽ താത്കാലിക റേഷൻകട തുറക്കും. ഏഴേന്നാലിലെ കണിയാങ്കണ്ടി അബ്ദുള്ളയുടെ പേരിലുള്ള റേഷൻകടയുമായി അറ്റാച്ച് ചെയ്താണ് മൊതക്കരയിൽ റേഷൻ വിതരണംചെയ്യുക. ഇതിനുള്ള മുറികൾ തയ്യാറായി. അടുത്തദിവസംതന്നെ ഇവിടെ റേഷൻ വിതരണം തുടങ്ങും. ഇതോടെ ആയിരത്തിലധികംവരുന്ന റേഷൻ ഗുണഭോക്താക്കളുടെ പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരമായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented