Photo: Twitter.com|TNpolice_cz
കോയമ്പത്തൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്കിയ കേരളത്തിലെ യൂട്യൂബ് ചാനലിനെതിരേ പരാതി. കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് മാനേജ്മെന്റാണ് യൂട്യൂബ് ചാനലിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നാലെ കോയമ്പത്തൂരിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ വന്‍ ആഘോഷവും ഡി.ജെ. പാര്‍ട്ടിയും നടത്തിയെന്നായിരുന്നു യൂട്യൂബ് ചാനലിലെ വാര്‍ത്ത. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിക്കുന്നവരാണ് ഈ വിദ്യാര്‍ഥികളെന്നും ചില ദൃശ്യങ്ങള്‍ സഹിതം യൂട്യൂബ് ചാനല്‍ വാര്‍ത്ത നല്‍കുകയായിരുന്നു. ഹെലികോപ്റ്റര്‍ അപകടം നടന്നതിന്റെ പിറ്റേദിവസമായ ഡിസംബര്‍ ഒമ്പതിനാണ് പാര്‍ട്ടി നടന്നതെന്നും വാര്‍ത്തയിലുണ്ടായിരുന്നു.
എന്നാല്‍, യൂട്യൂബ് ചാനലിന്റെ വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് വെളിപ്പെടുത്തി കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് മാനേജ്മെന്റാണ് പോലീസില്‍ പരാതി നല്‍കിയത്. ഡിസംബര്‍ ഏഴാം തീയതി കോളേജ് ഹോസ്റ്റലില്‍ നടന്ന ഫ്രഷേഴ്സ് പാര്‍ട്ടിയുടെ ദൃശ്യങ്ങളാണ് ഹെലികോപ്റ്റര്‍ അപകടം ആഘോഷിക്കുന്ന ദൃശ്യങ്ങളെന്ന് പറഞ്ഞ് യൂട്യൂബ് ചാനല്‍ പുറത്തുവിട്ടതെന്നും ഇത് വ്യാജവാര്‍ത്തയാണെന്നും മാനേജ്മെന്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അപകടം നടന്നതിന്റെ പിറ്റേദിവസം കോളേജില്‍ അനുസ്മരണ പരിപാടികളടക്കം സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ വ്യാജവാര്‍ത്ത നല്‍കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും മാനേജ്മെന്റ് ആവശ്യപ്പെട്ടു.
Content Highlights: fake news about college students and helicopter crash coimbatore police fir against youtube channel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..