സ്വപ്ന സുരേഷ്. Photo: screen grab
തിരുവനന്തപുരം: എയര്‍ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജ പീഡന പരാതി ചമച്ചെന്ന കേസില്‍ സ്വപ്ന സുരേഷ് അടക്കം പത്ത് പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. സാറ്റ്സ് വൈസ് ചെയര്മാന് ബിനോയ് ജേക്കബാണ് കേസിലെ ഒന്നാംപ്രതി. സ്വപ്ന സുരേഷാണ് രണ്ടാംപ്രതി. സ്ഥാപനത്തിലെ ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
കേസെടുത്ത് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനായിരുന്ന സിബുവിനെതിരേ പ്രതികള്‍ വ്യാജ പീഡന പരാതി കെട്ടിച്ചമച്ചെന്നാണ് കേസ്. സ്ഥാപനത്തിലെ മറ്റു ചില ജീവനക്കാരികളുടെ പേരിലാണ് സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ സിബുവിനെതിരേ പരാതി നല്‍കിയിരുന്നത്. ഈ സമയം സാറ്റ്സിലെ എച്ച്.ആര്. വിഭാഗത്തില്‍ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന സുരേഷ്. പീഡന പരാതി ലഭിച്ചതിന് പിന്നാലെ സിബുവിനെതിരേ ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം നടത്തുകയും കുറ്റക്കാരനെന്ന് കണ്ടെത്തി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതിനെതിരേ സിബു മുഖ്യമന്ത്രിക്കും കോടതിയിലും പരാതി നല്കി. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.
പീഡനപരാതി വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ തുടര്‍നടപടികളിലേക്ക് ക്രൈംബ്രാഞ്ച് സംഘം കടന്നിരുന്നില്ല. പിന്നീട് സ്വപ്ന സുരേഷ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് എയര്‍ ഇന്ത്യ സാറ്റ്സ് കേസിലും നടപടികളുണ്ടായത്.
Content Highlights: Fake molestation complaint in air india sats; Charge sheet submitted against Swapna suresh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..